
ജമ്മു: എട്ട് വർഷം നീണ്ട നിശബ്ദതക്ക് വിരാമമിട്ട് അക്ഷയ് ശർമ്മ സംസാരിച്ച് തുടങ്ങി. അവന്റെ ചുണ്ടിൽ നിന്ന് ആദ്യമായി വാക്കുകൾ ഉച്ചരിച്ചു തുടങ്ങി. ഇന്ത്യൻ കരസേനയിലെ ഒരു യുവഡോക്ടറാണ് അവന്റെ ജീവിതത്തിൽ വെളിച്ചം നിറച്ച സൂപ്പര്‍ ഹീറോ. അതിർത്തി കാക്കുന്നതിനപ്പുറം മനുഷ്യരുടെ ഹൃദയങ്ങളിൽ സ്പർശിക്കാനും സൈന്യത്തിന് കഴിയുമെന്ന് തെളിയിക്കുന്ന ഒരു അപൂര്‍വ്വ നിമിഷം കൂടിയായിരുന്നു ഈ അനുഭവം.
ജന്മനാ മുച്ചുണ്ടും മുറിനാക്കും ആയിട്ടായിരുന്നു എട്ടുവയസ്സുകാരനായ അക്ഷയ് ജനിച്ചത്. മൂന്നാം വയസ്സിൽ ഒരു ശസ്ത്രക്രിയ നടത്തിയെങ്കിലും ദാരിദ്ര്യം കാരണം തുടർചികിത്സ നൽകാൻ കുടുംബത്തിന് കഴിഞ്ഞില്ല. നിത്യവൃത്തിക്ക് പണം കണ്ടെത്താൻ പാടുപെടുന്ന ആ കുടുംബത്തിന് സംസാരശേഷി വീണ്ടെടുക്കാനുള്ള പ്രത്യേക ചികിത്സ നൽകുക എന്നത് സ്വപ്നത്തിൽ പോലും ചിന്തിക്കാൻ കഴിയാത്ത കാര്യമായിരുന്നു.
എന്നാൽ, സൈന്യത്തിലെ ക്യാപ്റ്റൻ സൗരഭ് സലൂഖേ എന്ന യുവഡോക്ടർ അക്ഷയ്‌യുടെ ഗ്രാമമായ ഡെകനിൽ സേവനത്തിനെത്തിയതോടെയാണ് എല്ലാം മാറിമറിയുന്നത്. ആഴ്ചതോറും സൗജന്യ മെഡിക്കൽ ക്യാമ്പുകൾ നടത്താറുണ്ടായിരുന്ന സൈനിക മെഡിക്കൽ സംഘം അക്ഷയ്‌യെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി. കൃത്യമായ സ്പീച്ച് തെറാപ്പിയിലൂടെ അക്ഷയ്‌ക്ക് സംസാരിക്കാൻ കഴിയുമെന്ന് ഡോക്ടർ കണ്ടെത്തി. വിദൂരഗ്രാമമായതുകൊണ്ട് ഇതിനുള്ള സൗകര്യങ്ങൾ പരിമിതമായിരുന്നു. എന്നാൽ അതൊരു തടസ്സമായിരുന്നില്ല. സൈനികൻ ഒഴിവുസമയങ്ങളിൽ സ്വയം സ്പീച്ച് തെറാപ്പി ടെക്നിക്കുകൾ പഠിക്കുകയും അക്ഷയ്‌യെ പരിശീലിപ്പിക്കുകയും ചെയ്തു.
മാസങ്ങൾ നീണ്ട കഠിനാധ്വാനത്തിനൊടുവിൽ അവന്റെ ചുണ്ടുകളിൽ ആദ്യമായി വാക്കുകൾ വിരിഞ്ഞു. അവന്റെ ആദ്യത്തെ വാക്കുകൾ കേട്ട് ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അതിർത്തി കാക്കുന്ന സൈനികൻ ഹൃദയങ്ങളെ ചേർത്തു നിർത്തുന്നതിൻ്റെ ഉദാഹരണമായി ഈ സംഭവം മാറുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam