
കൂനൂര്‍: ഹെലികോപ്ടര്‍ അപകടത്തെക്കുറിച്ച് (Helicopter Crash) സംയുക്തസേനാ സംഘം കൂനൂരിലെത്തി (Coonoor) അന്വേഷണം തുടങ്ങി. അപകടം നടന്ന നഞ്ചപ്പസത്രം, അപകടത്തിന് തൊട്ട് മുമ്പ് ഹെലികോപ്ടറിന്‍റെ ദൃശ്യങ്ങൾ പകർത്തിയതെന്ന് കരുതുന്ന കൂനൂർ റെയിൽപ്പാത എന്നിവിടങ്ങളിലാണ് എയർ മാർഷൽ മാനവേന്ദ്ര സിങ്ങിൻ്റെ നേതൃത്വത്തിലുള്ള സംയുക്തസേനാ അന്വേഷണ സംഘം പരിശോധന നടത്തിയത്. പരിശോധനാ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി
റെയിൽ പാതയിൽ നിന്ന് സെക്കൻ്റുകൾ മാത്രമുള്ള വ്യോമദൂരത്തിലാണ് അപകടം നടന്നത്. ഹെലികോപ്ടര്‍ തകർന്നുവീണ നഞ്ചപ്പസത്രത്തിലെത്തിയ സംഘം ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയും പൂർത്തിയാക്കി. ഇന്നലെ കണ്ടെത്തിയ ഹെലികോപ്ടറിന്‍റെ ഡാറ്റാ റിക്കോഡർ ആകാശ അപകടങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന എയർക്രാഫ്റ്റ് ആക്സിഡന്‍റ് ഇൻവസ്റ്റിഗേഷൻ ബ്യൂറോയ്ക്ക് പരിശോധനയ്ക്കായി കൈമാറി.
തമിഴ്നാട് പൊലീസും അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഊട്ടി എഡിഎസ് പി മുത്തുമാണിക്യത്തിനാണ് അന്വേഷണ ചുമതല. അന്വേഷണ വിവരങ്ങൾ സംയുക്തസേനാ അന്വേഷണ സംഘത്തിന് കൈമാറുമെന്ന് തമിഴ്നാട് ഡിജിപി സി. ശൈലേന്ദ്രബാബു പറഞ്ഞു. രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ നഞ്ചപ്പസത്രത്തിലെ തോട്ടം തൊഴിലാളികള്‍ക്ക് ബ്ലാങ്കറ്റും വസ്ത്രങ്ങളും നൽകി തമിഴ്നാട് പൊലീസ് ആദരിച്ചു. അതിനിടെ ജീവൻ വെടിഞ്ഞ സൈനികരോടുള്ള ആദരസൂചകമായി നീലഗിരി വ്യാപാരികൾ കടകളടച്ച് ദുഖാചരണം നടത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam