
ബംഗളുരു: കര്‍ണാടകയിൽ ലോഡ്ജിൽ അതിക്രമിച്ച് കയറിയ ആറ് യുവാക്കള്‍ മുറിയിലുണ്ടായിരുന്ന സ്ത്രീയെയും പുരുഷനെയും തല്ലിച്ചതച്ചു. ഇരുവരും വ്യത്യസ്ത മതവിഭാഗങ്ങളില്‍ പെട്ടവരായിരുന്നതിന്റെ പേരിലാണ് മര്‍ദനമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സംഘം തന്നെ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. തങ്ങൾക്ക് പ്രശ്തരാവാന്‍ വേണ്ടിയാണ് ഇത് ചെയ്യുന്നതെന്നും ഇവര്‍ വീഡിയോയിൽ സൂചിപ്പിക്കുന്നുണ്ട്.
ഹവേരി ജില്ലയിലെ ഹനഗൽ താലൂക്കിലുള്ള നല്‍ഹാര ക്രോസിലെ ഒരു ലോഡ്ജിലായിരുന്നു സംഭവം. മുറിയുടെ മുന്നില്‍ അക്രമി സംഘം നില്‍ക്കുന്നതും നമ്പര്‍ പകര്‍ത്തിയ ശേഷം വാതിലിൽ മുട്ടുന്നതും വീഡിയോ ക്ലിപ്പില്‍ കാണാം. ഒരു പുരുഷന്‍ വാതിൽ തുറക്കുന്നതിന് പിന്നാലെ ആറ് പേരും മുറിക്കുള്ളിലേക്ക് ഇരച്ചു കയറി. നേരെ യുവതിയുടെ അടുത്തേക്കാണ് ഇവര്‍ ചെന്നത്. വസ്ത്രം കൊണ്ട് മുഖം മറയ്ക്കാന്‍ ശ്രമിച്ച സ്ത്രീയെ അസഭ്യം പറഞ്ഞുകൊണ്ട് ക്രൂരമായി മര്‍ദിച്ചു. ഇടിയേറ്റ് അവര്‍ നിലത്തുവീഴുന്നതും കാണാം.
ഒപ്പമുണ്ടായിരുന്ന പുരുഷനെയും മര്‍ദിച്ചു. ഇയാള്‍ മുറിക്ക് പുറത്തേക്ക് ഓടാന്‍ ശ്രമിച്ചപ്പോള്‍ സംഘത്തിലെ മൂന്ന് പേര്‍ ചേര്‍ന്ന് പിടിച്ചുവെച്ച് പിന്നെയും മര്‍ദിച്ചു. ഒരാള്‍ സ്ത്രീയെ കട്ടിലിന് അടുത്തേക്ക് കൊണ്ടുപോയപ്പോള്‍ മറ്റൊരാള്‍ അവരെ മർദിക്കുകയും നിലത്തേക്ക് വലിച്ചിഴക്കുകയും ചെയ്തു. ലോഡ്ജിന് പുറത്തുവെച്ച് ചിത്രീകരിച്ച മറ്റൊരു വീഡിയോയില്‍ യുവതി വസ്ത്രം കൊണ്ട് മുഖം മറയ്ക്കാന്‍ ശ്രമിക്കുന്നതും അക്രമി സംഘത്തിലെ ആളുകൾ അത് വലിച്ചുമാറ്റി വീഡിയോയില്‍ പകര്‍ത്തുന്നതും കാണാം.
മര്‍ദനമേറ്റ സ്ത്രീയും പുരുഷനും ഹനഗൽ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. ആറ് പേരില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. വധശ്രമം, തട്ടിക്കൊണ്ടുപോകൽ, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഘത്തിലെ നാല് പേരെക്കൂടി കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...