ആധാറും പാന്‍കാര്‍ഡും പൗരത്വ രേഖയല്ലെന്ന് വ്യക്തമാക്കി ബിജെപി നേതാവ്

By Web TeamFirst Published Jan 18, 2020, 9:54 AM IST
Highlights

അഭയാര്‍ത്ഥികള്‍ പൗരത്വ നിയമ ഭേദഗതിയിലൂടെ തന്നെ പൗരത്വം നേടണം. നിങ്ങള്‍ കൃത്യമായി വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ പ്രശ്നത്തിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ഹൗറ: ആധാറും പാന്‍ കാര്‍ഡും പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്ന് ബിജെപി പശ്ചിമ ബംഗാള്‍ അധ്യക്ഷന്‍ ദിലീപ് ഘോഷ്. എത്രയും വേഗം കേന്ദ്ര സര്‍ക്കാരിന്‍റെ പൗരത്വ നിയമ ഭേദഗതിക്ക് അനുസരിച്ച് അഭയാര്‍ത്ഥികള്‍ പൗരത്വം ലഭിക്കുന്നതിനുള്ള കാര്യങ്ങള്‍ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഹൗറയില്‍ പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് കൊണ്ടുള്ള റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറെ കാലമായി ബംഗാളില്‍ ജീവിക്കുകയും ആധാറും പാന്‍ കാര്‍ഡും ഉള്ളവരും പൗരത്വത്തിനായി അപേക്ഷിക്കേണ്ടതില്ലെന്നാണ് മുഖ്യമന്ത്രി മമത ബാനര്‍ജിയും തൃണമൂല്‍ നേതാക്കളും പ്രചരിപ്പിക്കുന്നത്.

എന്നാല്‍, ഈ വഞ്ചനയില്‍ വീഴരുതെന്ന് ദിലീപ് ഘോഷ് പറഞ്ഞു. തെറ്റിദ്ധരിപ്പിക്കല്‍ മാത്രമാണ് അത്തരം പ്രചാരണങ്ങള്‍ക്ക് പിന്നില്‍. അഭയാര്‍ത്ഥികള്‍ പൗരത്വ നിയമ ഭേദഗതിയിലൂടെ തന്നെ പൗരത്വം നേടണം. നിങ്ങള്‍ കൃത്യമായി വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ പ്രശ്നത്തിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ക്കെതിരെയും ദിലീപ് ഘോഷം രംഗത്ത് വന്നു. അയല്‍രാജ്യങ്ങളില്‍ നിന്ന് ഹിന്ദുക്കള്‍ പാലായനം ചെയ്യേണ്ട അവസ്ഥ വന്നപ്പോള്‍ ബുദ്ധിജീവികളെ തെരുവില്‍ കണ്ടില്ലല്ലോയെന്ന് അദ്ദേഹം ചോദിച്ചു. പൗരത്വ നിയമ ഭേദഗതി കൊണ്ട് വന്നത് അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കാനാണ്, അല്ലാതെ ആരുടെയും പൗരത്വം തട്ടിപ്പറിക്കാനല്ല. ജനക്കൂട്ടത്തെ തെറ്റിദ്ധരിപ്പിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്.

പൗരത്വത്തിന് അപേക്ഷിക്കാനായി  മൂന്നോ നാലോ മാസം പ്രധാനമന്ത്രി നല്‍കും. നിങ്ങള്‍ എല്ലാവരും പൗരത്വത്തിനായി അപേക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ദിലീപ് ഘോഷിന്‍റെ പ്രസ്താവനകള്‍ക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്ത് വന്നു. ആരാണ് പൗരനെന്ന് തീരുമാനിക്കാന്‍ ആരാണ് ദിലീപ് ഘോഷ് എന്നാണ് മന്ത്രി തപസ് റോയ് ചോദിച്ചത്. 

click me!