ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും ന്യൂനപക്ഷങ്ങളുടെ മനസ്സില്‍ വിഷം നിറയ്ക്കുന്നുവെന്ന് കേന്ദ്രമന്ത്രി

By Web TeamFirst Published Jan 25, 2020, 10:11 AM IST
Highlights

ദില്ലിയില്‍ ഫെബ്രുവരി എട്ടിന് 70 മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് ആംആദ്മിക്കും കോണ്‍ഗ്രസിനുമെതിരെ ബിജെപി നേതാവ് വാക്കുകള്‍ കടപ്പിച്ചിരിക്കുന്നത്. 

ദില്ലി: ഷഹീന്‍ ബാഘില്‍ നടക്കുന്ന പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. ജിന്നയുടെ സ്വാതന്ത്ര്യം വേണോ അതോ 'ഭാരത് മാതാ കി ജയ്' വേണോ എന്ന് ദില്ലിയിലെ ജനങ്ങള്‍ തീരുമാനിക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. 

ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും ചേര്‍ന്ന് ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ മനസ്സില്‍ വിഷം കുത്തിവയ്ക്കുകയാണെന്ന് ജാവദേക്കര്‍ ആരോപിച്ചു. ദില്ലിയില്‍ ഫെബ്രുവരി എട്ടിന് 70 മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് ആംആദ്മിക്കും കോണ്‍ഗ്രസിനുമെതിരെ ബിജെപി നേതാവ് വാക്കുകള്‍ കടപ്പിച്ചിരിക്കുന്നത്. 

''ജിന്ന വാലി ആസാദി'' എന്ന മുദ്രാവാക്യം അവിടെ ഉയര്‍ന്നതായി ജങ്ങള്‍ കേട്ടൂ. ഇനി ദില്ലിയിലെ ജനങ്ങള്‍ തീരുമാനിക്കണം 'ജിന്ന വാലി ആസാദി' വേണോ ' ഭാരത് മാതാ കി ജയ്' വേണോ എന്ന് ദില്ലിയിലെ ജനങ്ങള്‍ തീരുമാനിക്കേണ്ടതുണ്ട്'' - ജാവദേക്കര്‍ പറഞ്ഞു. ജാമിയ മിലിയ സര്‍വ്വകലാശാലയില്‍ ഉണ്ടായ പ്രതിഷേധത്തിന്‍റെ ചുവടുപിടിച്ചാണ് ഡിസംബര്‍ പകുതിയോടെ ഷഹീന്‍ ബാഘിലും പ്രതിഷേധം ആരംഭിച്ചത്.  

ആംആദ്മിയും കോണ്‍ഗ്രസും ചേര്‍ന്ന് രാജ്യതലസ്ഥാനത്ത് ആക്രമണങ്ങള്‍ നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. '' എന്തിനാണ് അവര്‍ ദില്ലിയില്‍ ആക്രമണങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നതെന്ന് ദില്ലിയിലെ ജനങ്ങള്‍ ചോദിക്കണം. ഷഹീന്‍ ബാഘ് പ്രതിഷേധത്തിന് പിന്നില്‍ കോണ്‍ഗ്രസും ആംആദ്മിയുമാണ്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയുമാണ് പ്രതിഷേധത്തെ പിന്തുണക്കുന്നത്.''  - ജാവദേക്കര്‍ വ്യക്തമാക്കി. 
 

click me!