Latest Videos

കേരളത്തിൽ ആംആദ്മി പാർട്ടി വൈകാതെ അക്കൗണ്ട് തുറക്കും, കോൺഗ്രസ് മരണശയ്യയിലെന്ന് രാഘവ് ഛദ്ദ എംപി

By Prasanth RaghuvamsamFirst Published May 2, 2022, 2:12 PM IST
Highlights

മൂപ്പത്തിമൂന്നുകാരനായ രാഘവ് ഛദ്ദ നിലവിൽ രാജ്യസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ്. ആംആദ്മി പാർട്ടി രാജ്യവ്യാപകമായി വളരുമെന്നും അരവിന്ദ് കെജ്രിവാളാണ് രാജ്യത്തിൻറെ ഭാവി നേതാവെന്നും രാഘവ് ഛദ്ദ പറയുന്നു. സത്യപ്രതിജ്ഞ കഴിഞ്ഞ ഉടൻ രാഘവ് ഛദ്ദ, ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈന് നല്കിയ അഭിമുഖത്തിൽ നിന്ന്...

ആം ആദ്മി പാർട്ടി പുതിയ രാഷ്ട്രീയ സംസ്ക്കാരത്തിനാണ് ഇന്ത്യയിൽ തുടക്കമിട്ടത്. കേട്ടുമടുത്ത രാഷ്ട്രീയ രീതികളിൽ നിന്നുള്ള മാറ്റം മറ്റു പാർട്ടികളെയും സ്വാധീനിച്ചു. ആംആദ്മി പാർട്ടി വാഗ്ദാനം ചെയ്ത ആ മാറ്റത്തിൻറെ മുഖങ്ങളായിരുന്നു ഇരുപത്തി മൂന്നാം വയസ്സിൽ പാർട്ടിയിലെത്തിയ രാഘവ് ഛദ്ദയും ആതിഷി മർലെനയും. രാഘവ് ഛദ്ദ ദില്ലി രാജേന്ദ്ര നഗറിൽ നിന്ന് എംഎൽഎ ആയി. പഞ്ചാബിൽ അടുത്തിടെ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ ചുമതല ഛദ്ദയ്ക്കായിരുന്നു.

പഞ്ചാബിൽ നിന്ന് രാജ്യസഭ അംഗമായി തെരഞ്ഞെടുക്കപ്പെട്ട രാഘവ് ഛദ്ദ, എംഎൽഎ സ്ഥാനം രാജിവച്ച് ഇന്ന് എംപിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭ അദ്ധ്യക്ഷൻ എം. വെങ്കയ്യ നായിഡുവിൻറെ ചേംബറിൽ എത്തിയായിരുന്നു സത്യപ്രതിജ്ഞ. മൂപ്പത്തിമൂന്നുകാരനായ രാഘവ് ഛദ്ദ നിലവിൽ രാജ്യസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ്. ആംആദ്മി പാർട്ടി രാജ്യവ്യാപകമായി വളരുമെന്നും അരവിന്ദ് കെജ്രിവാളാണ് രാജ്യത്തിൻറെ ഭാവി നേതാവെന്നും രാഘവ് ഛദ്ദ പറയുന്നു. സത്യപ്രതിജ്ഞ കഴിഞ്ഞ ഉടൻ രാഘവ് ഛദ്ദ, ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈന് നല്കിയ അഭിമുഖത്തിൽ നിന്ന്:

അരവിന്ദ് കെജ്രിവാളിനെ രാജ്യത്തിൻറെ ഭാവി നേതാവായി താങ്കൾ വിശേഷിപ്പിക്കുന്നു. എങ്ങനെ രാജ്യവ്യാപക പാർട്ടിയായി എഎപിക്ക് മാറാനാകും?

അടുത്തിടെ നടന്ന പഞ്ചാബ് തെരഞ്ഞെടുപ്പിൽ ഒരു കാര്യം വ്യക്തമായിരുന്നു. ആം ആദ്മി പാർട്ടിയും അരവിന്ദ് കെജ്രിവാളുമാണ് ബിജെപിയുടെ യഥാർത്ഥ പ്രതിപക്ഷം. കോൺഗ്രസ് പാർട്ടിക്ക് വയസ്സായി. തികച്ചും ദുർബലമായ കോൺഗ്രസ് അന്ത്യശ്വാസം വലിക്കുകയാണ്. അവർക്ക് ബിജെപിയുടെയോ നരേന്ദ്ര മോദിയുടെയോ ശക്തി നേരിടാനുള്ള ഉൾക്കരുത്തോ ഉത്സാഹമോ ഇല്ല. അതുകൊണ്ട് അഖിലേന്ത്യ തലത്തിൽ ആംആദ്മി പാർട്ടി യഥാർത്ഥ പ്രതിപക്ഷമായി മാറുകയാണ്. ഇന്ത്യയിലെ ജനങ്ങൾ അരവിന്ദ് കെജ്രിവാളാണ് മോദിയുടെ പ്രധാന എതിരാളി എന്ന് അംഗീകരിച്ചു കഴിഞ്ഞു.

( രാഘവ് ഛദ്ദ എംപി കുടുംബത്തോടൊപ്പം )

കേരളം പോലുള്ള സംസ്ഥാനങ്ങളിൽ ആം ആദ്മി പാർട്ടിക്ക് വളരാനാകുമോ? അവിടെ ഇടതുപക്ഷത്തിൻറെ സാന്നിധ്യത്തെ നേരിടാനാകുമോ?

മുന്നോട്ടു പോകവെ എല്ലാ സംസ്ഥാനങ്ങളിലും ആംആദ്മി പാർട്ടിക്ക് ശക്തി കൂട്ടേണ്ടി വരും. ഏതെങ്കിലും ഒരു സംസ്ഥാനത്ത് വളരുന്നത് അവിടുത്തെ പാർട്ടികളെ നോക്കിയല്ല. മറിച്ച് ജനങ്ങളെ നോക്കിയാണ്. പഞ്ചാബിലെ ജനങ്ങളാണ് ആംആദ്മി പാർട്ടിയെ അവിടെ വളർത്തിയത്. അവരാണ് പഞ്ചാബിൽ എഎപിക്ക് ഇടമുണ്ടാക്കിയത്. ജനങ്ങൾ എഎപി കുടുംബത്തിലെ അംഗങ്ങളായി. അതു കൊണ്ട് ഇത് ജനങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. കേരളത്തിലെ ജനങ്ങളും ഒരു മാറ്റത്തിനായി ആഗ്രഹിക്കുന്നു എന്ന് ഉറപ്പാണ്. അവിടെയും വൈകാതെ ആംആദ്മി പാർട്ടിക്ക് അക്കൗണ്ട് തുറക്കാൻ കഴിയും.

താങ്കൾ ഇപ്പോൾ രാജ്യസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ്. ‘മുതിർന്നവരുടെ സഭ’ എന്നറിയപ്പെടുന്ന രാജ്യസഭയിലെ ഈ ഉത്തരവാദിത്തത്തെ എങ്ങനെ കാണുന്നു?

അതെ ഞാനാണ് ഇപ്പോൾ ഏറ്റവും പ്രായം കുറഞ്ഞ അംഗം. എന്നെ ഗൗരവത്തോടെ മറ്റ് അംഗങ്ങൾ കാണും എന്ന് പ്രതീക്ഷിക്കുന്നു. ഒന്നും അറിയാത്ത ചെക്കൻ എന്ന മട്ടിൽ ഞാൻ പറയുന്ന കാര്യങ്ങൾ സഭ തള്ളിക്കളയില്ല എന്ന് പ്രതീക്ഷിക്കുന്നു. പക്വതയോടെ സഭയിലെ നടപടികളിൽ ഞാൻ പങ്കെടുക്കും. ഇത് അരവിന്ദ് കെജ്രിവാളിൻറെ പാർട്ടിയുടെ പ്രത്യേകതയാണ്. യുവ ഇന്ത്യയിൽ ഇത്രയും വിശ്വാസം കെജ്രിവാളിനുള്ളതു കൊണ്ടാണ് ഇത് സാധ്യമാകുന്നത്. യുവ ഇന്ത്യ ഉറ്റു നോക്കുന്ന നേതാവാണ് അരവിന്ദ് കെജ്രിവാൾ. യുവാക്കളെ ദേശീയ രാഷ്ട്രീയത്തിൻറെ മുഖ്യധാരയിൽ എത്തിക്കാൻ അദ്ദേഹം ശ്രമിക്കുകയാണ്. ഒരുപാട് കാര്യങ്ങൾ എന്നിൽ നിന്ന് പാർട്ടിയും ജനങ്ങളും പ്രതീക്ഷിക്കുന്നുണ്ട്. അത് നിറവേറ്റാൻ ശ്രമിക്കും എന്നാണ് പറയാനുള്ളത്.

click me!