ബിജെപി കെജ്‍രിവാളിന്‍റെ വീട് ആക്രമിച്ചു, സിസിടിവി തകർത്തു, ആരോപണവുമായി എഎപി

By Web TeamFirst Published Dec 13, 2020, 9:50 PM IST
Highlights

കെജ്‍രിവാളിനെ നേരത്തേ വീട്ടുതടങ്കലിലാക്കിയെന്ന് ആരോപണമുയർന്നിരുന്നു. ഇത് ദില്ലി പൊലീസ് നിഷേധിക്കുകയും ചെയ്തു. കൊവിഡ് പ്രതിസന്ധി ചൂണ്ടിക്കാട്ടി ആം ആദ്മിക്ക് പ്രതിഷേധത്തിന് അനുമതി നിഷേധിക്കുന്ന പൊലീസ് ബിജെപിക്ക് നിർലോഭം അനുമതി നൽകുന്നുവെന്നും ആപ്.

ദില്ലി: ബിജെപി പ്രവർത്തകർ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്‍റെ വീട് ആക്രമിച്ചതായി ആരോപണം. ഞായറാഴ്ച ഉച്ച തിരിഞ്ഞ് ബിജെപി പ്രവർത്തകരെത്തി കെജ്‍രിവാളിന്‍റെ വീട് ആക്രമിച്ച് സിസിടിവി ക്യാമറകൾ തല്ലിത്തകർത്തെന്നാണ് ആരോപണം. ഇതിന്‍റെ ദൃശ്യങ്ങളും ആം ആദ്മി പാർട്ടി പുറത്തുവിട്ടു. 

मुख्यमंत्री के घर के बाहर भाजपा नेताओं की तोड़फोड़।

धरने पर बैठे बीजेपी नेताओं ने मुख्यमंत्री के घर पे लगे सीसीटीवी कैमरे तोड़े। pic.twitter.com/OlFdeQfMkF

— AAP (@AamAadmiParty)

തദ്ദേശഭരണസ്ഥാപനങ്ങളിലേക്ക് ദില്ലി സർക്കാർ ഫണ്ടുകൾ നൽകുന്നില്ലെന്ന് ആരോപിച്ച്, കഴിഞ്ഞ തിങ്കളാഴ്ച മുതൽ ബിജെപി പ്രവർത്തകർ ദില്ലിയിലെ മന്ത്രിമാരുടെ വീടുകൾക്ക് മുന്നിൽ പ്രതിഷേധിക്കുകയാണ്. നേരത്തേ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീടും ആക്രമിക്കപ്പെട്ടതായി ആരോപണമുയർന്നിരുന്നു. അന്ന്, പൊലീസ് ഒന്നും ചെയ്തില്ലെന്നും, നോക്കിനിൽക്കുക മാത്രമാണ് ചെയ്തതെന്നും ആം ആദ്മി പാർട്ടി ആരോപിച്ചിരുന്നതാണ്. 

കെജ്‍രിവാളിനെ നേരത്തേ വീട്ടുതടങ്കലിലാക്കിയെന്ന് ആരോപണമുയർന്നിരുന്നു. ഇത് ദില്ലി പൊലീസ് നിഷേധിക്കുകയും ചെയ്തു. കൊവിഡ് പ്രതിസന്ധി ചൂണ്ടിക്കാട്ടി ആം ആദ്മിക്ക് പ്രതിഷേധത്തിന് അനുമതി നിഷേധിക്കുന്ന പൊലീസ് ബിജെപിക്ക് നിർലോഭം അനുമതി നൽകുന്നുവെന്നും ആപ് ആരോപിക്കുന്നു. കർഷകപ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി നടത്തിയ പ്രതിഷേധപ്രകടനത്തിനിടെ ഇന്ന് ആതിഷി മർലേനയെയും രാഘവ് ഛദ്ദയെയും അടക്കം നിരവധി നേതാക്കളെ ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും ദില്ലി ലഫ്റ്റനന്‍റ് ഗവർണർ അനിൽ ബൈജലിന്‍റെയും വീട്ടിലേക്ക് നടത്തിയ പ്രതിഷേധപ്രകടനങ്ങൾക്കിടെയാണ് ആപ് നേതാക്കളെ അറസ്റ്റ് ചെയ്തത്. 

എന്നാൽ കെജ്‍രിവാളിന്‍റെ വീട് ആക്രമിച്ചിട്ടില്ലെന്നും, മുഖ്യമന്ത്രിയുടെ വീടിന് മുന്നിൽ സമരം ചെയ്യുകയായിരുന്ന വനിതാനേതാക്കളുടെ സമരപ്പന്തലിന് മുന്നിൽ ക്യാമറകൾ കൊണ്ടുവച്ചതിനെ എതിർക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ബിജെപി നേതാക്കളുടെ വിശദീകരണം. 

ദില്ലി നോർത്ത്, സൗത്ത്, ഈസ്റ്റ് മുൻസിപ്പ‌ൽ കോർപ്പറേഷനുകൾക്കായി ലഭിക്കേണ്ട 13,000 കോടി രൂപ ദില്ലി സർക്കാർ തടഞ്ഞുവച്ചിരിക്കുകയാണെന്നാണ് ബിജെപിയുടെ ആരോപണം. എന്നാൽ 2500 കോടി രൂപയുടെ തട്ടിപ്പ് ഈ സ്ഥാപനങ്ങളിൽ നിന്നായി കണ്ടെത്തിയെന്ന് ആം ആദ്മി പാർട്ടി തിരികെയും ആരോപിക്കുന്നു.

ദില്ലി പൊലീസ് കേന്ദ്രസർക്കാരിന് കീഴിലാണ് പ്രവർത്തിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയം പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിക്കുന്നുവെന്നും ദില്ലി പൊലീസിന്‍റെ ചുമതല സർക്കാരിനെ ഏൽപിക്കണമെന്നും ഏറെക്കാലമായി ആം ആദ്മി പാർട്ടി ഉന്നയിക്കുന്ന ആവശ്യമാണ്.

click me!