
അഹമ്മദാബാദ്: ഗുജറാത്തിൽ ആം ആദ്മി പാര്‍ട്ടി സ്ഥാനാർത്ഥിയെ തട്ടിക്കൊണ്ടു പോയതായി പരാതി. സൂറത്ത് ഈസ്റ്റിലെ തങ്ങളുടെ സ്ഥാനാർത്ഥിയെ തട്ടിക്കൊണ്ടു പോയതായാണ് ആം ആദ്മി പാര്‍ട്ടി പരാതി ഉന്നയിച്ചിട്ടുള്ളത്. സ്ഥാനാര്‍ത്ഥിയായ കഞ്ചൻ ജാരിവാലയെ ഇന്നലെ മുതൽ കാണാനില്ലെന്നാണ് പരാതി. സ്ഥാനാര്‍ത്ഥിയെ തട്ടിക്കൊണ്ട് പോയത് ബിജെപി ആണെന്നും പത്രിക പിൻവലിക്കാൻ നിർബന്ധിക്കുകയാണെന്നും ആപ്പ് ആരോപിച്ചു.
എഎപി സ്ഥാനാർത്ഥിയെയും കുടുംബത്തെയും കാണാതായെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളും ആരോപണം ഉന്നയിച്ചിട്ടുണ്ട്. പത്രിക പിൻവലിക്കാൻ കഞ്ചൻ ജാരിവാലയുടെ മേല്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നു. ഇപ്പോള്‍ അദ്ദേഹത്തെ കാണാനില്ലെന്നും കെജ്‍രിവാള്‍ പറഞ്ഞു. ആദ്യം കഞ്ചന്‍റെ നാമനിർദേശ പത്രിക തള്ളാനുള്ള ശ്രമങ്ങളാണ് ബിജെപി നടത്തിയത്. എന്നാൽ അദ്ദേഹത്തിന്റെ നോമിനേഷൻ സ്വീകരിക്കപ്പെട്ടു.
പിന്നീട് നാമനിർദേശ പത്രിക പിൻവലിക്കണമെന്ന് സമ്മർദം ചെലുത്തി. സ്ഥാനാര്‍ത്ഥിയെ തട്ടിക്കൊണ്ട് പോയതാണെന്നുള്ള സംശയങ്ങളാണ് കെജ്‍രിവാള്‍ മുന്നോട്ട് വയ്ക്കുന്നത്. ബിജെപി കഞ്ചനെ അജ്ഞാത സ്ഥലത്തേക്ക് തട്ടിക്കൊണ്ട് പോയെന്ന് എഎപി ദേശീയ വക്താവും രാജ്യസഭാംഗവുമായ രാഘവ് ഛദ്ദ ആരോപണം ഉന്നയിച്ചു. ബിജെപി ആം ആദ്മിയെ വളരെയധികം ഭയപ്പെടുന്നുവെന്നാണ് പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഇസുദൻ ഗാധ്വി പ്രതികരിച്ചത്.
അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് ജനശ്രദ്ധ പിടിച്ചുപറ്റാൻ എഎപി തീവ്രശ്രമമാണ് നടത്തുന്നതെന്നാണ് വിഷയത്തില്‍ ബിജെപിയുടെ മറുപടി. സ്ഥാനാർത്ഥിയെയോ കുടുംബാംഗങ്ങളെയോ കാണാതായാൽ ആദ്യം പരാതി നൽകട്ടെ. അന്വേഷണ ഉദ്യോഗസ്ഥർ സത്യം കണ്ടെത്തും. ഒരു തെളിവുമില്ലാതെ എഎപിക്ക് ഇത്രയും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്താൻ കഴിയുമെന്നത് ഈ തെരഞ്ഞെടുപ്പിൽ പ്രസക്തമായി തുടരാനുള്ള അവരുടെ വ്യഗ്രതയാണ് കാണിക്കുന്നതെന്നും ബിജെപി വിമര്‍ശനം ഉന്നയിച്ചു. സ്ഥാനാര്‍ത്ഥിയെ കാണാനില്ലെന്നുള്ള കാര്യം എഎപി ചീഫ് ഇലക്ടറൽ ഓഫീസറെ അറിയിച്ചിട്ടുണ്ടെന്നും ഉടൻ തന്നെ ഔദ്യോഗികമായി പരാതി നൽകുമെന്നും രാഘവ് ഛദ്ദ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam