
തെലങ്കാന എം.എൽ.എ കോഴ കേസിലെ അന്വേഷണം സിറ്റിംഗ് ജഡ്ജിയുടെ മേൽനോട്ടത്തിലാക്കി തെലങ്കാന ഹൈക്കോടതി. അന്വേഷണ പുരോഗതി മുദ്രവച്ച കവറിൽ സിംഗിൾ ജഡ്ജിക്ക് നൽകണം, അന്വേഷണ വിവരങ്ങൾ പുറത്ത് പോകരുതെന്നും പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി കർശന നിർദ്ദേശം നല്‍കിയിട്ടുണ്ട്. നിര്‍ദ്ദേശം എസ്.എ.ടി തലവൻ ഉറപ്പാക്കണമെന്നും തെലങ്കാന ഹൈക്കോടതി വ്യക്തമാക്കി. അന്വേഷണത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടാകരുത്. എസ്.എ.ടി സ്വതന്ത്രമായി പ്രവർത്തിക്കണം. കേസ് വിവരങ്ങൾ ഭരണ -രാഷ്ട്രീയ നേതൃത്വങ്ങളുമായി പങ്കുവയ്ക്കരുതെന്നും ഉത്തരവ് വിശദമാക്കുന്നു. ബി.ജെ.പി നൽകിയ ഹർജിയിലാണ് ഡിവിഷൻ ബഞ്ച് 8 നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.
തെലങ്കാനയിൽ ബിജെപിക്കെതിരെ 'ഓപ്പറേഷൻ താമര' ആരോപണം ആവര്‍ത്തിച്ച് മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവാണ് രംഗത്തെത്തിയത്. എംഎൽഎമാരെ പണം നൽകി ചാക്കിലാക്കാൻ ബിജെപി നടത്തിയ ശ്രമത്തിന്റെ വീഡിയോ, കോൾ റെക്കോര്‍ഡിംഗ് തെളിവുകളടക്കം പുറത്ത് വിട്ടാണ് കെസിആര്‍ 'ഓപ്പറേഷൻ താമര' ആരോപണം നടത്തിയത്. തെലങ്കാനയില്‍ ടിആര്‍എസ് സര്‍ക്കാരിനെ അട്ടിമറിക്കാൻ എംഎല്‍എമാരെവിലയ്ക്ക് എടുക്കാന്‍ ബിജെപി ശ്രമിച്ചെന്നാണ് കെസിആര്‍ ആരോപണം. ഇതുമായി ബന്ധപ്പെട്ട് കോടികളുമായി മൂന്ന് പേരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സർക്കാരിനെ അട്ടിമറിക്കാനുള്ള മുഴുവൻ ഓപ്പറേഷന്റെയും ചുമതല തുഷാർ വെള്ളാപ്പള്ളിക്കായിരുന്നുവെന്നാണ് തെലങ്കാന മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിൽ ആരോപിച്ചത്.
കേസിൽ അറസ്റ്റിലായ മൂന്ന് ഏജന്റുമാരും തുഷാറിറെ ബന്ധപ്പെട്ടതിന്റെ ഫോൺവിവരങ്ങളും അദ്ദേഹം പുറത്തുവിട്ടിരുന്നു. തുഷാർ, അമിത് ഷായുടെ നേരിട്ടുള്ള നോമിനിയാണെന്നും കെസിആര്‍ ആരോപിച്ചിരുന്നു. കെസിആറിന്‍റെ ആരോപണം ബിജെപിയും തുഷാർ വെള്ളാപ്പള്ളിയും തള്ളിയതിന് പിന്നാലെ ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുടേതെന്ന് ആരോപിക്കുന്ന ശബ്ദരേഖയും പുറത്ത് വന്നിരുന്നു. . ടി ആർ എസിന്റെ എം എൽ എമാരുമായി കൂടിക്കാഴ്ച നടത്താമെന്ന് ശബ്ദരേഖയില്‍ തുഷാർ വെള്ളാപ്പള്ളി പറയുന്നുണ്ട്. ബിഎല്‍ സന്തോഷുമായി സംസാരിച്ച് കാര്യങ്ങള്‍ ഉറപ്പിക്കാമെന്നും ശബ്ദരേഖയില്‍ തുഷാര്‍ പറയുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam