
ദില്ലി: ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാളുമായി ദില്ലിയിൽ സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി കൂടിക്കാഴ്ച നടത്തി. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പിവി അൻവറിന് ആം ആദ്മി പാർടി പരസ്യ പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്ന സാഹചര്യത്തിൽ കൂടിയാണ് കൂടിക്കാഴ്ച. കെജ്രിവാളിന്റെ വസതിയിലാണ് കൂടിക്കാഴ്ച നടന്നത്. ദില്ലി നിയമസഭാ പ്രതിപക്ഷ നേതാവ് അതിഷി മർലേന, സിപിഎം നേതാവ് ബൃന്ദ കാരാട്ട് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം സ്വരാജാണ് എൽഡിഎഫ് സ്ഥാനാർത്ഥി. ഇടതുമുന്നണിയിൽ നിന്ന് തെറ്റിപ്പിരിഞ്ഞ് എംഎൽഎ സ്ഥാനം രാജിവച്ച പിവി അൻവർ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയാണ്. യുഡിഎഫിൽ ചേരാനുള്ള ശ്രമം നടക്കാതെ പോയതോടെയാണ് അൻവർ സ്ഥാനാർത്ഥിയായി പത്രിക നൽകിയത്. ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിൽ കെജ്രിവാളിനെ പിന്തുണച്ച് നിലപാടെടുത്തതിൻ്റെ ഭാഗമായാണ് ആം ആദ്മി പാർടി കേരള ഘടകം പിവി അൻവറിനൊപ്പം നിലപാടെടുത്തത്.
ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരിൽ പുതിയ കൂട്ടായ്മ രൂപീകരിച്ചാണ് നിലമ്പൂരിൽ പിവി അൻവർ മത്സരത്തിനിറങ്ങിയത്. തൃണമൂലിന്റെ ചിഹ്നം ഒഴിവാക്കാനും തോൽവിയുടെ ഭാരം ഒറ്റക്ക് ചുമക്കാതിരിക്കാനുമായി അൻവർ കണ്ടെത്തിയ മാർഗമാകാം ഈ മുന്നണിയെന്നാണ് വിലയിരുത്തൽ. കേരളത്തിൽ പാർട്ടിക്ക് രജിസ്ട്രേഷനില്ലെന്നും ചിഹ്നം കിട്ടാത്ത സാഹചര്യമുണ്ടായാൽ മറ്റൊരു ചിഹ്നത്തിൽ മത്സരിക്കുമെന്നും അൻവർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ അൻവറിന്റെ ചരിത്രം പരിശോധിക്കുന്നില്ലെന്നും അൻവർ ഉയർത്തിയ വിഷയങ്ങൾ മാത്രമാണ് മുന്നണിയിൽ ചേരാൻ മാനദണ്ഡമാക്കിയതെന്നും ആം ആദ്മി പാർട്ടിയുടെ സംസ്ഥാന നേതൃത്വം വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam