
ദുബായ്: മലയാളി സംഘടനയുടെ പരിപാടിയിൽ എത്തിയത് ക്ഷണിക്കപ്പെടാതെ എന്ന് വ്യക്തമാക്കി പാക് ക്രിക്കറ്റ് താരം ഷഹീദ് അഫ്രിദി രംഗത്ത്. ‘തൊട്ടടുത്തു തന്നെ കണ്ട ചിലർ കൂട്ടിക്കൊണ്ട് വേദിയിലേക്ക് പോവുകയായിരുന്നു. വിവാദത്തിൽ അത്ഭുതമെന്നും, രാഷ്ട്രീയത്തിന് മീതെയാവണം സ്പോർട്സ് എന്നും അദ്ദേഹം പറഞ്ഞു. ഖലീജ് ടൈംസ് നോടാണ് അഫ്രീദിയുടെ പ്രതികരണം. ക്രിക്കറ്റ് താരം എന്ന നിലയിൽ പാകിസ്ഥാനിൽ ലഭിക്കുന്നതിനേക്കാൾ സ്നേഹം തനിക്ക് ലഭിച്ചത് ഇന്ത്യയിൽ നിന്നാണ്, പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്നും അഫ്രിദി കൂട്ടിച്ചേര്‍ത്തു
പാക് ക്രിക്കറ്റ് താരങ്ങൾ മലയാളികളുടെ വേദിയിൽ എത്തിയ സംഭവത്തിൽ വിശദീകരണവുമായി ദുബായിലെ സംഘടകർ നേരത്തേ രംഗത്ത് വന്നിരുന്നു. അതേസഥലത്ത് മറ്റൊരു പരിപാടിക്ക് എത്തിയ താരങ്ങൾ ക്ഷണിക്കാതെ അപ്രതീക്ഷിതമായി തങ്ങളുടെ പരിപാടിയിലേക്ക് വന്നു കയറി എന്നാണ് കൊച്ചിൻ യൂണിവേഴ്സിറ്റി അലുംനി അസോസിയേഷൻ യുഎഇ ഇറക്കിയ പ്രസ്താവന. പെട്ടെന്നുള്ള വരവായതിനാൽ തടയാൻ കഴിഞ്ഞില്ലെന്നും പ്രസ്താവനയിൽ ഉണ്ട്.
തങ്ങളുടെ ഭാഗത്തു നിന്നുണ്ടായ ആശയക്കുഴപ്പത്തിനും, ആർക്കെങ്കിലും വേദനിച്ചെങ്കിൽ അതിനും ക്ഷമ ചോദിക്കുന്നുവെന്നും സംഘാടകർ വ്യക്തമാക്കിയിരുന്നു. ദുബായ് പാകിസ്ഥാൻ അസോസിയേഷൻ ഓഡിറ്ററിയത്തിൽ ആയിരുന്നു പരിപാടി. പഹൽഗാം സംഭവത്തിലും ഓപ്പറേഷൻ സിന്ദൂറിലും ഇന്ത്യയ്ക്ക് എതിരെ പ്രചരണം നയിച്ച ഷാഹിദ് അഫ്രിദി മലയാളികളുടെ വേദിയിൽ എത്തിയതിൽ രൂക്ഷവിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയര്‍ന്നത്