
ദില്ലി: ദില്ലി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിലക്കണമെന്ന ആവശ്യവുമായി എഎപി. തുടര്‍ച്ചയായ വിദ്വേഷ പ്രസംഗങ്ങളുടെ പശ്ചാത്തലത്തിലാണ് ആവശ്യം. വിദ്വേഷ പ്രസംഗങ്ങളുടെ പേരില്‍ യോഗി ആദിത്യനാഥിനെതിരെ കേസെടുക്കണമെന്ന് എഎപി നേതാവ് സഞ്ജയ് സിങ് ആവശ്യപ്പെട്ടു. ഷഹീന്‍ ബാഗില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായി പ്രതിഷേധിക്കുന്നവര്‍ കശ്മീരില്‍ തീവ്രവാദികളെ പിന്തുണയ്ക്കുന്നവരാണെന്നാണ് ശനിയാഴ്ച യോഗി ആദിത്യനാഥ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പറഞ്ഞിരുന്നു.
ആദിത്യനാഥിനെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് വിലക്കണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. ഉടന്‍ നടപടിയെടുത്തില്ലെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിന് മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തുമെന്നും സഞ്ജയ് സിങ് പറഞ്ഞു. ദില്ലിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ ഷഹീന്‍ബാഗ് സമരത്തെ കേന്ദ്രീകരിച്ച് ബിജെപി വിദ്വേഷപ്രചാരണം ഊര്‍ജിതമാക്കുകയാണ്. ശനിയാഴ്ച പങ്കെടുത്ത എല്ലാ പ്രചാരണ റാലികളിലും യോഗി ആദിത്യനാഥ് ഷഹീന്‍ബാഗ് വിഷയം ഉയര്‍ത്തിയിരുന്നു.
ഷഹീന്‍ബാഗില്‍ സമരം നടത്തുന്നവര്‍ പാകിസ്താന്റെ ഭാഷയില്‍ സംസാരിക്കുന്ന ഇന്ത്യയുടെ ശത്രുക്കളാണെന്നായിരുന്നു ഒരു റാലിയില്‍ യോഗിയുടെ പ്രസംഗിച്ചത്. സമാനമായ വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അനുരാഗ് ഠാക്കൂറിനേയും എംഎല്‍എ പര്‍വേശ് ശര്‍മ്മയേയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാറ്റിയിരുന്നു. ദില്ലിക്ക് ശുദ്ധമായ കുടിവെള്ളം നല്‍കാന്‍ കഴിയാത്ത അരവിന്ദ് കെജ്‌രിവാള്‍ ഷഹീന്‍ബാഗിലെ സമരക്കാര്‍ക്ക് ബിരിയാണി വിതരണം ചെയ്യുകയാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam