
ജലന്ധർ: പഞ്ചാബിലെ ജലന്ധർ നഗരത്തിൽ ആം ആദ്മി പാർട്ടി നേതാവ് ലക്കി ഒബ്റോയിയെ വെടിവച്ച് കൊലപ്പെടുത്തി. ജലന്ധറിലെ മോഡൽ ടൗണിലെ ഗുരുദ്വാരയ്ക്ക് സമീപം ഇന്ന് രാവിലെയാണ് സംഭവം. ലക്കി ഒബ്റോയ് വാഹനം പാർക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ബൈക്കിലെത്തിയ രണ്ട് പേർ ഇദ്ദേഹത്തിന് നേർക്ക് നിറയൊഴിക്കുകയായിരുന്നു. നിരവധി തവണ ഇവർ വെടിയുതിർത്തു. അഞ്ച് വെടിയുണ്ടകൾ ലക്കി ഒബ്റോയിയുടെ ശരീരത്തിൽ പതിച്ചു.
ആക്രമണത്തിന് പിന്നാലെ പ്രതികൾ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. നാട്ടുകാർ ചേർന്ന് പരിക്കേറ്റ് രക്തത്തിൽ കുളിച്ചുകിടന്ന നേതാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വിവരമറിഞ്ഞ് പൊലീസ് സംഘം ഉടൻ സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. അടുത്തിടെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ലക്കി ഒബ്റോയിയുടെ ഭാര്യ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
അതേസമയം സംഭവത്തിൽ സംസ്ഥാനം ഭരിക്കുന്ന ആം ആദ്മി പാർട്ടി സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പർതാപ് സിങ് ബജ്‌വ രംഗത്തെത്തി. സംസ്ഥാനത്ത് എഎപി ഭരണത്തിൽ ക്രമസമാധാന നില തകർന്നെന്നും സ്വന്തം പാർട്ടി നേതാക്കളെ പോലും സംരക്ഷിക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി നേതാക്കളായ നിരവധി പേരും വിഷയത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam