
ദില്ലി : ആംആദ്മി പാർട്ടി പിളർത്താന്‍ കൂട്ടു നിന്നാല്‍ മുഖ്യമന്ത്രി പദം നല്‍കാമെന്ന് ബിജെപി നേതാക്കൾ വാഗ്ദാനം നല്‍കിയതടക്കമുള്ള ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ആരോപണം കത്തുന്നു. ആരോപണം നിഷേധിച്ച് ബിജെപി രംഗത്തെത്തിയതോടെ ശബ്ദരേഖ പുറത്ത് വിടാനൊരുങ്ങുകയാണ് സിസോദിയയെന്നാണ് റിപ്പോർട്ട്. ഗുജറാത്തിലുള്ള സിസോദിയ ഇന്ന് ശബ്ദരേഖ പുറത്ത് വിടുമെന്നാണ് വിവരം.
മദ്യനയ കേസില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം തുടരുന്നതിനിടെയാണ് ബിജെപിക്കെതിരെ മനീഷ് സിസോദിയ ഗുരുതര ആരോപണമുയർത്തിയത്. ആംആദ്മി പാർട്ടിയെ പിളർത്താന്‍ ഒപ്പം നിന്നാല്‍ മുഖ്യമന്ത്രിപദം നല്‍കാമെന്നും, കേസുകളില്‍നിന്ന് ഒഴിവാക്കാമെന്നും ബിജെപിയില്‍നിന്നും വാഗ്ദാനം ലഭിച്ചതായാണ് സിസോദിയ വെളിപ്പെടുത്തിയത്.
മദ്യനയ കേസില്‍ സിബിഐയും, ഇഡിയും നടപടികള്‍ കടുപ്പിക്കുമ്പോഴാണ് പിന്നിലെ രാഷ്ട്രീയ ഇടപടല്‍ പൊളിക്കുന്നുവെന്ന പരോക്ഷ സന്ദേശവുമായി മനീഷ് സിസോദിയ ബിജെപിക്കെതിരെ ആഞ്ഞടിച്ചത്. 'ആംആദ്മി പാര്‍ട്ടി വിടുക, ബിജെപിയില്‍ ചേരുക' എന്ന സന്ദേശം കിട്ടിയെന്ന് പറഞ്ഞ സിസോദിയ, ആംആദ്മി പാർട്ടിയെ പിളർത്താന്‍ കൂട്ടുനിന്നാല്‍ മുഖ്യമന്ത്രി പദം നല്‍കാമെന്നും വാഗ്ദാനം ലഭിച്ചെന്നും എന്നാൽ താനെന്നും കെജ്രിവാളിനൊപ്പമുണ്ടാകുമെന്നും വ്യക്തമാക്കി.
വലവിരിച്ച് കേന്ദ്ര ഏജന്‍സികൾ, മദ്യനയത്തിൽ കുരുങ്ങി ആംആദ്മി, സിസോദിയ അകത്താകുമോ ?
രണ്ടുദിവസത്തെ സന്ദർശനത്തിനായി കെജ്രിവാളിനൊപ്പം ഗുജറാത്തിലെത്തിയ സിസോദിയ അഹമ്മദാബാദില്‍ വാർത്താ സമ്മേളനം നടത്തിയാണ് ഗുരുതര ആരോപണങ്ങളുന്നയിച്ചത്. എന്നാല്‍ ഏത് ബിജെപി നേതാവാണ് വാഗ്ദാനം നല്‍കിയതെന്ന് വ്യക്തമാക്കിയിട്ടില്ല. തല പോയാലും ബിജെപിയിലേക്കില്ലെന്നും വിശദീകരിച്ച സിസോദിയ ആംആദ്മി പാര്‍ട്ടിയുടെ അടുത്ത ഉന്നം ഗുജറാത്താണെന്നും മുഖ്യമന്ത്രി പദവിയാഗ്രഹിക്കാത്ത താൻ, അരവിന്ദ് കെജ്രിവാളിനൊപ്പം എന്നുമുണ്ടാകും ആവർത്തിച്ചു.
സിസോദിയക്ക് പിന്നാലെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കേന്ദ്രസര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമുയര്‍ത്തി. വിലക്കയറ്റത്തിലും, തൊഴിലില്ലായ്മയിലും രാജ്യം വലയുമ്പോള്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കേന്ദ്രം വൃത്തികെട്ട രാഷ്ടീയം കളിക്കുകയാണെന്ന് കെജ്രിവാള്‍ കുറ്റപ്പെടുത്തി.
'സ്വാധീനിക്കാൻ ശ്രമം, ബിജെപിയിൽ ചേർന്നാൽ കേസ് ഒഴിവാക്കി തരാമെന്ന് സന്ദേശം ലഭിച്ചു' : സിസോദിയ
അതേ സമയം സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ എന്തുകൊണ്ട് മദ്യനയം പിന്‍വലിച്ചുവെന്ന ചോദ്യത്തിലെ സിസോദിയയുടെയും സര്‍ക്കാരിന്‍റെയും മൗനം കുറ്റസമ്മതമാണെന്നാണണ് ബിജെപി ആരോപിക്കുന്നത്. ഇരുപത്തിനാല് മണിക്കൂര്‍ സമയം നല്‍കിയിട്ടും മറുപടി നല്‍കാത്ത കെജ്രിവാളാണ് അഴിമതിയുടെ സൂത്രധാരനെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ കുറ്റപ്പെടുത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam