Asianet News MalayalamAsianet News Malayalam

വലവിരിച്ച് കേന്ദ്ര ഏജന്‍സികൾ, മദ്യനയത്തിൽ കുരുങ്ങി ആംആദ്മി, സിസോദിയ അകത്താകുമോ ?

2021 നവംബർ മുതലാണ് പുതിയ മദ്യനയം ദില്ലി സർക്കാർ നടപ്പാക്കി തുടങ്ങിയത്. അതുവരെ സർക്കാറിന്‍റെയും സ്വകാര്യവ്യക്തികളുടെയും ഉടമസ്ഥതയിലുള്ള വിവിധ ഔട്ലെറ്റുകളിലൂടെയായിരുന്നു രാജ്യതലസ്ഥാനത്ത് മദ്യവില്‍പന.

what is delhi liquor policy scam and why deputy chief minister manish sisodia involved
Author
Delhi, First Published Aug 21, 2022, 9:41 AM IST

ദില്ലി : ദില്ലിയിലെ ആംആദ്മി സർക്കാറിനുമേല്‍ കേന്ദ്ര ഏജന്‍സികൾ കുരുക്കിടാന്‍ പുതിയ മദ്യനയമാണ് കാരണമായിത്തീർന്നത്. ദില്ലി ഉപമുഖ്യമന്ത്രി തന്നെ ഒന്നാം പ്രതിയായ കേസിൽ സിബിഐക്ക് പുറമേ ഇഡിയും അന്വേഷണത്തിലേക്ക് കടക്കുമ്പോൾ എന്താണ് മദ്യനയമെന്ന് പരിശോധിക്കാം. 

2021 നവംബർ മുതലാണ് പുതിയ മദ്യനയം ദില്ലി സർക്കാർ നടപ്പാക്കി തുടങ്ങിയത്. അതുവരെ സർക്കാറിന്‍റെയും സ്വകാര്യവ്യക്തികളുടെയും ഉടമസ്ഥതയിലുള്ള വിവിധ ഔട്ലെറ്റുകളിലൂടെയായിരുന്നു രാജ്യതലസ്ഥാനത്ത് മദ്യവില്‍പന. പുതുക്കിയ മദ്യനയ പ്രകാരം സർക്കാർ മദ്യവില്‍പനയില്‍ നിന്നും പൂർണമായി പിന്‍മാറി. ദില്ലിയെ 32 സോണുകളാക്കി തിരിച്ച് ഓരോ സോണിലും 27 ഷോപ്പുകൾ വീതം 864 ഔട്ലെറ്റുകൾക്കാണ് ടെന്‍ഡർ വിളിച്ച് അനുമതി നല്‍കിയത്. 

മദ്യമാഫിയയെ ഇല്ലാതാക്കാനാണ് നടപടിയെന്നാണ് ആംആദ്മി സർക്കാർ വിശദീകരിച്ചെങ്കിലും കാര്യങ്ങൾ മറിച്ചാണ് സംഭവിച്ചതെന്ന് പിന്നീട് വ്യക്തമായി. പുതിയ സ്വകാര്യ ഔട്ലെറ്റുകളിലൂടെ മത്സരിച്ച് വില്‍പന തുടങ്ങിയതോടെ മദ്യത്തിന്‍റെ ഗുണനിലവാരം സംബന്ധിച്ച് വ്യാപക പരാതികളുയർന്നു. മദ്യനയം നടപ്പാക്കിയ രീതിയില്‍ അഴിമതിയുണ്ടെന്ന സംശയവും ശക്തമായി. 

ആപ്പ് മന്ത്രിസഭയിലെ രണ്ടാമന്റെ വസതിയിൽ സിബിഐ റെയ്ഡ്; 'വെൽക്കം' ട്വീറ്റുമായി സിസോദിയ, ഏറ്റെടുത്ത് കെജ്രിവാൾ

പിന്നാലെ വിഷയം പരിശോധിച്ച ചീഫ് സെക്രട്ടറി പുതിയ മദ്യനയം നടപ്പാക്കിയതില്‍ ചട്ടങ്ങൾ ലംഘിക്കപ്പെട്ടതായി കണ്ടെത്തി. ലൈസന്‍സ് ഫീ ആയി നല്‍കിയ 144.36 കോടി രൂപയുടെ ഇളവ് അടക്കമുള്ള നടപടികൾ സർക്കാറിന് വലിയ വരുമാന നഷ്ടമുണ്ടാക്കിയെന്നും, ഗവർണറുടെ അനുമതിയില്ലാതെയാണ് നടപടികൾ സ്വീകരിച്ചതെന്നും ചീഫ് സെക്രട്ടറി ഗവർണർക്കും ദില്ലി മുഖ്യമന്ത്രിക്കും നല്‍കിയ റിപ്പോർട്ടില്‍ പറയുന്നു. ഇതോടൊപ്പം പുതുതായി ചുമതലയേറ്റ ദില്ലി ലഫ് ഗവർണർ വൈഭവ് സക്സേനയ്ക്കും ഇത് സംബന്ധിച്ച് ചില പരാതികൾ ലഭിച്ചു. ഗവർണർ പരാതിയില്‍ സിബിഐ അന്വേഷണത്തിന് നിർദേശം നല്‍കി. പിന്നാലെ അപകടം മണത്ത ആം ആദ്മി സർക്കാർ ജൂലൈ 30 ന് മദ്യനയത്തില്‍നിന്നും പിന്‍മാറി. ആഗസ്റ്റ് മുതല്‍ പഴയ മദ്യനയം തന്നെ നടപ്പാക്കുമെന്നും സർക്കാർ ഔട്ലെറ്റുകളിലൂടെ മാത്രം മദ്യവില്‍പന നടത്തുമെന്നും മനീഷ് സിസോദിയ പ്രഖ്യാപിച്ചു. എങ്കിലും സിബിഐ അപ്പോഴേക്കും അന്വേഷണം തുടങ്ങികഴിഞ്ഞിരുന്നു. 

പിടിമുറുക്കി കേന്ദ്ര ഏജൻസികൾ; സിസോദിയക്കെതിരെ ഇഡിയും, സിബിഐയോട് കേസ് വിവരങ്ങൾ തേടി?

എന്താണ് ദില്ലി മദ്യനയ കേസ് ?

എക്സൈസ് വകുപ്പടക്കം ഭരിക്കുന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കം 15 പേരെ പ്രതികളാക്കിയാണ് സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. സിസോദിയയാണ് ഒന്നാം പ്രതി. ദില്ലി എക്സൈസ് കമ്മീഷണറായിരുന്ന അരവ ഗോപി കൃഷ്ണ, മുതി‍ർന്ന രണ്ട് എക്സൈസ് ഉദ്യോഗസ്ഥർ എന്നിവർ സിസോദിയയുമായി ചേർന്ന് ചട്ടം ലംഘിച്ച് മദ്യ വ്യാപാരികൾക്ക് അനധികൃതമായി ടെണ്ടർ ഒപ്പിച്ച് നല്‍കിയെന്നാണ് സിബിഐ കണ്ടെത്തല്‍. മലയാളിയും വ്യവസായിയുമായ വിജയ് നായർ അടക്കമുള്ള ചില വ്യാപാരികളും പുതിയ മദ്യനയത്തിന് രൂപം നല്‍കുന്നതില്‍ നിർണായക പങ്കുവഹിച്ചു. സിസോദിയയുമായി അടുപ്പമുള്ളവർക്ക് ഇവർ കോടികൾ കൈമാറിയെന്നും, ഇത് കമ്മീഷന്‍ തുകയാണെന്നും സിബിഐ എഫ്ഐആറില്‍ പറയുന്നു.

കേസില്‍ സിബിഐ നടപടികൾ തുടരുകയാണ്. സിസോദിയയുടെ വീട്ടിലടക്കം രാജ്യത്ത് 31 ഇടങ്ങളില്‍ പരിശോധന നടത്തിയ സിബിഐ പ്രതികളെ ഓരോരുത്തരെയായി ചോദ്യം ചെയ്യാനും വിളിപ്പിക്കുന്നുണ്ട്. കണക്കില്‍പെടാത്ത കോടികളുടെ ഇടപാട് നടന്നുവെന്ന് ആരോപിക്കപ്പെടുന്ന കേസില്‍ ഇഡിയും അന്വേഷണം തുടങ്ങിയിട്ടുണ്ട്. എന്നാല്‍ രാജ്യത്തെ ഏറ്റവും മികച്ച മദ്യ നയമാണ് നടപ്പാക്കിയതെന്നും ഒരഴിമതിയും നടത്തിയിട്ടില്ലെന്നുമാണ് സിസോദിയ ആവർത്തിക്കുന്നത്. കടയുടമകളെ കേന്ദ്ര ഏജന്സികളെ കാണിച്ച് വിരട്ടി, ഗവർണറുമായി ഗൂഢാലോചന നടത്തിയാണ് മദ്യ നയത്തെ തകർത്തതെന്നും സിസോദിയ പറയുന്നു. ഏതായാലും വിവിധ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പടുത്തിരിക്കേ കേസിലെ നടപടികൾ ആംആദ്മി പാർട്ടിക്ക് നിർണായകമാണ്.

Follow Us:
Download App:
  • android
  • ios