
ദില്ലി: ദില്ലി മുൻസിപ്പൽ കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പിൽ ചരിത്ര വിജയവുമായി ആം ആദ്മി പാര്‍ട്ടി അധികാരത്തിലേക്ക് എത്തുകയാണ്. 134 സീറ്റിൽ ജയിച്ചുകയറിയ ആം ആദ്മിക്ക് ഇത് ചരിത്ര മുഹൂര്‍ത്തമാണ്. ആപ്പിന്റെ വിജയത്തിന് ഇരട്ടി മധുരമേകുന്ന മറ്റൊരു അപൂര്‍വ വിജയം കൂടി ഈ തെരഞ്ഞെടുപ്പിൽ ഉണ്ടായി. ആം ആദ്മി പാർട്ടിയുടെ ട്രാൻസ്ജെൻഡർ സ്ഥാനാർത്ഥിയും വിജയിച്ചതാണത്. സുൽത്താൻപുരി എ വാർഡിലെ സ്ഥാനാർത്ഥി ബോബി കിനാറാണ് 6714 വോട്ടിന് വിജയിച്ചത്. കോൺഗ്രസ് സ്ഥാനാർഥി വരുണ ധാക്കയെ പരാജയപ്പെടുത്തിയാണ് ചരിത്രത്തിലേക്ക് ബോബി നടന്നുകയറിയത്. ദില്ലി മുനിസിപ്പിൽ തെരഞ്ഞെടുപ്പിൽ ചരിത്രത്തിലാദ്യമായാണ് ട്രാൻസ്ജെൻഡര്‍ സ്ഥാനാത്ഥി വിജയിക്കുന്നത്. എനിക്ക് വേണ്ടി കഠിനമായി പ്രയത്നിച്ചവര്‍ക്ക് ഞാൻ വിജയം സമര്‍പ്പിക്കുന്നു. എന്റെ പ്രദേശത്തിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കുമെന്ന് ബോബി പ്രതികരിച്ചു.
സുൽത്താൻപുരിക്ക് പരിചിത മുഖമാണ് ബോബി. 2017-ൽ മുൻസിപ്പൽ കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പിൽ സ്വതന്ത്രയായി ബോബി മത്സരിച്ചിരുന്നു. ഭിന്നശേഷിക്കാര്‍ക്ക് വേണ്ടിയും കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടിയും അഹോരാത്രം പ്രവര്‍ത്തിച്ച സാമൂഹിക പ്രവര്‍ത്തക എന്ന നിലയിലായിരുന്നു ബോബി അറിയപ്പെട്ടിരുന്നത്. ദില്ലി ആസ്ഥാനമായ ഹിന്ദു യുവ സമാജ് ഏക്താ ആവാം ആന്റി ടെററിസം കമ്മിറ്റിയുടെ പ്രസിഡന്റ് കൂടിയാണ് 38 -കാരിയായ ബോബി. 15-ാം വയസിലാണ് ബോബി ട്രാൻസ്ജെൻഡർ സമൂഹത്തിന്റെ ഭാഗമായത്.
ഈ തെരഞ്ഞെടുപ്പിൽ ഓരോ വീടുകളും കയറി മികച്ച പ്രചാരണമായിരുന്നു അവര്‍ നടത്തിയത്. 2011 മുതൽ ആം ആദ്മി പാര്‍ട്ടിയുമായി സഹകരിച്ചായിരുന്നു ബോബിയുടെ പ്രവര്‍ത്തനങ്ങൾ. എന്റെ പ്രദേശം സുന്ദരമാക്കുമെന്നും കോര്‍പ്പറേഷനിൽ അഴിമതി തുടച്ചുനീക്കാൻ പ്രവര്‍ത്തിക്കുമെന്നും ആയിരുന്നു പ്രചാരണ വേളയിൽ ബോബി മുന്നോട്ടുവച്ച വാഗ്ദാനങ്ങൾ.
അതേസമയം ദില്ലി മുൻസിപ്പൽ കോർപ്പറേഷന്‍റെ കൂടി അധികാരം നേടി രാജ്യതലസ്ഥാനത്തെ രാഷ്ട്രീയ അപ്രമാദിത്വം നിലനിര്‍ത്തിയിരിക്കുകയാണ് ആം ആദ്മി പാർട്ടി. ആകെയുള്ള 250 സീറ്റുകളില്‍ 134 സീറ്റുകളിലും വിജയിച്ച് ആം ആദ്മി പാർട്ടി കേവലഭൂരിപക്ഷം നേടി. 15 വർഷം ദില്ലി മുൻസിപ്പൽ കോർപ്പറേഷൻ ഭരിച്ച ബിജെപിയെ തകർത്താണ് ആം ആദ്മിയുടെ ചരിത്ര വിജയം. കേന്ദ്ര സർക്കാരിന്‍റെ നീക്കങ്ങളെ ശക്തമായി ചെറുത്താണ് അരവിന്ദ് കെജ്രിവാളിന്‍റെ ഈ വിജയം. ബിജെപി 104 സീറ്റിലും വിജയിച്ചു. അതേസമയം, ഒമ്പത് സീറ്റിലേയ്ക്ക് ചുരുങ്ങിയ കോണ്‍ഗ്രസ് നിലം പരിശായി.
Read more: ദില്ലിയിൽ ആം ആദ്മി പാർട്ടി ചരിത്ര വിജയത്തിലേക്ക്; ബിജെപിയുടെ കുത്തക തകർത്തു, നിലംപരിശായി കോൺഗ്രസ്
ആംആദ്മി പാർട്ടി രൂപീകരിച്ച് രണ്ടാം കൊല്ലമാണ് ദില്ലി നിയമസഭയുടെ അധികാരം അരവിന്ദ് കെജ്രിവാൾ നേടിയത്. പത്ത് കൊല്ലത്തിന് ശേഷം എംസിഡി കൂടി നേടി രാജ്യ തലസ്ഥാനത്തെ രാഷ്ട്രീയ അധികാരം ഏതാണ്ട് കൈക്കലാക്കുകയാണ് എഎപി. നരേന്ദ്ര മോദി അധികാരത്തിലിരിക്കുന്ന ദില്ലിയിലെ ഈ വിജയം അരവിന്ദ് കെജ്രിവാളിൻ്റെ ഭാവി പദ്ധതികൾക്ക് ഊർജ്ജം നല്‍കും. കെജ്രിവാളിൻ്റെ ഈ വിജയം ബിജെപി മുൻകൂട്ടി കണ്ടിരുന്നു. എംസിഡി ഉദ്യോഗസ്ഥരുടെ നിയന്ത്രണം കൂടി കേന്ദ്ര സർക്കാരിന് കീഴിലാക്കിയത് അതിനാലാണ്. കേന്ദ്ര സർക്കാരുമായി നിരന്തരം ഏറ്റുമുട്ടിയാണ് എഎപി ഈ വിജയം നേടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam