
ദില്ലി: ദില്ലി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്‍നിനെതിരെ ബിജെപി കള്ളക്കേസെടുക്കുകയായിരുന്നുവെന്ന് ആംആദ്മി (Aam Aadmi Party). നടപടി രാഷ്ട്രീയ പ്രേരിതമാണ്. സിബിഐയും നേരത്തെ ജെയിനിനെ കുടുക്കാന്‍ നോക്കിയതാണെന്നും ആംആദ്മി ആരോപിച്ചു. ഹിമാചല്‍ പ്രദേശിലെ തെരഞ്ഞെടുപ്പ് ചുമതലയുള്ള സത്യേന്ദ്ര ജെയിനെ തോല്‍വി ഭയന്നാണ് ബിജെപി അറസ്റ്റ് ചെയ്തതെന്ന് ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ട്വിറ്ററില്‍ കുറിച്ചു.
കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തിയ പഞ്ചാബ് ആരോഗ്യമന്ത്രിയെ ആംആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി തന്നെ പുറത്താക്കി ദിവസങ്ങൾക്കകമാണ് ദില്ലി ആരോഗ്യമന്ത്രിയെ കേന്ദ്ര ഏജന്‍സി പൊക്കിയത്. 2015 - 16 കാലയളവില്‍ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥനായിരിക്കെ സത്യേന്ദ്ര ജെയിന്‍ വിവിധ കടലാസ് കമ്പനികളിലൂടെ 4.81 കോടി രൂപ അനധികൃതമായി കൈപ്പറ്റിയെന്നും പണം കൊല്‍ക്കത്തയിലേക്ക് ഹവാല ഇടപാടിലൂടെ കടത്തിയെന്നുമാണ് എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റിന്‍റെ കണ്ടെത്തല്‍. ഈ പണമുപയോഗിച്ച് മന്ത്രി ദില്ലിയില്‍ ഭൂമി വാങ്ങിയെന്നും ഇഡി പറയുന്നു.
ഏപ്രിലില്‍ ഈ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിയിരുന്നു. 2017 ല്‍ സിബിഐയും സമാന പരാതിയില്‍ മന്ത്രിക്കെതിരെ കേസെടുത്തിരുന്നു. കേന്ദ്ര ഏജന്‍സികൾ സത്യേന്ദ്ര ജെയിനെ നിരവധി തവണ ചോദ്യം ചെയ്യാനും വിളിപ്പിച്ചിരുന്നു. ഇന്ന് ദില്ലിയിലെ ഇഡി ഓഫീസിലേക്ക് ചോദ്യം ചെയ്യാന്‍ വിളിച്ച് വരുത്തിയാണ് വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഗായകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന സിദ്ദു മൂസേവാലയുടെ കൊലപാതകം ആംആദ്മി പാര്‍ട്ടിക്കെതിരെ രാഷ്ട്രീയായുധമാക്കിയതിന് പിന്നാലെ സത്യേന്ദ്ര ജെയ്നിന്‍റെ അറസ്റ്റും ബിജെപിക്ക് തുറുപ്പ് ചീട്ടാകുകയാണ്.