
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഭിന്നിപ്പിന്റെ തലവനെന്ന് വിശേഷിപ്പിച്ചുള്ള ടൈം മാഗസിന്‍ കവര്‍ സ്റ്റോറി തയ്യാറാക്കിയ ആതീഷ് തസീറിന്റെ വിക്കിപ്പീഡിയ പേജില്‍ 'എഡിറ്റിംഗ്' ആക്രമണം. ആതിഷ് കോണ്‍ഗ്രസിന്റെ പിആര്‍ മാനേജര്‍ ആണ് എന്നൊക്കെയുള്ള മാറ്റങ്ങളാണ് അദ്ദേഹത്തിന്റെ വിക്കിപ്പീഡിയ പേജില്‍ വരുത്തിയിരിക്കുന്നത്. മാറ്റങ്ങള്‍ വരുത്തിയ വിക്കിപ്പീഡിയ പേജിന്റെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പടെ പോസ്‌റ്റ് ചെയ്‌ത് ആതിഷിനെതിരായ പ്രചാരണവും സോഷ്യല്‍മീഡിയയില്‍ വ്യാപകമാണ്.
ബ്രിട്ടീഷ് പൗരനായ ആതിഷിനെ കോണ്‍ഗ്രസിന്റെ കൂലിയെഴുത്തുകാരന്‍ എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള പ്രചാരണമാണ് ഇപ്പോള്‍ വ്യാപകമായിരിക്കുന്നത്. മോദിക്കെതിരായ ലേഖനം പ്രസിദ്ധീകരിച്ചതിലൂടെ ടൈം മാഗസിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടെന്നുള്ള പ്രചാരണങ്ങളും ഇതോടനുബന്ധിച്ച് നടക്കുന്നുണ്ട്.
ട്വിറ്ററിലൂടെ പ്രചരിക്കുന്ന വിക്കിപ്പീഡിയ സ്‌ക്രീന്‍ഷോട്ടുകള്‍ എഡിറ്റ് ചെയ്‌ത് സൃഷ്ടിച്ചതാണെന്ന് തെളിവുകള്‍ സഹിതം Alt News റിപ്പോര്‍ട്ട് ചെയ്യുന്നു. ആര്‍ക്കും എഡിറ്റ് ചെയ്‌ത് വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയോ മാറ്റങ്ങള്‍ വരുത്തുകയോ ചെയ്യാമെന്ന സൗകര്യത്തെ ഇവിടെ ദുരുപയോഗം ചെയ്‌തിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ടൈം മാഗസിന്റെ പുതിയ പതിപ്പ് പുറത്തുവന്നതിന് പിന്നാലെ മെയ് 10നാണ് ആതിഷിന്റെ പേജ് നിരന്തരമായ എഡിറ്റിംഗിന് വിധേയമായിരിക്കുന്നത്. രാവിലെ 7.09നാണ് ആദ്യ എഡിറ്റിംഗ് നടന്നിരിക്കുന്നത്. വ്യൂ ഹിസ്റ്ററി ടാബ് തുറന്നാല്‍ വരുത്തിയ മാറ്റങ്ങള്‍ കാണാവുന്നതാണ്.
കൂടുതല്‍ എഡിറ്റിംഗ് നടക്കാതിരിക്കാന്‍ ആതിഷിന്റെ വിക്കിപ്പീഡിയ പേജ് ഇപ്പോള്‍ ലോക്ക് ചെയ്‌തിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam