
പട്ന: ബിഹാറിൽ വിദ്യാഭ്യാസവും ജോലിയുമുള്ള അവിവാഹിതരായ ചെറുപ്പക്കാരെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിക്കുന്ന സംഭവങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്. പലരെയും തട്ടിക്കൊണ്ടുപോയി തോക്കിൻമുനയിൽ നിർത്തിയാണ് വിവാഹം കഴിപ്പിക്കുന്നത്. തങ്ങളുടെ പെൺമക്കൾക്ക് അനുയോജ്യരും വിദ്യാസമ്പന്നരുമായ ചെറുപ്പക്കാരെ ലഭിക്കാത്തതാണ് ഈ കടുംകൈയിന് കാരണം. ഇനി വിദ്യാഭ്യാസവും ജോലിയുമുള്ള ചെറുപ്പക്കാരാകട്ടെ വലിയ സ്ത്രീധനവും ആവശ്യപ്പെടും.
കഴിഞ്ഞ ദിവസമാണ് വൈശാലി ജില്ലയിൽ നിന്ന് സ്കൂൾ അധ്യാപകനായി ജോലി കിട്ടിയ ഗൗതം കുമാറിനെ തട്ടിക്കൊണ്ടുപോയത്. ബിപിഎസ്‍സി പരീക്ഷയും ഇയാൾ പാസായിരുന്നു. സ്കൂളിലേക്ക് എസ്‍യുവിലെത്തിയ സംഘം ഇയാളെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പിന്നീട് ഇദ്ദേഹത്തെ കാണുന്നത് വിവാഹിതനായി നിൽക്കുന്ന ഫോട്ടായിലാണ്. കഴുത്തിൽ തോക്കുവെച്ച് തന്നോട് താലികെട്ടാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് ഗൗതംകുമാർ പറഞ്ഞു.
പൊലീസെത്തിയാണ് ഇദ്ദേഹത്തെ രക്ഷിച്ചത്. ബ്രിജ്ഭൂഷൻ റായി എന്നയാൾക്കെതിരെ തട്ടിക്കൊണ്ടുപോകലിന് പൊലീസ് കേസെടുക്കുകയും ചെയ്തു. വധുവിന്റെ പിതാവ് രാജേഷ് റായ് ഉൾപ്പെടെ മൂന്ന് പേർ ഒളിവിലാണ്. കോടതിയിലും ഗൗതം കുമാർ മൊഴി നൽകി. തന്റെ കുടുംബത്തിന് നേരെയും ഭീഷണിയുണ്ടായെന്ന് ഗൗതം വ്യക്തമാക്കി. ഈയടുത്താണ് തോക്കിൻമുനയിൽ നടത്തിയ കല്യാണം കോടതി അസാധുവാക്കിയത്.
Read More.... വിവാഹമോചനം കഴിഞ്ഞ് 5 വർഷത്തിന് ശേഷം യുവാവിന് ഹൃദയ ശസ്ത്രക്രിയ,ക്ഷേമാന്വേഷണത്തിന് മുൻ ഭാര്യയെത്തി, ട്വിസ്റ്റ്
പല കേസുകളിലും വധുവിന്റെ കുടുംബം കൂടുതൽ ശക്തരായതിനാലും വരന്റെ കുടുംബം ഭയം കാരണം നിശബ്ദത പാലിക്കുന്നതിനാലും പുറത്തുവരുന്നില്ല. ബിഹാറിൽ വിദ്യാഭ്യാസവും ജോലിയുമുള്ള യുവാക്കളുടെ അഭാവം പെൺവീട്ടുകാരെ അലട്ടുന്ന സംഭവമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam