
ദില്ലി: ദില്ലിയിൽ കോക്റോച്ച് ജനത പാർട്ടി (സിജെപി) നടത്തുന്ന പ്രതിഷേധത്തിൻ്റെ ഭാഗമായി നിരാഹാര സമരം അനുഷ്ഠിക്കുന്ന സോനം വാങ്ചുക്കിൻ്റെ ശരീരഭാരം അഞ്ച് കിലോയിലധികം കുറഞ്ഞുവെന്ന് സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെ. വാങ്ചുക്കിൻ്റെ രക്തസമ്മർദവും ശരീരത്തിലെ പഞ്ചസാരയുടെ അളവും കുറയുകയാണെന്ന് പരിശോധനയിൽ കണ്ടെത്തിയെന്നും ധർമേന്ദ്ര പ്രധാനെതിരെ നടപടിയെടുക്കാൻ സർക്കാരിനോട് അഭ്യർഥിക്കുന്നതായും അഭിജിത്ത് ദീപ്കെ വീഡിയോ സന്ദേശത്തിൽ പറഞ്ഞു. ജനങ്ങൾ ജന്തർ മന്തറിൽ എത്തി വാങ്ചുക്കിന് ഐക്യദാർഢ്യം അറിയിക്കാനും ദീപ്കെ വീഡിയോയിൽ ആഹ്വാനം ചെയ്തു.
നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിലെ ജന്തർ മന്തറിൽ സോനം വാങ്ചുക്ക് നടത്തുന്ന നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക് കടന്നതോടെ ആണ് അഭിജിത്ത് ദീപ്കെയുടെ പ്രതികരണം. ഇന്ന് സോനം വാങ്ചുക്കിൻ്റെ നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക് കടന്നുവെന്നും അദ്ദേഹത്തെ മെഡിക്കൽ ചെക്കപ്പിന് വിധേയമാക്കിയപ്പോൾ ശരീരഭാരം അഞ്ച് കിലോയിലധികം കുറഞ്ഞതായി കണ്ടെത്തിയെന്നും അഭിജിത്ത് ദീപ്കെ പറഞ്ഞു. വാങ്ചുക്കിൻ്റെ രക്തസമ്മർദവും പഞ്ചസാരയുടെ അളവും കുറയുകയാണെന്നും ദീപ്കെ പറഞ്ഞു.
"ധർമേന്ദ്ര പ്രധാനെതിരെ സർക്കാർ ദയവായി നടപടിയെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ധർമേന്ദ്ര പ്രധാനെതിരെ സർക്കാർ നടപടിയെടുക്കുംവരെ നിരാഹാര സമരം തുടരുമെന്ന് സോനം സർ പറഞ്ഞു. ഈ വീഡിയോ കാണുന്ന എല്ലാവരും ദയവായി ജന്തർ മന്തറിലേക്ക് വരണം. നമുക്ക് അധികമൊന്നും ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും, നമുക്ക് സോനം സാറിന് ഐക്യദാർഢ്യം പ്രകടിപ്പിക്കാം. അദ്ദേഹം വിദ്യാർത്ഥികൾക്കായി ജീവൻ പണയപ്പെടുത്തുകയാണ്, നമുക്ക് ചെയ്യാവുന്ന ഏറ്റവും ചെറിയ കാര്യം ജന്തർ മന്തറിൽ അദ്ദേഹത്തോടൊപ്പം നിൽക്കുക എന്നതാണ്"- അഭിജിത്ത് ദിപ്കെ പറഞ്ഞു.
Sonam Sir has lost 5 kg, and his health is deteriorating with each passing day. How much longer will the Prime Minister wait before sacking Dharmendra Pradhan?
Why is Dharmendra Pradhan so important to PM Modi that, despite the deaths of 20 students, he still refuses to remove… pic.twitter.com/Zf0YdzPh0H— Abhijeet Dipke (@abhijeet_dipke) July 4, 2026
അതേസമയം നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ടുള്ള ജന്തർ മന്തറിലെ സിജെപി പ്രതിഷേധം 14-ാം ദിവസത്തിലേക്ക് കടന്നു. പ്രതിഷേധത്തിന് ഐക്യദാർഢ്യം അറിയിച്ച് രാഷ്ട്രീയ, സാമൂഹ്യ മേഖലകളിലെ പ്രമുഖർ ജന്തർ മന്തറിൽ എത്തിയിരുന്നു. നീറ്റ് പരീക്ഷാ ക്രമക്കേടിന് പുറമേ, എസ്ഐആർ അടക്കമുള്ള വിഷയങ്ങളും പ്രതിഷേധത്തിൽ ഉയർത്തിക്കാട്ടുമെന്ന് അഭിജിത്ത് ദീപ്കെ അറിയിച്ചിട്ടുണ്ട്. ഇടത് ആഭിമുഖ്യമുള്ള ഓൾ ഇന്ത്യ സ്റ്റുഡൻ്റ്സ് അസോസിയേഷ (ഐസ) നിലെ ആറ് വിദ്യാർത്ഥികളും പ്രതിഷേധം നടക്കുന്ന സ്ഥലത്ത് ഒരുക്കിയ മറ്റൊരു വേദിയിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam