
കൊൽക്കത്ത: കൊൽക്കത്തയിലെ ആർജി കർ ആശുപത്രിക്ക് നേരെ അതിക്രമമുണ്ടായ സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. സർക്കാർ സംവിധാനത്തിന്‍റെ സമ്പൂർണ പരാജയം എന്നാണ് കോടതിയുടെ വിമർശനം. ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെതിരായ പ്രതിഷേധമാണ് അക്രമത്തിൽ കലാശിച്ചത്.
പൊലീസിന് സ്വയം സംരക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ പിന്നെ ഡോക്ടർമാർക്ക് എങ്ങനെ നിർഭയമായി പ്രവർത്തിക്കാനാകുമെന്ന് കോടതി ചോദിച്ചു. ആശുപത്രി അടച്ചുപൂട്ടുമെന്നും രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റുമെന്നും ഹൈക്കോടതി വ്യക്തമാക്കി. ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തെ കുറിച്ച് ലഭിച്ച ഇ മെയിലുകളുടെ അടിസ്ഥാനത്തിലാണ് വിഷയം പരിഗണിച്ചതെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പറഞ്ഞു.
പലപ്പോഴും നിരോധനാജ്ഞ (144) പ്രഖ്യാപിക്കാറുണ്ട്. ഇങ്ങനെയൊരു സംഭവമുണ്ടാകുമ്പോൾ ആ സ്ഥലം വളഞ്ഞ് സുരക്ഷ ഉറപ്പാക്കണമായിരുന്നു. എങ്കിൽ 7000 പേർക്ക് നടന്നുവന്ന് ഇങ്ങനെ അക്രമം കാണിക്കാൻ കഴിയുമായിരുന്നോയെന്ന് കോടതി ചോദിച്ചു. ഇത്തരം സംഭവങ്ങൾ ഡോക്ടർമാരുടെയും ആശുപത്രിയിലെ ജീവനക്കാരുടെയും ആത്മവീര്യത്തെയും ആത്മവിശ്വാസത്തെയും സാരമായി ബാധിക്കും.
അക്രമങ്ങളെ ഭയക്കാതെ ആരോഗ്യ പ്രവർത്തകർക്ക് അവരുടെ ചുമതലകൾ നിർവഹിക്കാൻ കഴിയുന്ന അന്തരീക്ഷം സൃഷ്ടിക്കേണ്ടത് സംസ്ഥാന സർക്കാരിന്‍റെ ഉത്തരവാദിത്തമാണെന്ന് കോടതി വ്യക്തമാക്കി. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ അടിയന്തരവും ഫലപ്രദവുമായ നടപടികൾ സ്വീകരിക്കണമെന്ന് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും.
അതേസമയം ഡോക്ടറെ കൊലപ്പെടുത്തിയ സംഭവത്തിൽ കുറ്റക്കാരെ എല്ലാം ഉടൻ പിടികൂടും എന്ന് സിബിഐ ഉറപ്പ് നൽകിയെന്ന് കൊല്ലപ്പെട്ട ഡോക്ടറുടെ അച്ഛൻ പറഞ്ഞു. സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം നിരസിക്കുകയാണെന്നും രാജ്യം മുഴുവൻ പ്രതിഷേധത്തിൽ ഒപ്പം നിൽക്കുന്നവർക്ക് നന്ദിയെന്നും പിതാവ് പറഞ്ഞു. ഇതിനിടെ കൊല്ലപ്പെട്ട ഡോക്ടർക്ക് നീതി വേണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി മമത ബാനർജി പ്രതിഷേധം നയിക്കും. ഇന്ന് വൈകിട്ടാണ് മമത ബാനര്‍ജിയുടെ റാലി. സിബിഐ അന്വേഷണം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധ റാലി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam