
ദില്ലി: ഞായറാഴ്ച രാത്രി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഗുണ്ടാ ആക്രമണമുണ്ടായ ജെഎന്‍യു ക്യാംപസില്‍ പ്രതിഷേധ പ്രകടനത്തിന് ആഹ്വാനം ചെയ്ത് എബിവിപി. ക്യാംപസില്‍ കടന്നു കയറിയ അക്രമിസംഘം അധ്യാപകരേയും അനധ്യാപകരേയും വിദ്യാര്‍ത്ഥികളേയും മര്‍ദ്ദിച്ച സംഭവത്തില്‍ എബിവിപി പ്രതിസ്ഥാനത്ത് നില്‍ക്കുന്നതിനിടെയാണ് പ്രതിഷേധത്തിന് എബിവിപി ആഹ്വാനം ചെയ്തിരിക്കുന്നത്.
പ്രതിഷേധ പ്രകടനത്തിനായി ഇന്ന് മൂന്ന് മണിക്ക് ക്യാംപസില്‍ സംഘടിക്കണമെന്ന് പ്രവര്‍ത്തകര്‍ക്ക് എബിവിപി നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. രജിസ്ട്രേഷന്‍ തടയുന്ന നടപടിക്കെതിരെ പ്രതിഷേധിക്കണമെന്നും പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇടതുഭീകരതക്കെതിരെ പ്രതിഷേധിക്കണമെന്നും പ്രവര്‍ത്തകരോട് എബിവിപി ആഹ്വാനം ചെയ്യുന്നു.
ഇന്നലെ രാത്രി ക്യാംപസില്‍ നടന്ന ആക്രമങ്ങളില്‍ മൂന്ന് പരാതികളാണ് പൊലീസിന് ഇതുവരെ ലഭിച്ചത്. പുറത്തു നിന്നും എത്തിയവരാണ് ക്യാംപസില്‍ അക്രമം അഴിച്ചു വിട്ടത് എന്നാണ് ജെഎന്‍യു അധികൃതരുടെ പരാതിയില്‍ പറയുന്നത്. അതേസമയം ജെഎന്‍യുവിലെ മലയാളി വിദ്യാര്‍ത്ഥികളില്‍ പലരും ഹോസ്റ്റല്‍ വിട്ട് താമസം പുറത്തേക്കി മാറ്റി. എബിവിപി പ്രവര്‍ത്തകരില്‍ നിന്നും ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് ക്യാംപസ് വിടുന്നതെന്നും മലയാളി വിദ്യാര്‍ത്ഥികള്‍ പറയുന്നു.
ജെഎന്‍യു ക്യാംപസില്‍ നടന്ന അക്രമങ്ങളില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഘടിത ആക്രമണത്തിനും കലാപത്തിന് ശ്രമിച്ചതിനുമാണ് കേസ് എടുത്തിരിക്കുന്നത്. കലാപമുണ്ടാക്കാന്‍ ഗൂഢാലോചന നടത്തിയവരെക്കുറിച്ചും അന്വേഷണം നടത്തുമെന്നും ദില്ലി പൊലീസ് വൃത്തങ്ങള്‍ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam