ഗുജറാത്തിലും ശിശുമരണം; രണ്ട് സർക്കാർ ആശുപത്രികളിലായി മരിച്ചത് 219 കുഞ്ഞുങ്ങൾ

By Web TeamFirst Published Jan 6, 2020, 9:16 AM IST
Highlights

ഗുജറാത്ത് സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന അഹമ്മദാബാദിലെ ഏറ്റവും വലിയ സർക്കാർ ആശുപത്രിയിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ 253 കുട്ടികളാണ് മരിച്ചത്. രാജ്കോട്ടിലെ സർക്കാർ ആശുപത്രിയിൽ കഴിഞ്ഞ ഒരുവർഷത്തിനിടെ 1235 നവജാത ശിശുക്കളും മരിച്ചതായും റിപ്പോർട്ടുകളുണ്ട്. 

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മാദാബാദിലും രാജ്കോട്ടിലുമുള്ള രണ്ട് സർക്കാർ ആശുപത്രികളിൽ കഴിഞ്ഞ മാസം 219 കുട്ടികൾ മരിച്ചതായി റിപ്പോർട്ട്. രാജ്കോട്ടിലെ ആശുപത്രിയിൽ 134 കുഞ്ഞുങ്ങളും അഹമ്മദാബാദിലെ ആശുപത്രിയിൽ 85 കുഞ്ഞുങ്ങളുമാണ് മരിച്ചത്. രാജസ്ഥാനിലെ കോട്ടയിലെ സർക്കാർ ആശുപത്രിയിൽ നവജാത ശിശുക്കളുടെ കൂട്ടമരണത്തിന് പിന്നാലെ ഞെട്ടിക്കുന്ന വാർത്തയാണ് ​ഗുജറാത്തിൽനിന്നും പുറത്തുവരുന്നത്. കഴിഞ്ഞ ഡിസംബർ മാസം മുതൽ ഇതുവരെ 107 കുട്ടികളാണ് കോട്ടയിലെ ജെ കെ ലോണ്‍ ആശുപത്രിയിൽ മരിച്ചത്.

​ഗുജറാത്ത് സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന അഹമ്മദാബാദിലെ ഏറ്റവും വലിയ സർക്കാർ ആശുപത്രിയിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ 253 കുട്ടികളാണ് മരിച്ചത്. രാജ്കോട്ടിലെ സർക്കാർ ആശുപത്രിയിൽ കഴിഞ്ഞ ഒരുവർഷത്തിനിടെ 1235 നവജാത ശിശുക്കളും മരിച്ചതായും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ വർഷം ഡിസംബറിലാണ് ഏറ്റവുമധികം നവജാത ശിശുക്കൾ മരണപ്പെട്ടതായി റിപ്പോർട്ട് ചെയ്തത്. ഡിസംബറിൽ മാത്രം 134 നവജാത ശിശുക്കളാണ് മരണപ്പെട്ടത്. ഓക്ടോബറിൽ 131 നവജാത ശിശുക്കൾ മരിച്ചതായും റിപ്പോർട്ടുകളുണ്ട്.

Read More: കോട്ടയില്‍ ശിശുമരണം തുടരുന്നു; മരണസംഖ്യ 107 ആയി ഉയർന്നു, സർക്കാരിനെതിരെ പ്രതിഷേധം ശക്തം

ഡിസംബറിൽ 455 നവജാത ശിശുക്കളെയാണ് അഹമ്മദാബാദ് സർക്കാർ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ഇതിൽ 85 കുഞ്ഞുങ്ങൾ മരിച്ചതായി ആശുപത്രി സൂപ്രണ്ട് ജി എസ് റാത്തോഡ് പറഞ്ഞു. മാസം തികയാതെ ജനിച്ച ശിശുക്കളാണ് മരിച്ചതിലധികവും.  2018നെ അപേക്ഷിച്ച് 2019ലെ മരണസംഖ്യാ നിരക്ക് ആറ് ശതമാനമായി കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കോട്ടയിലെ കൂട്ടശിശുമരണത്തെത്തുടർന്ന് രാജസ്ഥാനിലെ കോൺഗ്രസ് സർക്കാറിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ബിജെപി ഭരിക്കുന്ന ഗുജറാത്തിൽനിന്നും ഞെട്ടിക്കുന്ന വാർത്ത പുറത്തുവന്നത്. കഴിഞ്ഞ ദിവസം കുട്ടികളുടെ കൂട്ടമരണത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ ​ഗു​ജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ഒഴിഞ്ഞുമാറിയത് വലിയ ചർച്ചയായിരുന്നു.

Read More: ഗുജറാത്തിലെ ആശുപത്രിയിൽ കഴിഞ്ഞ മാസം മരിച്ചത് 135 കുട്ടികൾ, പ്രതികരിക്കാതെ മുഖ്യമന്ത്രി

അഹമ്മാദാബാദിലെയും രാജ്കോട്ടിലെയും രണ്ട് സർക്കാർ ആശുപത്രികളിൽ ശിശുക്കൾ കൂട്ടമായി മരിച്ചതിനെ തുടർന്ന് മുഖ്യമന്ത്രിക്കും ഭരണകക്ഷിയായ ബിജെപിക്കുമെതിരെ രൂക്ഷവിമർശവുമായി കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. രാജസ്ഥാനിലെ കോട്ടയിൽ നൂറ് ശിശുക്കൾ മരിച്ചതിനെതിരെ വലിയ കോലാഹലമായിരുന്നു ബിജെപി സൃഷ്ടിച്ചത്. എന്നാൽ, ​ഗുജറാത്തിൽ 134 കുട്ടികൾ മരിച്ചത് സംബന്ധിച്ച് മുഖ്യമന്ത്രി വിജയ് രൂപാനി മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് പോലും മറുപടി നൽകുന്നില്ലെന്ന് കോൺ​ഗ്രസ് നേതാവ് ശക്തിസിം​ഗ് ​ഗോഹിൽ കുറ്റപ്പെടുത്തി.

click me!