
ദില്ലി: ജെഎൻയു ക്യാമ്പസിൽ എബിവിപിയും ഇടത് വിദ്യാർഥി സംഘടനകളും തമ്മിൽ സംഘർഷം. ദസറയുടെ ഭാഗമായ രാവണ ദഹനം ചടങ്ങിന് ഇടയിലാണ് സംഭവം. ജെഎൻയുവിലെ പൂർവ വിദ്യാർത്ഥികളായ ഷർജിൽ ഇമാമിന്‍റെയും ഉമർ ഖാലിദിന്‍റെയും ചിത്രം അടങ്ങിയ രാവണന്‍റെ രൂപം കത്തിക്കാൻ എബിവിപി ശ്രമിച്ചതാണ് സംഘർഷത്തിന് കാരണം. ഉമർ ഖാലിദും ഷർജിൽ ഇമാമും നിലവിൽ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധവുമായും 2020ലെ ദില്ലി കലാപ ഗൂഢാലോചന കേസുമായും ബന്ധപ്പെട്ട് ജയിലിലാണ്. എബിവിപി മതത്തെ രാഷ്ട്രീയവൽക്കരിക്കുകയാണെന്ന് ഇടതു സംഘടനകൾ ആരോപിച്ചു.
ഇസ്ലാമോഫോബിയയുടെ പരസ്യമായ പ്രകടനം എന്ന് ഐസ വിമർശിച്ചു. രാഷ്ട്രീയ നേട്ടത്തിനായി മതവികാരം ചൂഷണം ചെയ്യാൻ എബിവിപി ശ്രമിക്കുകയാണ്. എന്തുകൊണ്ട് നാഥുറാം ഗോഡ്‌സെയെയോ ഗുർമീത് റാം റഹിം സിങിനെയോ രാവണനായി ചിത്രീകരിക്കാതെ ഷർജിൽ ഇമാമിനെയും ഉമർ ഖാലിദിനെയും ചിത്രീകരിച്ചു? വിദ്വേഷത്തിന്‍റെയും ഇസ്ലാമോഫോബിയയുടെയും രാഷ്ട്രീയം ജെഎൻയു തള്ളിക്കളയുന്നു. വിദ്യാർത്ഥികൾ ആർഎസ്എസ് - എബിവിപി വിഭജന രാഷ്ട്രീയത്തിനെതിരെ നിലകൊള്ളണമെന്ന് ഐസ ആവശ്യപ്പെട്ടു.
അതേസമയം എബിവിപി പറയുന്നത് ഐസയും എസ്എഫ്ഐയും ഡിഎസ്എഫും ഘോഷയാത്ര തടസ്സപ്പെടുത്തിയതെന്നും കാമ്പസിൽ പരിപാടി നടത്തുന്നതിനെ എതിർത്തെന്നുമാണ്. ഇതൊരു മതപരമായ ചടങ്ങിന് നേരെയുള്ള ആക്രമണം മാത്രമല്ല, വിദ്യാർത്ഥികളുടെ വിശ്വാസത്തിന് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണെന്ന് ജെഎൻയുവിലെ എബിവിപി പ്രസിഡന്റ് മായങ്ക് പാഞ്ചൽ പ്രസ്താവനയിൽ പറഞ്ഞു. ഇത്തരം സാംസ്‌കാരിക അതിക്രമങ്ങൾ എബിവിപി ഒരു കാരണവശാലും സഹിക്കില്ലെന്നും എബിവിപി പ്രസിഡന്‍റ് പറഞ്ഞു. എന്നാൽ സംഘർഷത്തെക്കുറിച്ച് അറിയില്ലെന്നാണ് ജെഎൻയു പ്രസ് റിലേഷൻസ് ഓഫീസറും ചീഫ് സെക്യൂരിറ്റി ഓഫീസറും പറഞ്ഞതെന്ന് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.