
ദില്ലി സർവ്വകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എ ബി വി പിക്ക് വൻ വിജയം. പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്ക് എ ബി വി പി സ്ഥാനാർത്ഥികൾ വിജയിച്ചപ്പോൾ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എൻ എസ് യു ഐ വിട്ട് സ്വതന്ത്രനായി മത്സരിച്ച ദീപാൻഷു ഷോക്കിൻ തെരഞ്ഞെടുക്കപ്പെട്ടു. എ ബി വി പിയുടെ യശ് ദബാസ് 2053 വോട്ടിന്റെ വ്യത്യാസത്തിലാണ് എൻ എസ് യു ഐ സ്ഥാനാർത്ഥി വിജയ് ശങ്കർ മീണയെ പരാജയപ്പെടുത്തി പ്രസിഡന്റായത്. സെക്രട്ടറി സ്ഥാനത്തേക്ക് എ ബി വി പിയുടെ റിയ ചാവ്ഡിയും ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് ലക്ഷയ് രാജ് സിംഗും വിജയിച്ചപ്പോൾ, എൻ എസ് യു ഐക്കും ഐസ, എസ് എഫ് ഐ ഉൾപ്പെടുന്ന ഇടതു സഖ്യത്തിനും എല്ലാ സീറ്റുകളിലും തിരിച്ചടി നേരിട്ടു.
പി ജി ഹോസ്റ്റൽ കെട്ടിടം തകർന്നു വീണത് അടക്കമുള്ള വിഷയങ്ങൾ പ്രചാരണത്തിൽ ചർച്ചയായ തെരഞ്ഞെടുപ്പിൽ, ആദ്യ റൗണ്ടുകളിൽ എൻ എസ് യു ഐ സ്ഥാനാർത്ഥി മുന്നിലായിരുന്നെങ്കിലും അവസാന റൗണ്ടുകളിൽ എ ബി വി പി മുന്നേറുകയായിരുന്നു. വോട്ടെണ്ണൽ തൽക്കാലം നിർത്തിവെച്ച് സർവകലാശാല അധികൃതർ എ ബി വി പിയെ സഹായിച്ചെന്ന് എൻ എസ് യു ഐ അധ്യക്ഷൻ വിനോദ് ജാക്കർ ആരോപിച്ചു. എന്നാൽ രാജ്യതലസ്ഥാനത്തെ എ ബി വി പി വിജയം ബി ജെ പി വലിയ ആഘോഷമാക്കുകയാണ്. യുവാക്കൾ വികസിത ഇന്ത്യയ്ക്കായും ക്രിയാത്മക രാഷ്ട്രീയത്തിനുമായി വോട്ടു ചെയ്തുവെന്നും, ജനങ്ങൾ മോദിയിൽ നിന്ന് അകന്നു എന്ന കള്ളപ്രചാരണത്തിനുള്ള മറുപടിയാണിതെന്നും ബി ജെ പി അധ്യക്ഷൻ നിതിൻ നവീൻ പ്രതികരിച്ചു. ദില്ലിയിലെ സി ജെ പി പ്രതിഷേധങ്ങൾക്ക് ശേഷം വന്ന ഈ ഫലം കേന്ദ്രസർക്കാരിനും ബി ജെ പിക്കും ആശ്വാസമായി.
അതേസമയം, തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സർവ്വകലാശാലയ്ക്ക് അകത്തും പുറത്തും വിദ്യാർത്ഥികളുടെ വലിയ പ്രതിഷേധവും സംഘർഷവും അരങ്ങേറി. വോട്ടെണ്ണലിൽ അട്ടിമറി നടത്തിയെന്നും എ ബി വി പിക്ക് വേണ്ടി സർവകലാശാല ഒത്തുകളിച്ചെന്നും ആരോപിച്ച് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച വിശേഷ് യാദവിന്റെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾ റോഡ് ഉപരോധിച്ചത്. അട്ടിമറിയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കുത്തിയിരുന്ന് പ്രതിഷേധിച്ച വിദ്യാർത്ഥികളെ പോലീസ് റോഡിലൂടെ വലിച്ചിഴച്ച് നീക്കാൻ ശ്രമിച്ചത് വൻ തർക്കത്തിനും ഉന്തും തള്ളിനും വഴിവെച്ചു. ഹൈക്കോടതി വിലക്കുള്ളതിനാൽ വോട്ടെണ്ണലിനു ശേഷം എ ബി വി പിയുടെ ഭാഗത്തുനിന്ന് വലിയ ആഘോഷങ്ങൾ ഉണ്ടായില്ല. സർവ്വകലാശാലയ്ക്ക് മുന്നിൽ കൂടുതൽ പോലീസുകാരെത്തി പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെ നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടയിലും പിരിഞ്ഞുപോകില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഒരുവിഭാഗം വിദ്യാർത്ഥികൾ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam