ഡൽഹി സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എബിവിപിക്ക് വൻ വിജയം; വൈസ് പ്രസിഡന്‍റായി സ്വതന്ത്രൻ

Published : Sep 19, 2026, 04:52 PM IST
dusu elction

Synopsis

ഡൽഹി സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ പ്രസിഡന്‍റ് ഉൾപ്പെടെ മൂന്ന് പ്രധാന സീറ്റുകളിൽ എബിവിപി വിജയിച്ചു. വൈസ് പ്രസിഡന്‍റ് സ്ഥാനത്ത് സ്വതന്ത്ര സ്ഥാനാർത്ഥിയാണ് വിജയിച്ചത്. ഹൈക്കോടതി നിർദ്ദേശപ്രകാരം ക്യാമ്പസിൽ വിജയാഹ്ലാദ പ്രകടനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

ദില്ലി: ഡൽഹി സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ (DUSU) എബിവിപിക്ക് വൻ വിജയം. പ്രധാനപ്പെട്ട നാല് സ്ഥാനങ്ങളിൽ മൂന്നിലും വിജയിക്കാൻ എബിവിപിക്ക് കഴിഞ്ഞു. പ്രസിഡന്‍റ്, സെക്രട്ടറി, ജോയിന്‍റ് സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽ എബിവിപി വിജയിച്ചു. വൈസ് പ്രസിഡന്‍റായി വിജയിച്ചത് സ്വതന്ത്ര സ്ഥാനാർത്ഥിയാണ്. എൻഎസ്‌യുഐയും ഇടതു സഖ്യവും നാല് സീറ്റിലും പരാജയപ്പെട്ടു. പ്രസിഡന്റ് സ്ഥാനത്തേക്ക് എബിവിപിയുടെ യഷ് ദബാസും എൻഎസ്‌യുഐയുടെ വിജയ് ശങ്കർ മീണയും തമ്മിൽ ഇഞ്ചോടിഞ്ച് മത്സരം നടന്നു. വൈസ് പ്രസിഡൻറായി എൻഎസ്‍യു വിട്ട് സ്വതന്ത്രനായി മത്സരിച്ച ദീപാൻഷു ഷൗകീൻ മികച്ച വിജയം നേടി. സർവകലാശാല അധികൃതർ എബിവിപിയെ സഹായിച്ചെന്ന ആരോപണവുമായി എൻഎസ്‌യുഐ രംഗത്തെത്തി.

20 റൗണ്ട് വോട്ടെണ്ണലിന് ശേഷമാണ് ഫലം പ്രഖ്യാപിച്ചത്. എബിവിപിയുടെ യാഷ് ദബാസ് 24,576 വോട്ടുകൾ നേടി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. എൻഎസ്‍യുഐ യുടെ വിജയ് ശങ്കർ മീന 22,523 വോട്ടുകൾ നേടി രണ്ടാമതെത്തി. 21,650 വോട്ടുകളോടെ റിയ ഛൗഡി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 16,615 വോട്ടുകളോടെ ലക്ഷ്യ രാജ് സിംഗ് ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് വിജയിച്ചു. എൻഎസ്‍യുഐ വിട്ട് സ്വതന്ത്ര സ്ഥാനാർത്ഥിയായ ദീപാൻഷു ഷൌകീൻ 30,615 വോട്ടുകൾ നേടി വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. 16,910 വോട്ടുകളോടെ എബിവിപിയുടെ ഇഷു മൗര്യ രണ്ടാം സ്ഥാനത്തെത്തി.

പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നീ നാല് പ്രധാന പദവികളിലേക്ക് ആകെ 20 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. അക്രമ സംഭവങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്ന ആശങ്ക ഉയർന്നതിനെ തുടർന്ന് ശക്തമായ സുരക്ഷയിലാണ് ഇന്നലെ ഡൽഹി യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയൻ വോട്ടെടുപ്പ് നടന്നത്. വിജയാഘോഷം തടഞ്ഞ് ഡൽഹി ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു.

ഡൽഹി ഹൈക്കോടതിയുടെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട്, സർവ്വകലാശാലാ ക്യാമ്പസിലോ പുറത്തോ വിജയാഹ്ലാദ പ്രകടനങ്ങളും റാലികളും സംഘടിപ്പിക്കരുതെന്ന് അധികൃതർ അഭ്യർത്ഥിച്ചു. എന്നാൽ വിദ്യാർത്ഥികൾ സർവകലാശാലയ്ക്ക് മുന്നിൽ തടിച്ചു കൂടിയിരിക്കുകയാണ്. വിലക്ക് മറികടന്ന് പ്രകടങ്ങൾ നടത്തിയാൽ ക്രിമിനൽ കേസ് എടുക്കാനാണ് നിർദേശം. കോടതിയലക്ഷ്യത്തിന് കേസ് എടുക്കുമെന്നും മുന്നറിയിപ്പുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ചാറ്റ്ജിപിടിയുടെ സഹായത്തോടെ കോപ്പിയടിക്കാൻ ശ്രമിച്ചെന്ന് ആരോപണം; ബോംബെ ഐഐടിയിൽ വിദ്യാർഥി ജീവനൊടുക്കി; ക്യാമ്പസിൽ വൻ പ്രതിഷേധം
കേരള ഹൗസ് പ്രോട്ടോക്കോൾ ഓഫീസറായി തിരുവനന്തപുരം സ്വദേശി കിഷോർ കുമാർ കെവി ചുമതലയേറ്റു