ഡൽഹി സർവകലാശാലയിലെ എബിവിപിയുടെ വിജയത്തിൽ പ്രതികരണവുമായി സിജെപി; ' ഇതാണ് പ്രതിപക്ഷ ഐക്യമെങ്കിൽ...'

Published : Sep 19, 2026, 07:18 PM IST
CJP on DUSU Election

Synopsis

ഡൽഹി സർവകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിലെ എബിവിപിയുടെ വിജയത്തിൽ പ്രതികരിച്ച് സിജെപി. പ്രതിപക്ഷ ഐക്യം ഇതാണെങ്കിൽ ഭാവിയിലും പ്രതിപക്ഷത്ത് തന്നെ തുടരേണ്ടി വരുമെന്ന് സൗരവ് ദാസ്.

ദില്ലി: ഡൽഹി സർവകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിലെ എബിവിപിയുടെ വിജയത്തിൽ പ്രതികരണവുമായി കോക്റോച്ച് ജനത പാർട്ടി (സിജെപി) നേതാവ്. ഭൂരിപക്ഷം വിദ്യാർത്ഥികളും ഭരണകൂടത്തിന് വിരുദ്ധരാണെങ്കിലും അവർ ഭിന്നിച്ചു നിൽക്കുകയാണെന്ന് സിജെപി കോ കൺവീനർ സൗരവ് ദാസ് പറഞ്ഞു. പ്രതിപക്ഷ ഐക്യം ഇതാണെങ്കിൽ ഭാവിയിലും പ്രതിപക്ഷത്ത് തന്നെ തുടരേണ്ടി വരുമെന്നും സൗരവ് ദാസ് മുന്നറിയിപ്പ് നൽകി. ഡൽഹി സർവകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ നിന്നുള്ള നിരീക്ഷണങ്ങൾ പങ്കുവെച്ചുള്ള എക്സ് പോസ്റ്റിലാണ് സൗരവ് ദാസിൻ്റെ പ്രതികരണം.

"ഭൂരിപക്ഷം വിദ്യാർത്ഥികളും നിലവിലെ ഭരണപക്ഷത്തിന് എതിരാണ്. എന്നാൽ അവർ ഭിന്നിച്ചു നിൽക്കുന്നത് കൊണ്ട് അതിന്റെ ലാഭം ഭരണപക്ഷത്തിന് ലഭിക്കുന്നു. എങ്കിലും ഇതിലൊരു പ്രതീക്ഷയുടെ കിരണമുണ്ട്. പദവികൾ നേടിയവർ തങ്ങൾ രാജാക്കന്മാരോ രാജ്ഞിമാരോ അല്ലെന്ന് ഓർക്കണം. ഭൂരിപക്ഷം പേരും അവർക്ക് വോട്ട് ചെയ്തിട്ടില്ല"- സൗരവ് ദാസ് പറഞ്ഞു.

സിജെപിയെ വേട്ടയാടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം കോൺഗ്രസും അതിന്റെ സംഘടനാ സംവിധാനങ്ങളും സ്വന്തം കാര്യങ്ങൾ ശരിയാക്കാൻ നോക്കുന്നതാണ് നല്ലത്. ഈ ശരിയാക്കൽ കളി തുടങ്ങിയിട്ട് ഇപ്പോൾ 12 വർഷമായി. ജനങ്ങളുടെ ക്ഷമ നശിച്ചുകൊണ്ടിരിക്കുകയാണ്. എൻഎസ്‍യുഐ ടിക്കറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്ന് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വൻ ഭൂരിപക്ഷത്തോടെ വിജയിച്ച വിമത സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ഇത് വ്യക്തമാണെന്ന് സൗരവ് ദാസ് പറഞ്ഞു.

ഇടതുപക്ഷ ഐക്യത്തിലെ ചിലർ ആശയപരമായ ശുദ്ധിക്കും സവിശേഷതയ്ക്കും വേണ്ടി അമിതമായി വാശിപിടിക്കുന്നുണ്ട്. അവർ യാഥാർത്ഥ്യം മനസ്സിലാക്കി ഉണരേണ്ടതുണ്ട്. ആരും അവരുടെ അംഗീകാരത്തിനായി ഓടിവരുന്നില്ല. ഇതാണ് പ്രതിപക്ഷ ഐക്യമെങ്കിൽ അവർ തുടർന്നും പ്രതിപക്ഷത്ത് തന്നെ തുടരേണ്ടി വരുമെന്ന് താൻ ഭയപ്പെടുന്നുവെന്നും സൗരവ് ദാസ് കൂട്ടിച്ചേ‍ർത്തു.

എബിവിപിക്ക് മികച്ച വിജയം

ഡൽഹി സർവകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എബിവിപിക്ക് മികച്ച വിജയം. പ്രസിഡൻ്റ്, സെക്രട്ടറി, ജോയിൻ്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്ക് എബിവിപി വിജയിച്ചു. പ്രസിഡൻ്റ് സ്ഥാനത്തേക്ക് നടന്ന കടുത്ത മത്സരത്തിൽ എബിവിപിയുടെ യഷ് ദബാസ് 2,053 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എൻഎസ്‍യുഐ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയത്. സെക്രട്ടറി സ്ഥാനത്തേക്ക് എബിവിപിയുടെ റിയ ഛൗഡി 6,781 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ജോയിൻ്റ് സെക്രട്ടറി സ്ഥാനത്തേക്ക് എബിവിപിയുടെ ലക്ഷ്യ രാജ് സിംഗ് 837 വോട്ടുകൾക്കാണ് ജയിച്ചത്. സീറ്റ് നൽകാത്തതിനെ തുടർന്ന് എൻഎസ്‍യുഐ വിട്ട സ്വതന്ത്രനായി മത്സരിച്ച ദീപാൻഷു ഷൗകീൻ 13,705 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വൈസ് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടു. എൻഎസ്‍യുഐയ്ക്കൊപ്പം ഐസ - എസ്എഫ്ഐ സഖ്യവും മുഴുവൻ സീറ്റുകളിലും പരാജയപ്പെട്ടു.

എബിവിപിയുടെ വിജയത്തിൽ പ്രതികരണവുമായി ബിജെപി രംഗത്തെത്തി. വിദ്യാർത്ഥികൾ വികസിത ഇന്ത്യയ്ക്കായി വോട്ട് ചെയ്തുവെന്ന് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ പ്രതികരിച്ചു. അതേസമയം സർവകലാശാല അധികൃതർ എബിവിപിയെ സഹായിച്ചുവെന്ന് എൻഎസ്‍യുഐ ആരോപിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഡൽഹി സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എബിവിപിക്ക് വൻ വിജയം; വൈസ് പ്രസിഡന്‍റായി സ്വതന്ത്രൻ
ചാറ്റ്ജിപിടിയുടെ സഹായത്തോടെ കോപ്പിയടിക്കാൻ ശ്രമിച്ചെന്ന് ആരോപണം; ബോംബെ ഐഐടിയിൽ വിദ്യാർഥി ജീവനൊടുക്കി; ക്യാമ്പസിൽ വൻ പ്രതിഷേധം