വന്ദേ ഭാരതിന്റെ മേൽക്കൂര ചോർന്നു, അകത്ത് മഴ പോലെ വെള്ളം, എസിയുമില്ലാതെ യാത്രക്കാർക്ക് ദുരിതം; പ്രതികരിച്ച് റെയിൽവെ

Published : Jun 24, 2025, 09:26 PM IST
Vande Bharat water leak

Synopsis

പലതവണ പരാതി പറഞ്ഞിട്ടും റെയിൽവെ ജീവനക്കാർ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന്  യാത്രക്കാരൻ ആരോപിച്ചു.

ന്യൂഡൽഹി: വന്ദേഭാരത് ട്രെയിനിന്റെ എസി പ്രവർത്തിക്കാത്തതിന് പുറമെ മേൽക്കൂരയിൽ നിന്ന് വെള്ളം ചോർന്നൊലിക്കാൻ തുടങ്ങിയതോടെ വലഞ്ഞ് യാത്രക്കാർ. വരാണസി - ന്യൂഡൽഹി വന്ദേഭാരത് എക്സ്പ്രസിൽ നിന്നുള്ള ദൃശ്യങ്ങൾ ഒരു യാത്രക്കാരൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. അതീവ ദുഷ്കരമായ അവസ്ഥയായിരുന്നു യാത്രയിലെന്നും പലതവണ പരാതി പറഞ്ഞിട്ടും റെയിൽവെ ജീവനക്കാർ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും ദർശിൽ മിശ്ര എന്ന യാത്രക്കാരൻ എക്സിൽ വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് ആരോപിച്ചു. ട്രെയിനിലെ സീലിങിലെ വെന്റുകളിൽ നിന്ന് വെള്ളം താഴേക്ക് വീഴുന്നതാണ് പുറത്തുവന്ന വീഡിയോ ക്ലിപ്പിലുള്ളത്.

 

 

ഉയർന്ന തുകയ്ക്ക് ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാൻ വന്നപ്പോഴുള്ള അവസ്ഥയാണിതെന്ന് അദ്ദേം ആരോപിക്കുന്നു. ഒഴിഞ്ഞ സീറ്റിന് മുകളിലേക്ക് വെള്ളം വീഴുന്നത് ദൃശ്യങ്ങളിൽ കാണാം. സീറ്റ് നനഞ്ഞ് കുതിർന്നു. ഈ യാത്രയുടെ ടിക്കറ്റ് തുക പൂർണമായി റീഫണ്ട് ചെയ്യണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. ജീവനക്കാർ ഒരു ഉത്തരവാദിത്തവും കാണിച്ചില്ലെന്നും ആരോപണമുണ്ട്. എസി പ്രവർത്തിക്കാതിരുന്നതോടെ ചൂട് സഹിച്ചായിരുന്നു യാത്രയെന്നും അദ്ദേഹം പറയുന്നു.

 

 

വീഡിയോ പ്രചരിച്ചതോടെ റെയിൽവെ പ്രതികരിച്ചു. ഡ്രിപ്പ് ട്രേയിലെ ഡ്രെയിൻ ഹോളുകൾ ബ്ലോക്കായത് കാരണം എസിയുടെ കൂളിങ് കോയിലിൽ നിന്ന് വെള്ളം ലീക്കായാതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് 'റെയിൽവെ സേവ' എക്സിലൂടെ തന്നെ വിശദീകരിച്ചു. വെള്ളം എ.ഡി ഡക്റ്റിലൂടെ യാത്രക്കാർ ഇരിക്കുന്ന സ്ഥലത്തേക്ക് വീഴുകയായിരുന്നു. ട്രെയിൻ ഡൽഹിയിൽ എത്തിയ ഉടനെ ഡ്രിപ്പ് ട്രേ വൃത്തിയാക്കുകയും വാഷർ സ്ഥാപിച്ച് തകരാർ പൂർണമായി പരിഹരിക്കുകയും ചെയ്ത ശേഷമാണ് തുടർ യാത്ര നടത്തിയതെന്നും റെയിൽവെ വിശദീകരിക്കുന്നു. കഴിഞ്ഞ മാസം പരിശോധന നടത്തിയ കോച്ചായിരുന്നു ഇതെന്നും പറയുന്നു. അതേസമയം യാത്രക്കാരിൽ നിന്ന് കടുത്ത വിമർശനമാണ് വീഡിയോയ്ക്ക് ചുവടെ ഉയരുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

400 കി.മീ ദൂരത്തേക്ക് കുതിച്ച് പായും, 12015 കോടി അനുവദിച്ച് കേന്ദ്രം, പുതിയ 13 സ്റ്റേഷനുകളടക്കം; 3 വർഷത്തിൽ ദില്ലി മെട്രോ അത്ഭുതപ്പെടുത്തും!
ഹണിമൂൺ കഴിഞ്ഞെത്തിയതിന് പിന്നാലെ നവവധുവിന്റെ ആത്മഹത്യാ ശ്രമം; സംഭവം ബെം​ഗളൂരുവിൽ