
സ്കൂള്‍ തുറക്കാതെ നാളെ അധ്യയനം തുടങ്ങുന്നു. ഓണ്‍ ലൈന്‍ ക്ലാസ് ഒരുക്കങ്ങളും ആശങ്കകളും ഏഷ്യാനെറ്റ് ന്യൂസ് മൂന്നു മണി മുതൽ നാല് വരെ ചര്‍ച്ച ചെയ്യുന്നു. സര്‍ക്കാര്‍ പ്രതിനിധികളും വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധരും കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ചർച്ചയിൽ പങ്കെടുക്കും.
തിരുവനന്തപുരം: സ്കൂളുകൾ തുറക്കാതെ നാളെ മുതൽ സംസ്ഥാനത്ത് പുതിയ അധ്യയനവർഷം തുടങ്ങുന്നു. വിക്ടേഴ്സ് ചാനൽ വഴിയും ഓൺലൈനിലൂടെയും ഉള്ള ക്ലാസുകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പാഠപുസ്തകങ്ങൾ വിദ്യാർത്ഥികളുടെ വീട്ടിലെത്തിക്കാൻ നടപടി എടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഇതാദ്യമായാണ് കുട്ടികൾ സ്കൂളിലേക്കെത്താതെ ക്ലാസ് തുടങ്ങുന്നത്. വിക്ടേഴ്സ് ചാനലിലൂടെ രാവിലെ എട്ടര മുതൽ വൈകീട്ട് അഞ്ച് വരെയാണ് ക്ലാസുകൾ. അര മണിക്കൂർ വീതമാണ് വിദഗ്ധരുടെ ക്ലാസ്. ഓരോ ക്ലാസുകളിലും ഓരോ സമയം ഏത് വിഷയത്തിലുള്ള ക്ലാസുകളായിരിക്കുമെന്ന് ടൈം ടേബിൾ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി.
പന്ത്രണ്ടാം ക്ലാസിലേക്കുള്ള വിഷയങ്ങൾ രാത്രി ഏഴിനും പത്താം ക്ലാസിലേക്കുള്ള വിഷയങ്ങൾ വൈകീട്ട് അഞ്ചരമുതലും പുനസംപ്രേഷണം ഉണ്ടാകും. വിക്ടേഴ്സ് ചാനലിൻറെ ഫേസ് ബുക്ക് പേജ് വഴിയും യൂട്യൂബ് ലിങ്കിലൂടെയും ക്ലാസുകൾ കേൾക്കാം. ആദ്യ ആഴ്ച ട്രയൽ ആണ്. അത് കൊണ്ട് തന്നെ ജൂൺ ഒന്നിലെ ക്ലാസുകൾ അതേ ക്രമത്തിൽ ജൂൺ എട്ടിന് വീണ്ടും സംപ്രേഷണം ചെയ്യും.
ടെലിവിഷനോ ഇൻ്റർനെറ്റോ ഇല്ലാത്ത കുട്ടികൾക്ക് അവരുമായി ആലോചിച്ച് പ്രധാന അധ്യാപകർ ക്ലാസ് ഉറപ്പാക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് നിർദ്ദേശം. കൈറ്റ് സ്കൂളുകളിൽ നൽകിയ ലാപ് ടോപ്പുകളും പ്രൊജക്ടറുകളും ടെലിവിഷനുകളും ഇത്തരം വിദ്യാർത്ഥികൾക്കായി അതാത് പ്രദേശങ്ങളിൽ ഉപയോഗിക്കണം. സംപ്രേഷണ സമയത്ത് ക്ലാസ് നഷ്ടപ്പെടുന്നവർക്ക് പിന്നീട് ക്ലാസുകൾ ഡൗൺ ലോഡ് ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കും. ഓൺലൈൻ ക്ലാസിനൊപ്പം പാഠപുസ്തക വിതരണത്തിലേക്കും വിദ്യാഭ്യാസ വകുപ്പ് കടക്കുകയാണ്
സ്കൂൾ തുറക്കും വരെ അധ്യാപകർ സ്കൂളിലെത്തേണ്ട. പക്ഷെ വിക്ടേഴ്സിലെ ക്ലാസുകൾ തീരുന്ന മുറക്ക് അതാത് ക്ലാസുകളിലെ അധ്യാപകർ വിദ്യാർത്ഥികളുമായി വാട്സ് അപ്പ് ഗ്രൂപ്പ് വഴിയോ ഫോണിലൂടെയോ ആശയവിനിമയം നടത്തണം. കേന്ദ്രത്തിൻ്റെ അൺലോക്ക് തീരുമാനമനുസരിച്ച് സ്കൂൾ തുറക്കാൻ ജുലെെ ആകും
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖല നാളെ പുതിയൊരു ചുവട് വയ്ക്കുന്പോള്‍ രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും സംശയങ്ങളും ആശങ്കകളും നിരവധിയാണ്. ഒന്നിലേറെ കുട്ടികളുളള വീട്ടില്‍ സാങ്കേതിക ഉപകരണങ്ങളുടെ കുറവാണ് രക്ഷിതാക്കളെ വലക്കുന്നത്. കൂട്ടുകാരേയും അധ്യാപകരേയും കാണാൻ കഴിയാത്ത പഠനരീതിയെക്കുറിച്ച് കുട്ടികള്‍ക്കും സംശയങ്ങളുണ്ട്.
പ്രവേശന ഉത്സവവും പുതിയ കൂട്ടുകാരും. പുത്തനുടുപ്പും ഒന്നുമില്ലാതെ ടിവിയുടേയോ കമ്പ്യൂട്ടറിന്റെയൊ മൊബൈലിന്‍റേയോ ചതുരവടിവിൽ ഒതുങ്ങുന്ന പഠനം. സ്കൂളിന്‍റെ വിശാല ലോകത്ത് നിന്ന് വീട്ടിലെ ഡിജിറ്റൽ സ്ക്രീനിലേക്ക് ചുരുങ്ങുന്ന കുട്ടിമനസുകൾ. പുതിയ രീതിയുടെ പ്രായോഗികതയെ കുറിച്ച് രക്ഷിതാക്കൾക്ക് ആശങ്കയുണ്ട്. ദിവസം മുഴുവൻ സ്കൂളിലിരുന്ന പഠിച്ചിരുന്ന കുട്ടികൾ ചുരുക്കം ചില മണിക്കൂറിലെ വിക്ടേഴ്സ് ചാനലിലെ ക്ലാസ് കൊണ്ട് എങ്ങനെ പഠിക്കുമെന്നും കുട്ടികൾ പുതിയ രീതിയെ എങ്ങനെ സ്വീകരിക്കുമെന്നും പലർക്കും ആശങ്കയുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam