Latest Videos

മലയാളി യുവതികളടക്കം ഐഎസ്സിൽ ചേരാൻ പോയവർ അഫ്ഗാൻ ജയിലിൽ: റിപ്പോർട്ട്

By Web TeamFirst Published Jan 7, 2020, 3:37 PM IST
Highlights

ദേശീയമാധ്യമമായ ഫസ്റ്റ് പോസ്റ്റ് പുറത്തു വിട്ട വാര്‍ത്ത പ്രകാരം തിരുവനന്തപുരം സ്വദേശിനി നിമിഷ എന്ന ഫാത്തിമയും ഇവരുടെ ഭര്‍ത്താവും കുഞ്ഞും കാബൂളിലെ ജയിലില്‍ ഉണ്ട്. 

ദില്ലി: ഇസ്ലാമിക് സ്റ്റേറ്റ്സില്‍ ചേരാനായി കേരളം വിട്ട മലയാളി യുവതികളില്‍ ചിലര്‍ ഭര്‍ത്താവ് കൊല്ലപ്പെട്ട ശേഷം ഇപ്പോള്‍ കാബൂളിലെ ജയിലില്‍ ഉണ്ടെന്ന് കേന്ദ്ര അഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചു. ഇവരില്‍ പലരും മലയാളികളാണ് എന്നാണ് വിവരം. അഭ്യന്തരമന്ത്രാലയത്തിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങളായ ഫസ്റ്റ് പോസ്റ്റും ന്യൂസ് 18-ഉം ആണ് ഈ വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. 

കേരളത്തില്‍ നിന്നും ഐഎസില്‍ ചേരാന്‍ പോയവരില്‍ ഭൂരിപക്ഷവും അഫ്‍ഗാനിസ്ഥാനിലെ  നാന്‍ഗര്‍ഹറിലാണ് എത്തിച്ചേര്‍ന്നത്. യുഎസ് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ഇവരില്‍പ്പെട്ട സംഘത്തിലെ ഭൂരിഭാഗം പുരുഷന്‍മാരും കൊല്ലപ്പെട്ടു. ബാക്കിയായ സ്ത്രീകളേയും കുട്ടികളേയും അഫ്‍ഗാനിസ്ഥാന്‍ സൈന്യം അറസ്റ്റ് ചെയ്യുകയും കാബൂളിലെ ബദം ബാര്‍ഗ് ജയിലില്‍ അടക്കുകയും ചെയ്തു. 

89 ഇന്ത്യക്കാര്‍ ഇസ്ലാമിക് സ്റ്റേറ്റ്സില്‍ ചേരാനായി ഇന്ത്യ വിട്ടു എന്നാണ് രഹസ്യന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന വിവരം. ഈ കൂട്ടത്തിലുള്ള പല പെണ്‍കുട്ടികളും രാജ്യം വിടുമ്പോള്‍ ഗര്‍ഭിണികളായിരുന്നു. നവജാത ശിശുകളുമായും ചെറിയ കുട്ടികളുമായും രാജ്യം വിട്ടവരുമുണ്ട്. കുടുംബമായാണ് ഇവരില്‍ പലരും രാജ്യം വിട്ടതെങ്കിലും സംഘത്തിലെ പുരുഷന്‍മാരെല്ലാം ഇതിനോടകം കൊല്ലപ്പെട്ടു കഴിഞ്ഞു.

ഫസ്റ്റ് പോസ്റ്റ് പുറത്തു വിട്ട വാര്‍ത്ത പ്രകാരം തിരുവനന്തപുരം സ്വദേശിനി നിമിഷ എന്ന ഫാത്തിമയും ഇവരുടെ ഭര്‍ത്താവും കുഞ്ഞും കാബൂളിലെ ജയിലില്‍ ഉണ്ട്.  ഇവരെ കൂടാതെ ഭര്‍ത്താക്കന്‍മാര്‍ കൊല്ലപ്പെട്ട മറിയം (മെറിന്‍ ജേക്കബ് പാലത്ത്), ആയിഷ (സോണിയ സെബാസ്റ്റ്യന്‍), റാഹില പുരയില്‍, ഷംസിയ പുരയില്‍, ഷഹീന കണ്ടേന്‍ എന്നിവരെല്ലാം  ജയിലിലുണ്ട്. 

കാബൂളില്‍ ജയിലില്‍ കഴിയുന്ന ഇവരെ എന്‍ഐഎയുടേയും ഇന്‍റലിജന്‍സ് ഏജന്‍സിയിലേയും ഉദ്യോഗസ്ഥര്‍ അവിടെയെത്തി ചോദ്യം ചെയ്തുവെന്നാണ് വിവരം. ജയിലിലുള്ള ഇന്ത്യക്കാരെ തിരികെ കൊണ്ടു വന്ന് ഇന്ത്യന്‍ കോടതിയില്‍ വിചാരണ നടത്തി ശിക്ഷിക്കണോ  അതോ അഫ്‍ഗാനിസ്ഥാന് തന്നെ വിട്ടുനല്‍കി അവിടുത്തെ നിയമം അനുസരിച്ച് വിചാരണ നടത്താന്‍ അനുവദിക്കണോ എന്ന കാര്യത്തില്‍  സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചകള്‍ സജീവമാണെന്നും ഫസ്റ്റ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 

ഇവരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടു വരുന്ന പക്ഷം കുട്ടികളെ എങ്ങനെ കൈകാര്യം ചെയ്യും എന്നതാണ് പ്രധാന വിഷയം.  അതേസമയം ജയിലിലെ സ്ത്രീകളില്‍ ചിലര്‍  ഇപ്പോഴും ഇസ്ലാമിക് സ്റ്റേറ്റ്സ് ആശയങ്ങളോട് അനുഭാവം പുലര്‍ത്തുന്നുണ്ടെന്നും ഒരു ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഫസ്റ്റ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

click me!