ഭാരതീയ ജനതാ പാർട്ടിയുടെ പുതിയ ദേശീയ അധ്യക്ഷനെ ജനുവരി 20-ന് തിരഞ്ഞെടുക്കും, ഇതോടെ ജെ.പി നദ്ദയുടെ ആറ് വർഷത്തെ അധ്യക്ഷ കാലഘട്ടത്തിന് അവസാനമാകും. ജനുവരി 19-ന് നാമനിർദ്ദേശ പ്രക്രിയ ആരംഭിക്കും.
ദില്ലി: ഭാരതീയ ജനതാ പാർട്ടി(ബിജെപി)യുടെ പുതിയ ദേശീയ അധ്യക്ഷനെ ഈ മാസം 20ന് തെരഞ്ഞെടുക്കും. പാർട്ടിയുടെ ദേശീയ റിട്ടേണിംഗ് ഓഫീസറും രാജ്യസഭാ എംപിയുമായ കെ ലക്ഷ്മൺ പുറപ്പെടുവിച്ച ഔദ്യോഗിക വിജ്ഞാപന പ്രകാരം, പാർട്ടിയുടെ വോട്ടർ പട്ടിക വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് പ്രസിദ്ധീകരിക്കും. സ്ഥാനാർത്ഥികളുടെ രജിസ്ട്രേഷൻ പ്രക്രിയ ജനുവരി 19 ന് ആരംഭിക്കും. ജനുവരി 19 ന് ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിച്ച് രണ്ട് മണിക്കൂർ നീണ്ടുനിൽക്കും. വൈകുന്നേരം 4 മുതൽ 5 വരെ നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും, തുടർന്ന് ആവശ്യമെങ്കിൽ എല്ലാ സ്ഥാനാർത്ഥികൾക്കും അവരുടെ പേരുകൾ പിൻവലിക്കാൻ ഒരു മണിക്കൂർ സമയം വോട്ടെടുപ്പ് ജനുവരി 20 ന് നടക്കും. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ എല്ലാ മുഖ്യമന്ത്രിമാരും, എല്ലാ സംസ്ഥാന ബിജെപി പ്രസിഡന്റുമാരും, ദേശീയ ഭാരവാഹികളും, മുതിർന്ന ബിജെപി നേതാക്കളും ദില്ലിയിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ എത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു.
ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മൂന്ന് സെറ്റ് നാമനിർദ്ദേശ പത്രികകൾ സമർപ്പിക്കും. ഒരു സെറ്റിൽ തിരഞ്ഞെടുക്കപ്പെട്ട 20-ലധികം സംസ്ഥാന ബിജെപി പ്രസിഡന്റുമാരുടെ ഒപ്പുകൾ ഉണ്ടായിരിക്കും. ഒരു സെറ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, രാജ്‌നാഥ് സിംഗ്, അമിത് ഷാ, ജെ പി നദ്ദ എന്നിവരുടെ ഒപ്പുകൾ ഉണ്ടായിരിക്കും.
നിലവിൽ വർക്കിംഗ് പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്ന നിതിൻ നബിനിന്റെ പേരാണ് മുന്നിൽ. 2020 ജനുവരിയിൽ അധികാരമേറ്റ കേന്ദ്രമന്ത്രി ജെ പി നദ്ദയുടെ പിൻഗാമിയായി അദ്ദേഹം ചുമതലയേൽക്കും. കഴിഞ്ഞ വർഷം ദേശീയ വർക്കിംഗ് പ്രസിഡന്റായി നിയമിതനായതിനുശേഷം, തമിഴ്‌നാട്, അസം, കേരളം, പശ്ചിമ ബംഗാൾ, പുതുച്ചേരി എന്നിവിടങ്ങളിലെ വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകൾക്കുള്ള പാർട്ടിയുടെ ഒരുക്കങ്ങളിലാണ് നിതിൻ നബിൻ.
ബിജെപി ഭരണഘടനയുടെ ആർട്ടിക്കിൾ 21 അനുസരിച്ച്, യോഗ്യതയുള്ള ഏതൊരു അംഗത്തിനും തുടർച്ചയായി 3 വർഷം വീതം 2 തവണ പ്രസിഡന്റ് സ്ഥാനം വഹിക്കാം. ആർട്ടിക്കിൾ 19 അനുസരിച്ച്, ദേശീയ കൗൺസിൽ അംഗങ്ങളും സംസ്ഥാന കൗൺസിലുകളിലെ അംഗങ്ങളും ഉൾപ്പെടുന്ന ഇലക്ടറൽ കോളേജ് വഴിയാണ് പാർട്ടി പ്രസിഡന്റിന്റെ തിരഞ്ഞെടുപ്പ് നടക്കുന്നത്. ദേശീയ എക്സിക്യൂട്ടീവ് രൂപപ്പെടുത്തിയ നിയമങ്ങൾക്കനുസൃതമായാണ് തെരഞ്ഞെടുപ്പ് നടക്കുക.
