കടുത്ത മഞ്ഞിനിടെയാണ് ദില്ലി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സംഭവങ്ങൾ നടന്നത്.
ദില്ലി:ഇറാനിലെ വ്യോമപാത അടച്ചു. ദില്ലിയിൽ തിരിച്ചിറങ്ങി ടാക്സി ചെയ്യുന്നതിനിടെ എയർ ഇന്ത്യ വിമാനത്തിന്റെ എൻജിൻ ബാഗേജ് കണ്ടെയ്നറിൽ ഇടിച്ച് കയറി. വിമാനം പാർക്കിങ് ബേയിലേക്ക് എത്തുന്നത് തൊട്ടുമുൻപാണ് ബാഗേജ് കണ്ടെയ്നർ എൻജിനിൽ ഇടിച്ചത്. പിന്നാലെ തന്നെ വലതുവശത്തെ എൻജിൻ ബാഗേജ് കണ്ടെയ്നറിനെ എൻജിന് ഉള്ളിലേക്ക് വലിച്ചെടുക്കുകയായിരുന്നു. എയർ ഇന്ത്യയുടെ എയർബസ് എ 350 വിമാനത്തിലാണ് അപ്രതീക്ഷിത സംഭവങ്ങൾ നേരിട്ടത്. വ്യാഴാഴ്ച രാവിലെ നടന്ന സംഭവത്തിൽ ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കടുത്ത മഞ്ഞിനിടെയാണ് ദില്ലി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സംഭവങ്ങൾ നടന്നത്. എൻജിൻ ഇൻജഷൻ എന്ന പ്രതിഭാസമാണ് സംഭവത്തിന് പിന്നിലെന്നാണ് ഡിജിസിഎ വിശദമാക്കുന്നത്. പ്രവർത്തിക്കുന്ന എൻജിനോട് കൂടിയ വിമാനത്തിന് മനുഷ്യരെ ഉൾപ്പെടെ എന്ത് അന്യ പദാർത്ഥത്തേയും വലിച്ചെടുക്കാനുള്ള ശേഷിയുണ്ട്.
കാർഗോ ഹോൾഡറുകൾ, കാറ്ററിങ് സാധനങ്ങൾ, നിർമാണ സാമഗ്രികൾ, പാറകൾ, മണൽ, ലഗേജിന്റെ ഭാഗങ്ങൾ, വന്യജീവികൾ എന്നിങ്ങനെ പല വസ്തുക്കളെയും വിമാനങ്ങൾ ഇത്തരത്തിൽ വലിച്ചെടുത്തതായി സംഭവങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായിട്ടുമുണ്ട്. ഇത്തരം അപകടം തടയാനുള്ള മുൻ കരുതലെന്ന നിലയിൽ ഗ്രൌണ്ട് ഡ്യൂട്ടി ജീവനക്കാർ അടക്കം വിമാനം ടാക്സി ചെയ്യുമ്പോൾ നിശ്ചിത അകലം പാലിക്കണമെന്ന് കർശന നിർദ്ദേശമുണ്ട്.ദില്ലിയിൽ വിമാനം തിരികെയിറങ്ങുമ്പോൾ മൂടൽ മഞ്ഞ് കാരണം കാഴ്ച കുറഞ്ഞിരുന്നു. ഇതിനിടെ പൈലറ്റുമാർക്കും എയർ ട്രാഫിക് കൺട്രോളർമാർക്കും ലഗേജ് കൈകാര്യം ചെയ്യുന്നവർക്കും മറ്റ് സേവനങ്ങൾ നൽകുന്ന ഗ്രൗണ്ട് സ്റ്റാഫുകൾക്കും സംഭവിച്ച പിഴവാണ് ബാഗേജ് കണ്ടെയ്നർ സംഭവമെന്നാണ് ഡിജിസിഎ വിശദമാക്കുന്നത്. സംഭവത്തിൽ യാത്രക്കാർക്ക് ആർക്കും പരിക്കുകളൊന്നുമില്ലെങ്കിലും എൻജിന് കാര്യമായ തകരാറുകളുണ്ട് എന്നാണ് പ്രാഥമിക വിലയിരുത്തൽ.


