ബെംഗളൂരു അക്രമം; അറസ്റ്റിലായ പ്രതി മരിച്ചു, കൊവിഡ് ബാധിതനായിരുന്നു

By Web TeamFirst Published Aug 15, 2020, 11:02 PM IST
Highlights

ചൊവ്വാഴ്ച രാത്രി നഗരത്തില്‍ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 11 എഫ്ഐആറുകളാണ് ബെംഗളൂരു പൊലീസ് രജിസ്റ്റർ ചെയ്തത്.

ബെംഗളൂരു: ബെംഗളൂരു അക്രമത്തില്‍ അറസ്റ്റിലായ പ്രതി മരിച്ചു. കെജി ഹള്ളി സ്വദേശിയായ സയ്യാദ് നദീം (24) ആണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്ന പ്രതി കൊവിഡ് ബാധിതനായിരുന്നു. ചൊവ്വാഴ്ച രാത്രി നഗരത്തില്‍ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 11 എഫ്ഐആറുകളാണ് ബെംഗളൂരു പൊലീസ് രജിസ്റ്റർ ചെയ്തത്. ഇതുവരെ 206 പേ‍ർ അറസ്റ്റിലായിട്ടുണ്ട്. സർക്കാർ പ്രഖ്യാപിച്ച മജിസ്റ്റീരിയല്‍ അന്വേഷണം ഉടന്‍ തുടങ്ങും.

കലാപത്തെക്കുറിച്ച് സെൻട്രൽ ക്രൈംബ്രാഞ്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കലാപവുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ എണ്ണം 206 ആയെന്നും അന്വേഷണം ഇപ്പോഴും തുടരുകയാണെന്നും ബെംഗളൂരു ജോയിന്‍റ് കമ്മീഷണർ സന്ദീപ് പാട്ടിൽ പറഞ്ഞു. നഗരത്തിൽ വിവിധയിടങ്ങളിൽ പൊലീസ് പരിശോധന തുടരുകയാണ്. അക്രമത്തിന്‍റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയും തുടരുന്നുണ്ട്. കലാപത്തിന് പിന്നിൽ എസ്ഡിപിഐയാണെന്നും സംഘടനയെ നിരോധിക്കാനുള്ള നടപടി തുടരുകയാണെന്നും കർണാടക അഭ്യന്തരമന്ത്രി നേരത്തെ അറിയിച്ചിരുന്നു. 

click me!