പോരാട്ടം തുടരുകയാണെന്നും എല്ലാം നല്ലതുപോലെ പോകുന്നുണ്ടെന്നും ശരദ് പവാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു. ശരദ് പവാർ ഇന്ത്യാസഖ്യത്തിനൊപ്പം അണിനിരക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം എന്നും മതേതര സഖ്യത്തിനൊപ്പം നിലകൊണ്ടയാളാണെന്നും കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറും പ്രതികരിച്ചു.

മുംബൈ: പാർലമെന്റിൽ മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ച എൻസിപി(എസ്പി)യെ അനുനയിപ്പിക്കാനുള്ള ഇന്ത്യാസഖ്യ നേതാക്കളുടെ ചർച്ച പൂർത്തിയായി. ഞായറാഴ്ച രാത്രി വൈകിയാണ് മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ എൻസിപി അധ്യക്ഷൻ ശരദ് പവാറുമായുള്ള കൂടിക്കാഴ്ച അവസാനിച്ചത്. പോരാട്ടം തുടരുകയാണെന്നും എല്ലാം നല്ലതുപോലെ പോകുന്നുണ്ടെന്നും ശരദ് പവാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു. ശരദ് പവാർ ഇന്ത്യാസഖ്യത്തിനൊപ്പം അണിനിരക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം എന്നും മതേതര സഖ്യത്തിനൊപ്പം നിലകൊണ്ടയാളാണെന്നും കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറും പ്രതികരിച്ചു.

മണ്ഡല പുനർനിർണായ ബില്ലിന് പിന്തുണ അറിയിച്ച ഡിഎംകെയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ പാളിയതിന് പിന്നാലെയാണ് ഇന്ത്യാസഖ്യ നേതാക്കൾ ഞായറാഴ്ച രാത്രിയോടെ മുംബൈയിൽ എത്തിയത്. നേരത്തേ ചെന്നൈയിൽ ഇന്ത്യാസഖ്യ നേതാക്കൾ ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും അനുനയശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു. സോണിയ ​ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ നേരിട്ടെത്തി ചർച്ച നടത്തിയിട്ടും സ്റ്റാലിൻ വഴങ്ങിയില്ല. തമിഴ്നാടിന്റെ താത്പര്യം മുൻനിർത്തിയാണ് ഈ തീരുമാനമെന്നും തമിഴ്നാടിന്റെ താത്പര്യം മാത്രമാണ് തന്റെ മുന്നിലുള്ളതെന്നും സ്റ്റാലിൻ ഇന്ത്യാസഖ്യ നേതാക്കളോട് പറഞ്ഞു. അനുനയനീക്കം പാളിയതോടെ രാഹുൽ ​ഗാന്ധി ആർഎസ്എസിന് തമിഴ്നാടിനോട് വെറുപ്പാണെന്നും പ്രതികരിച്ചു.

ചെന്നൈ ദൗത്യം പരാജയപ്പെട്ടതിന് പിന്നാലെയാണ് രാഹുൽ ​ഗാന്ധിയും മല്ലികാർജുൻ ഖർ​ഗെയും ഉൾപ്പെടെയുള്ള ഇന്ത്യാസഖ്യ നേതാക്കൾ മുംബൈയിലേക്ക് പറന്നത്. മുംബൈയിലെ ആശുപത്രിയിൽ കഴിയുന്ന എൻസിപി(എസ്പി) അധ്യക്ഷൻ ശരദ് പവാറിനെ നേരിട്ടുകണ്ട് ബില്ലിനെ പിന്തുണയ്ക്കുന്നതിൽനിന്ന് പിന്മാറണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. അതേസമയം, ചർച്ചയിൽ എന്ത് തീരുമാനമുണ്ടായെന്ന് നേതാക്കളാരും വ്യക്തമായി പ്രതികരിച്ചിട്ടില്ല.