
കൊഹിമ: നാഗാലാന്‍റില്‍ വിമത നേതാവിന്‍റെ മകന്‍ വിവാഹത്തിന് വധുവിനൊപ്പം തോക്കുമായി നില്‍ക്കുന്ന ചിത്രം വിവാദമായതിന് പിന്നാലെ ഇരുവരേയും അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ആയുധ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ബുധനാഴ്ചയാണ് ഇരുവരേയും നാഗാ പൊലീസ് അറസ്റ്റ് ചെയ്തത്. വധുവും വരനും തോക്കുമായി നിൽക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസിന്റെ നടപടി.
രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് നാഗാലാന്‍റിലെ എന്‍എസ്‍സിഎന്‍ - യു (National Socialist council of Nagaland-Unification)നേതാവ് ബൊഹോതോ കിബയുടെ മകനും വധുവും വിവാഹ വേദിയിൽ തോക്കേന്തി നിൽക്കുന്ന വാർത്തകൾ പുറത്തുവന്നത്. എ കെ 47, എം16 എന്നീ ഓട്ടോമാറ്റിക് തോക്കുകളാണ് ഇവരുടെ പക്കല്‍ ഉണ്ടായിരുന്നത്. നവംബര്‍ 9 ന് നടന്ന റിസപ്ഷനില്‍ ഇരുവരും തോക്കുമായെത്തിയത് ക്ഷണിക്കപ്പെട്ട അതിഥികളെ വരെ ഞെട്ടിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
Read Also: തോക്കേന്തി വരനും വധുവും; നാഗാ വിമത നേതാവിന്‍റെ മകന്‍റെ വിവാഹം വിവാദത്തില്‍
നാഗാ ഗ്രൂപ്പുമായി കേന്ദ്രസര്‍ക്കാര്‍ സമാധാന കരാര്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വിവാഹവേദിയില്‍ ആയുധവുമായി നില്‍ക്കുന്ന നേതാവിന്‍റെ മകന്‍റെയും വധുവിന്‍റെയും ചിത്രങ്ങള്‍ പുറത്തുവന്നത്. താന്‍ ആ ചിത്രങ്ങള്‍ കണ്ടിട്ടില്ലെന്നും അതിനിക്കുറിച്ച് ആശങ്കപ്പെടുന്നില്ലെന്നുമായിരുന്നു നേരത്തെ നാഗാലാന്‍റ് പൊലീസ് ചീഫ് ടി ജോണ്‍ ലോംഗ്‍കുമെര്‍ പറഞ്ഞിരുന്നത്. ഏഴ് നാഗാ വിമതര ഗ്രൂപ്പുകളില്‍ ഒന്നാണ് എന്‍എസ്‍സിഎന്‍ - യു. 2007 നവംബര്‍ 23നാണ് എന്‍എസ്‍സിഎന്‍ - യു സ്ഥാപിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam