
ലക്നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധത്തിനിടെ അറസ്റ്റിലായവരോടുള്ള ഉത്തര്‍പ്രദേശ് പൊലീസിന്‍റെ പെരുമാറ്റത്തെക്കുറിച്ച് വെളിപ്പെടുത്തി ആക്ടിവിസ്റ്റ്. ലക്നൗവില്‍ ഡിസംബര്‍ 20ന് നടന്ന പ്രതിഷേധത്തിനിടെ അറസ്റ്റിലായ റോബിന്‍ വര്‍മ്മയാണ് ജാമ്യം ലഭിച്ച് പുറത്ത് വന്ന ശേഷം പ്രതികരിച്ചിരിക്കുന്നത്.
ശാരീരികമായി ഉപദ്രവിച്ചതിന് പുറമെ തന്‍റെ ഭാര്യയെയും മകളെയും അപമാനിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ദി ഹിന്ദുവിനോട് റോബിന്‍ പറഞ്ഞു. ഇപ്പോഴും പൊലീസ് കസ്റ്റഡിയില്‍ തന്നെയുള്ള തന്‍റെ ഫോണ്‍ അവര്‍ പരിശോധിച്ചു. കോണ്‍ടാക്ട് ലിസ്റ്റിലും വാട്സ് ആപ്പിലും മുസ്ലീമുകള്‍ ഉള്ളതിനെ കുറിച്ച് അവര്‍ മോശമായാണ് സംസാരിച്ചത്.
അധ്യാപകന്‍ കൂടിയായ തന്‍റെ ജന്മദിനത്തിന് മുസ്ലീമായ ഒരു വിദ്യാര്‍ത്ഥി ആശംസകള്‍ അറിയിച്ചിരുന്നു. എങ്ങനെ അവനെ അറിയാം? എന്തിനാണ് അവരുമായൊക്കെ ചങ്ങാത്തം? എന്തിനാണ് അവരുടെ കൂടെ നടക്കുന്നത് എന്നൊക്കെയാണ് പിന്നീട് പൊലീസുകാര്‍ ചോദിച്ചത്. തന്‍റെ കുടുംബത്തെ ആകെ നശിപ്പിച്ച് കളയുമെന്നും ഭാര്യയെയും മകളെയും വേശ്യകളാക്കി മാറ്റുമെന്നും അവര്‍ ഭീഷണിപ്പെടുത്തി. ലാത്തി കൊണ്ട് ക്രൂരമായാണ് അവര്‍ തല്ലിച്ചതച്ചത്.
ആദ്യം റോബിന്‍റെ പേരില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലായിരുന്നു. പിന്നീട് കലാപശ്രമം, കൊല്ലാന്‍ ശ്രമിക്കുക, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയായിരുന്നു. ഭരണഘടനാവിരുദ്ധമായ ഒരു നിയമത്തിനെതിരെയാണ് പ്രതിഷേധിക്കുന്നത്. അതുകൊണ്ട് തന്നെ നിയമവ്യവസ്ഥയിലും ഭരണഘടനയിലും താന്‍ വിശ്വസിക്കുന്നുവെന്നും റോബിന്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam