കാത്തിരിക്കുന്നത് തൂക്കിലേറ്റുന്ന ദിവസത്തിനായി; നിർഭയയുടെ അമ്മ

By Web TeamFirst Published Jan 14, 2020, 3:51 PM IST
Highlights

പ്രതികൾ തൂക്കിലേറ്റപ്പെട്ടുന്ന ജനുവരി 22നായി കാത്തിരിക്കുകയാണെന്നും. അതായിരിക്കും തന്‍റെ ജീവിതത്തിലെ എറ്റവും പ്രധാനപ്പെട്ട ദിവസമെന്നും ആശാ ദേവി പറയുന്നു.

ദില്ലി: നിർ‍ഭയ കേസ് പ്രതികളായ വിനയ് ശർമ്മയുടെയും മുകേഷ് സിംഗിൻ്റെയും തിരുത്തൽ ഹർജി തിരുത്തിയ സുപ്രീം കോടതി നടപടിയെ സ്വാഗതം ചെയ്ത് പെൺകുട്ടിയുടെ അമ്മ ആശാദേവി. ഇത് തനിക്ക് ഏറെ പ്രധാനപ്പെട്ട ദിവസമാണെന്നും കഴിഞ്ഞള ഏഴ് വർഷമായി താൻ നീതിക്ക് വേണ്ടി പോരാടുകയാണെന്നും ആശാദേവി പറഞ്ഞു. പ്രതികൾ തൂക്കിലേറ്റപ്പെട്ടുന്ന ജനുവരി 22നായി കാത്തിരിക്കുകയാണെന്നും. അതായിരിക്കും തന്‍റെ ജീവിതത്തിലെ എറ്റവും പ്രധാനപ്പെട്ട ദിവസമെന്നും അവർ കൂട്ടിച്ചേർത്തു. 

Asha Devi, mother of 2012 Delhi gang-rape victim: This is a big day for me. I had been struggling for the last 7 years. But the biggest day will be 22nd January when they (convicts) will be hanged. https://t.co/GBfPt9ezIb pic.twitter.com/uMPcVfP7Sf

— ANI (@ANI)

നിർഭയ കേസിലെ പ്രതികളായ വിനയ് ശർമ്മ, മുകേഷ് സിംഗ് എന്നിവർ നൽകിയ തിരുത്തൽ ഹ‍ർജികൾ ജസ്റ്റിസ് എൻ വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് തള്ളിയത്. ജസ്റ്റിസുമാരായ അരുൺ മിശ്ര, ആർ എഫ് നരിമാൻ, ആർ ഭാനുമതി, അശോക് ഭൂഷൺ എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങൾ. പത്ത് മിനുട്ട് കൊണ്ട് ഹർജികൾ പരിഗണിച്ച കോടതി പെട്ടന്ന് തന്നെ പ്രതികളുടെ അപേക്ഷ തള്ളാൻ ഉത്തരവിടുകയായിരുന്നു. 

കേസിലെ നാല് പ്രതികൾക്കും ദില്ലി പട്യാല കോടതി ജനുവരി ഏഴിന് മരണവാറണ്ട് പുറപ്പെടുവിച്ചിരുന്നു. ജനുവരി 22-ന് രാവിലെ 7 മണിക്ക് വധശിക്ഷ നടപ്പാക്കാനാണ് ഉത്തരവ്. വിനയ് ശർമ്മയ്ക്കും, മുകേഷിനും പുറമേ പവൻ ഗുപ്ത്, അക്ഷയ് സിംഗ് എന്നീ പ്രതികളെ കൂടിയാണ് തൂക്കിലേറ്റാൻ പോകുന്നത്. 

2012 ഡിസംബര്‍ 16-നാണ്  23 വയസ്സുള്ള പാരാമെഡിക്കൽ വിദ്യാർത്ഥിനി ദില്ലിയിൽ ബസ്സിൽ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെട്ടത്. പീഡനശേഷം നഗ്നയാക്കിയ യുവതിയെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും ആക്രമികൾ വഴിയിൽ തള്ളി. ക്രൂരബലാത്സംഗത്തിനിടെ ആന്തരികാവയവങ്ങൾക്ക്  ഗുരുതരമായ ക്ഷതങ്ങളേറ്റതിനെ തുടർന്ന് ദില്ലി സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലെ മൌണ്ട് എലിസബത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഡിസംബർ 29-ന് മരണം സംഭവിച്ചു. 

click me!