
മുംബൈ: ഇന്ത്യ വിട്ടുപോകാൻ ആവശ്യപ്പെട്ട് നൽകിയ നോട്ടീസിനെതിരെയുള്ള നിയമ പോരാട്ടത്തിൽ നടൻ ഇമ്രാൻ ഖാന് താൽക്കാലിക ആശ്വാസം. ഒക്ടോബർ 28-നകം രാജ്യം വിടണമെന്ന നോട്ടീസിനെതിരെ ഇമ്രാൻ ഖാൻ നൽകിയ ഹർജിയിൽ മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്ന് ബോംബെ ഹൈക്കോടതി വാദം കേൾക്കുന്നത് നവംബർ 2 ലേക്ക് മാറ്റി. ഹർജി പരിഗണിക്കുന്നത് വരെ നടനെതിരെ കടുത്ത നടപടികളൊന്നും സ്വീകരിക്കില്ലെന്ന് സർക്കാർ കോടതിയിൽ ഉറപ്പുനൽകി.
ഇമ്രാന് രാജ്യം വിടാൻ ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസ് (FRRO) നൽകിയ കാലാവധി അവസാനിക്കാൻ ഒരു ദിവസം ബാക്കിനിൽക്കെയാണ് ഈ നടപടി. യുഎസ് പൗരനും ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡ് ഉടമയുമായ ഇമ്രാൻ ഖാൻ, തനിക്ക് നൽകിയ നോട്ടീസ് ഏകപക്ഷീയവും സ്വാഭാവിക നീതിക്ക് നിരക്കാത്തതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിച്ചത്.
ചീഫ് ജസ്റ്റിസ് മഹേഷ് ചന്ദ്ര ത്രിപാഠി, ജസ്റ്റിസ് അദ്വൈത് സേത്ന എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേന്ദ്രസർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹാജരാകുമെന്ന് രാവിലെ ബെഞ്ചിനെ അറിയിച്ചിരുന്നു. ഇമ്രാന് വേണ്ടി മുതിർന്ന അഭിഭാഷകൻ വെങ്കിടേഷ് ധോണ്ട് ഹാജരായി. എന്നാൽ കൂടുതൽ സമയം വേണമെന്ന് അഡിഷണൽ സോളിസിറ്റർ ജനറൽ ആവശ്യപ്പെട്ടു. തുടർന്ന് കോടതി കേസ് നവംബർ 2 ഉച്ചയ്ക്ക് 3 മണിയിലേക്ക് മാറ്റിവെക്കുകയും ഹർജിയിലുള്ള ഉത്തരവ് അടുത്ത വാദം കേൾക്കുന്നത് വരെ താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തു. അടുത്ത തവണ കേസ് പരിഗണിക്കുന്നത് വരെ ഇമ്രാനെതിരെ മറ്റ് നടപടികളൊന്നും ഉണ്ടാകില്ല.
ഒക്ടോബർ 10-ന് മുംബൈയിലെ ഓഗസ്റ്റ് ക്രാന്തി മൈതാനിയിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തതോടെയാണ് ഇമ്രാൻ ഖാനെ മുംബൈ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെയാണ് ഇമ്രാനെ കസ്റ്റഡിയിലെടുത്തത്. അദ്ദേഹത്തിന്‍റെ പങ്കാളി ലേഖ വാഷിംഗ്ടൺ, കസിൻ സൈൻ മേരി ഖാൻ എന്നിവരെയും കസ്റ്റഡിയിലെടുത്തു. തുടർന്ന് ഒക്ടോബർ 14-ന്, ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസ് ഇമ്രാനോട് രാജ്യം വിടാൻ ആവശ്യപ്പെട്ടു. ഒക്ടോബർ 28-നകം ഇന്ത്യ വിടണം എന്നാണ് നോട്ടീസിലുണ്ടായിരുന്നത്. ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ആക്ട് 2025 ലെ 7(2)(സി), 29 എന്നീ വകുപ്പുകൾ പ്രകാരമാണ് ഈ നോട്ടീസ് നൽകിയത്. കാരണം കാണിക്കൽ നോട്ടീസ് നൽകുകയോ തന്നെ കേൾക്കുകയോ ചെയ്യാതെയാണ് നോട്ടീസ് അയച്ചിരിക്കുന്നതെന്നും ഇത് ഭരണഘടനയുടെ 14, 21 എന്നീ അനുച്ഛേദങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഇമ്രാൻ ഖാൻ കോടതിയെ സമീപിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam