
കൊല്‍ക്കത്ത: അസഹിഷ്ണുതയ്ക്കും ആൾക്കൂട്ട അക്രമങ്ങൾക്കും ജയ്ശ്രീറാം മുദ്രാവാക്യത്തിനുമെതിരെ സംസാരിച്ചാല്‍ കൊന്നുകളയുമെന്ന് അജ്ഞാതര്‍ ഭീഷണിപ്പെടുത്തിയെന്ന് ബംഗാളി സിനിമാതാരം കൗശിക് സെന്നിന്‍റെ പരാതി. മതാധിഷ്ഠിത വിദ്വേഷപ്രചാരണങ്ങള്‍ക്കും അക്രമങ്ങള്‍ക്കും എതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച 49 പ്രമുഖരില്‍ ഒരാളാണ് കൗശിക് സെന്‍.
ഫോണില്‍ വിളിച്ചാണ് തന്നെ ഭീഷണിപ്പെടുത്തിയതെന്ന് കൗശിക് സെന്‍ പൊലീസിനോട് പറഞ്ഞു. ആള്‍ക്കൂട്ട അക്രമങ്ങള്‍ക്കെതിരെയും ജയ് ശ്രീറാം മുദ്രാവാക്യത്തിനെതിരെയും ശക്തമായ നിലപാട് സ്വീകരിച്ച തന്നെ, പ്രതിഷേധങ്ങളില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ കൊന്നുകളയുമെന്ന് അജ്ഞാതര്‍ ഭീഷണിപ്പെടുത്തിയതായാണ് കൗശിക് സെന്‍ പറഞ്ഞതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
കൗശിക് സെന്നിനു പുറമേ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ, സിനിമാ നിര്‍മ്മാതാക്കളായ അപര്‍ണാ സെന്‍, അനുരാഗ് കശ്യപ്, ശ്യാം ബെനഗല്‍, നോവലിസ്റ്റ് അമിത് ചൗധരി, സാമൂഹ്യപ്രവര്‍ത്തകന്‍ ബിനായക് സെന്‍ തുടങ്ങിയവരെല്ലാം ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കുമെതിരായ ആള്‍ക്കൂട്ട അക്രമങ്ങള്‍ വര്‍ധിക്കുന്നതില്‍ ആശങ്കയറിയിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു.