
ഹൈദരാബാദ്: രാഹുല്‍ ഗാന്ധിയുമായി കൈകോര്‍ത്തു പിടിച്ചുള്ള ചിത്രം മോശം കമന്‍റുകളുമായി പ്രചരിപ്പിച്ച ബിജെപി നേതാവിന് മറുപടിയുമായി നടി പൂനം കൗര്‍. തെലങ്കാനയില്‍ ജോഡോ യാത്രയുടെ പര്യടനത്തിനിടെയുള്ള രാഹുലിന്‍റെയും പൂനം കൗറിന്‍റെ ചിത്രമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തുന്ന കമന്‍റുകള്‍ ഉള്‍പ്പെടുത്തി പ്രചരിപ്പിച്ചത്. നടക്കുന്നതിനിടെ വീഴാന്‍ പോയപ്പോഴാണ് രാഹുല്‍ തന്‍റെ കൈയില്‍ പിടിച്ചതെന്ന് പൂനം കൗര്‍ ട്വിറ്ററില്‍ കുറിച്ചു.
ബിജെപി നേതാവ് പ്രീതി ഗാന്ധിയുടെ ട്വീറ്റിന് കുറിക്ക് കൊള്ളുന്ന മറുപടിയാണ് പൂനം നല്‍കിയിട്ടുള്ളത്. രാഹുല്‍ തന്‍റെ മുതു മുത്തച്ഛന്‍റെ കാല്‍പ്പാടുകള്‍ പിന്തുടരുന്നു എന്ന കുറിപ്പോടെയാണ് പ്രീതി, രാഹുലിന്‍റെയും പൂനം കൗറിന്‍റെയും ചിത്രം ട്വീറ്റ് ചെയ്തത്. ഇത് തീർത്തും അപകീർത്തിപ്പെടുത്തുന്നതാണ്. പ്രധാനമന്ത്രി നാരിശക്തിയെക്കുറിച്ച് പറഞ്ഞത് ഓർക്കുക എന്നാണ് ഇതിനോട് പൂനം പ്രതികരിച്ചത്. കോണ്‍ഗ്രസ് നേതാക്കളും പ്രീതി ഗാന്ധിക്കെതിരെ രംഗത്ത് വന്നിരുന്നു.
പ്രീതിയുടേത് വികൃതമായ മനസാണെന്നാണ് ജയ്റാം രമേശ് പറഞ്ഞത്. രാഹുൽ ഗാന്ധി തന്‍റെ മുത്തച്ഛന്റെ പാത പിന്തുടരുകയും രാജ്യത്തെ ഒന്നിപ്പിക്കുകയും ചെയ്യുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് സുപ്രിയ ഷിന്‍ഡേ ട്വീറ്റ് ചെയ്തു. താങ്കള്‍ക്ക് ചികിത്സ ആവശ്യമാണ്. ഈ മാനസികാവസ്ഥ താങ്കളുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ദോഷകരമാണെന്ന് പവന്‍ ഖേരയും പറഞ്ഞു. രാഹുല്‍ ഗാന്ധിയെയും പൂനം കൗറിനെയും പിന്തുണച്ച് ശിവസേന നേതാവ് പ്രിയങ്ക ചതുര്‍വേദിയും രംഗത്ത് വന്നു.
രാഷ്ട്രത്തെ ശക്തിപ്പെടുത്തുന്നതിനും മുന്നോട്ട് നയിക്കുന്നതിനും സ്ത്രീകള്‍ പുരുഷന്മാർക്കൊപ്പം തോളോട് തോൾ ചേർന്ന് നടക്കുന്നതിലേക്കാണ് ഇത് നയിക്കുന്നതെങ്കിൽ, പണ്ഡിറ്റ് നെഹ്‌റുവിന്‍റെ ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാട് മാത്രമല്ല, അംബേദ്കറുടെയും സ്വാതന്ത്ര്യ സമര സേനാനികളുടെയും തുല്യ ഇന്ത്യ എന്ന സ്വപ്നവും സാക്ഷാത്കരിക്കപ്പെടും. ദയവായി ഇരിക്കൂ എന്ന് പ്രിയങ്ക പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam