
ചെന്നൈ: മുഖ്യമന്ത്രി വിജയ്‍യെയും തമിഴക വെട്രി കഴകത്തെയും ലക്ഷ്യമിട്ട് നടി തൃഷയെ വീണ്ടും അധിക്ഷേപകരമായ രാഷ്ട്രീയ തർക്കങ്ങളിലേക്ക് വലിച്ചിഴച്ച് തമിഴ്‌നാട്ടിലെ പ്രതിപക്ഷ നേതാക്കൾ. നടിക്കെതിരെ പ്രകോപനപരമായ പരാമർശം നടത്തി ദിവസങ്ങൾക്കുള്ളിൽ ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ അറസ്റ്റിലായതിന് തൊട്ടുപിന്നാലെയാണ് എഐഎഡിഎംകെ മുതിർന്ന നേതാവ് ആർ ബി ഉദയകുമാറിന്‍റെ വിവാദ പ്രസ്താവന പുറത്തുവന്നത്.
തൃഷയെ എന്ന് തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായി നിയമിക്കുമെന്നാണ് ഇപ്പോൾ ജനങ്ങൾ കാത്തിരിക്കുന്നതെന്നായിരുന്നു എഐഎഡിഎംകെ നേതാവിന്‍റെ പരിഹാസം. തൂത്തുക്കുടിയിൽ നടന്ന പാർട്ടി യോഗത്തിൽ സംസാരിക്കവേയാണ് ഉദയകുമാർ ഈ വിവാദ പരാമർശം നടത്തിയത്. സിനിമാ മേഖലയിലുള്ളവർക്ക് ടിവികെ സർക്കാർ പദവികൾ നൽകുന്നതിനെ വിമർശിക്കുന്നതിനിടയിലായിരുന്നു നടിയെ ലക്ഷ്യമിട്ടുള്ള പരാമർശം. ഈ പ്രസ്താവനയ്ക്കെതിരെ ശക്തമായ പ്രതിഷേധവുമായി തൃഷയുടെ ആരാധക സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.
എഐഎഡിഎംകെ നേതാവിന്‍റെ സ്ത്രീവിരുദ്ധ നിലപാടിനെ അപലപിച്ചുകൊണ്ട് മധുരയിലുടനീളം തൃഷ ഫാൻസ് അസോസിയേഷൻ പോസ്റ്ററുകൾ പതിപ്പിച്ചു. വിജയ്‍യെയും തൃഷയെയും ബന്ധപ്പെടുത്തി അപവാദം പ്രചരിപ്പിക്കുന്നതും വ്യക്തിഹത്യ നടത്തുന്നതും ഇതാദ്യമായല്ല. കഴിഞ്ഞ ആഴ്ച കാവേരി വിഷയവുമായി ബന്ധപ്പെട്ട് തഞ്ചാവൂരിൽ നടന്ന പ്രതിഷേധത്തിനിടയിൽ ഉദയനിധി സ്റ്റാലിൻ തൃഷയ്ക്കെതിരെ ദ്വയാർത്ഥ പ്രയോഗം നടത്തിയത് വൻ വിവാദമായിരുന്നു.
തുടർന്ന് ടിവികെ മഹിളാ വിങ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഉദയനിധിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തു. നേരത്തെ ബിജെപി നേതാവ് നൈനാർ നാഗേന്ദ്രനും വിജയ്‍യുടെ രാഷ്ട്രീയ പ്രവേശനം പരാമർശിക്കവേ തൃഷയുടെ പേര് അനാവശ്യമായി വലിച്ചിഴച്ചിരുന്നു. രാഷ്ട്രീയ എതിരാളികളെ നേരിടാൻ സ്ത്രീകളുടെ പേരും വ്യക്തിജീവിതവും ഉപയോഗിച്ച് അധിക്ഷേപിക്കുന്ന തമിഴ്‌നാട് രാഷ്ട്രീയക്കാരുടെ സ്ത്രീവിരുദ്ധ നിലപാടുകൾക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam