
ദില്ലി: സൗരോര്‍ജ കരാറിന് കൈക്കൂലി നൽകിയെന്ന ആരോപണത്തിൽ അദാനി ഗ്രൂപ്പിനെതിരെ അമേരിക്ക അഴിമതിക്കുറ്റം ചുമത്തിയതിൽ പ്രതികരണവുമായി ചെയര്‍മാൻ ഗൗതം അദാനി. ആദ്യമായിട്ടില്ല ഇത്തരം വെല്ലുവിളികളെന്നും നിയമം പാലിച്ച് തന്നെ മുന്നോട്ടുപോകുമെന്നും ഗൗതം അദാനി പ്രതികരിച്ചു. ആദ്യമായാണ് വിഷയത്തിൽ ഗൗതം അദാനി പരസ്യമായി പ്രതികരിക്കുന്നത്. ജയ്പൂരിൽ നടന്ന ജെംസ് ആൻഡ് ജ്വല്ലറി അവാർഡ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഗൗതം അദാനി
ഓരോ ആക്രമണവും അദാനി ഗ്രൂപ്പിനെ കൂടുതൽ ശക്തമാക്കുകയാണെന്ന് ഗൗതം അദാനി പറഞ്ഞു. പ്രചരിക്കുന്നതൊന്നുമല്ല വസ്തുത. നിക്ഷിപ്ത താത്പര്യത്തോടെയുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഗ്രൂപ്പൂമായി ബന്ധപ്പെട്ട ആറും ഒരുതരത്തിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനമോ ഗൂഢാലോചനയോ നടത്തിയിട്ടില്ല. എങ്കിലും വസ്തുതകളേക്കാള്‍ വേഗത്തിൽ തെറ്റായ കാര്യങ്ങളാണ് ഇന്ന് ഏറ്റവും കൂടുതൽ പ്രചരിക്കുന്നതെന്നും ഗൗതം അദാനി പറഞ്ഞു.
സൗരോര്‍ജ കരാറുകള്‍ ഉറപ്പാക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നൽകിയെന്നാണ് അദാനി ഗ്രീൻ എനര്‍ജിക്കെതിരെയുള്ള പ്രധാന ആരോപണം. ഇതിന്‍റെ പേരിൽ യുഎസിലെ നിക്ഷേപകരെ കബളിപ്പിച്ചെന്നും ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നൽകിയെന്നുമാണ് യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന്‍റെ കുറ്റാരോപണം.
ഗൗതം അദാനി, അദ്ദേഹത്തിന്‍റെ അനന്തരവൻ സാഗര്‍ അദാനി, അദാനി ഗ്രീൻ എനര്‍ജിയുടെ എക്സിക്യൂട്ടീവുകള്‍, അസുര്‍ പവര്‍ ഗ്ലോബൽ ലിമിറ്റഡിന്‍റെ എക്സിക്യൂട്ടീവ് ആയാ സിറിൽ കബനീസ് എന്നിവര്‍ക്കെതിരെ തട്ടിപ്പിനും ഗൂഢാലോചനയ്ക്കും വഞ്ചനയ്ക്കുമാണ് കുറ്റം ചുമത്തിയിട്ടുള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam