
ദില്ലി: കൊവിഡിനെതിരായ വാക്സിൻ എപ്പോഴാണ് എത്തിച്ചേരുകയെന്ന് കേന്ദ്ര ആരോഗ്യമന്ത്രിയോട് കോൺഗ്രസ് നേതാവ് ആധിർ രജ്ഞൻ ചൗധരി. തുടക്കം മുതൽ എല്ലാക്കാര്യങ്ങളും അപകടകരമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. 'ഇന്ത്യയിലെ പോലെ മറ്റൊരു രാജ്യത്തിനും കൊവിഡ് മഹാമാരി മൂലം ഇത്രയധികം ആരോഗ്യപ്രവർത്തകരെയും ഡോക്ടേഴ്സിനെയും നഷ്ടപ്പെട്ടിട്ടുണ്ടാകില്ല. സാമൂഹിക വ്യാപനം സംഭവിച്ചിരിക്കുകയാണ് എന്ന് അംഗീകരിക്കാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. കൃത്യമായ ആസൂത്രണം ഉണ്ടായിരുന്നെങ്കിൽ ഇത്തരമൊരു സാഹചര്യം ഉണ്ടാകുമായിരുന്നില്ല.' കൊവിഡ് മഹാമാരിയെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ ആധിർ രജ്ഞൻ പറഞ്ഞു.
'മഹാമാരി തടയാൻ സാധിക്കില്ല. എന്നാൽ വ്യാപനം നിയന്ത്രിക്കാൻ കഴിയുമായിരുന്നു. മഹാമാരിയുടെ തീവ്രത ലഘൂകരിക്കാനും സാധിക്കുമായിരുന്നു. കൊറോണ വൈറസ് ബാധയെ തുടർന്ന് മരിക്കുന്നവരെക്കുറിച്ചുള്ള റിപ്പോർട്ടിലും എനിക്ക് ആശങ്കയുണ്ട്. രാജ്യത്ത് എത്ര ആശുപത്രികൾക്ക് മരണകാരണത്തെക്കുറിച്ചുള്ള സർട്ടിഫിക്കറ്റ് നൽകാൻ സാധിക്കും? എപ്പോഴാണ് കൊവിഡ് വാക്സിൻ എത്തുന്നതെന്ന് ഹർഷവർധൻജീ താങ്കൾ പറയണം. ഇന്ത്യക്കാർ വാക്സിനു വേണ്ടി കാത്തിരിക്കുകയാണ്.' ആധിർ പറഞ്ഞു.
രാജ്യം കാത്തിരിക്കുന്ന കൊറോണ വാക്സിൻ അടുത്ത വർഷം ആദ്യമെത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ അറിയിച്ചിരുന്നു. രാജ്യത്ത് പ്രധാനമന്ത്രിയുടെ മേൽനോട്ടത്തിൽ വാക്സിനുകളുടെ പുരോഗതി വിലയിരുത്താൻ വിദഗ്ധ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും ഹർഷവർദ്ധൻ രാജ്യസഭയിൽ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam