
ദില്ലി: പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ കടുത്ത നടപടി സ്വീകരിച്ചതിന് പിന്നാലെ ഗായകൻ അദ്‌നാൻ സാമിയും പാകിസ്ഥാൻ മുൻ ഫെഡറൽ മന്ത്രി ഫവാദ് ചൗധരിയും തമ്മിൽ സോഷ്യൽ മീഡിയയിൽ വാക്ക്പോര്. പാക് പൗരനായിരുന്ന അദ്നാൻ പാകിസ്ഥാൻ പൗരത്വം ഉപേക്ഷിച്ച് ഇന്ത്യൻ പൗരത്വം സ്വീകരിച്ച വ്യക്തിയാണ്. ഇന്ത്യയിൽ താമസിക്കുന്ന എല്ലാ പാകിസ്ഥാൻ പൗരന്മാരും ഏപ്രിൽ 27 നകം രാജ്യം വിടണമെന്ന ഇന്ത്യൻ ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഉത്തരവിനെക്കുറിച്ച് ഫവാദ് പ്രതികരിച്ചതിനെ തുടർന്നാണ് വാഗ്വാദം പൊട്ടിപ്പുറപ്പെട്ടത്.
മെഡിക്കൽ വിസ കൈവശമുള്ളവർക്ക് ഏപ്രിൽ 29 വരെ സമയപരിധി നീട്ടിയിട്ടുണ്ട്. അദ്‌നാൻ സാമിയോടും ഇന്ത്യ രാജ്യം വിടാൻ ആവശ്യപ്പെടുമോ എന്ന് പാക് മന്ത്രി ചോദിച്ചതോടെയാണ് വാക് പോരിന് തുടക്കമായത്. 2016 മുതൽ ഇന്ത്യൻ പൗരനായ സാമി, പാക് മന്ത്രിക്കെതിരെ രൂക്ഷമായി പ്രതികരിച്ചു. മന്ത്രിയെ നിരക്ഷരനായ വിഡ്ഢി എന്ന് വിളിക്കുകയും വർഷങ്ങൾക്ക് മുമ്പ് നിയമപരമായി ഇന്ത്യൻ പൗരത്വം നേടിയിട്ടുണ്ടെന്ന് ഓർമ്മിപ്പിക്കുകയും ചെയ്തു. അദ്‌നാൻ സാമി ലാഹോറിൽ നിന്നാണ് വരുന്നതെന്ന മന്ത്രിയുടെ പരാമർശത്തിനെതിരെയും അദ്ദേഹം രംഗത്തെത്തി.
തന്റെ വേരുകൾ ലാഹോറിൽ അല്ലെന്നും, പെഷവാർ ആണെന്നും നിങ്ങൾ (മിസ്) ഇൻഫർമേഷൻ മന്ത്രിയായിരുന്നിട്ടും ഒരു വിവരവുമില്ലെന്നും സാമി ചോദിച്ചു. ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗമിൽ നടന്ന ആക്രമണത്തിൽ 26വിനോദസഞ്ചാരികൾ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് തർക്കമുണ്ടായത്.