മധ്യപ്രദേശിലെ ഇൻഡോറിൽ മലിനജലം കുടിച്ച് ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പത്ത് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ജനിച്ച കുഞ്ഞിന്റെ മരണത്തിൽ സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം കുടുംബം നിരസിച്ചു. പ്രതിഷേധം ഉയർന്നതോടെ സർക്കാർ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.
ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ മലിനജലം കുടിച്ച് മരിച്ചവരിൽ ആറ് മാസം പ്രായമായ കുഞ്ഞും. ദുരന്തത്തിൽ മരിച്ചവരിൽ ഏറ്റവും പ്രായം കുറഞ്ഞ ഇരയാണ് അവ്യാൻ സാഹു. സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം നിരസിച്ച കുടുംബം ആ തുകയ്ക്ക് മരിച്ച കുഞ്ഞിനെ തിരികെ കൊണ്ടുവരാൻ കഴിയുമോയെന്ന് ചോദിച്ചു. നഷ്ടപ്പെട്ട കുഞ്ഞിനേക്കാൾ വില പണത്തിനില്ലെന്നും ബന്ധുക്കൾ പറഞ്ഞു.
ഭാഗീരഥ്പുരയിലെ മറാത്തി മൊഹല്ല സ്വദേശികളായ ദമ്പതികൾക്ക് പത്ത് വർഷത്തോളം കാത്തിരുന്നാണ് അവ്യാൻ സാഹു ജനിച്ചത്. കുഞ്ഞിനെ കിട്ടാനായി വിളിക്കാത്ത ദൈവങ്ങളില്ലെന്നാണ് മുത്തശി കൃഷ്ണ സാഹു പറയുന്നത്. അമ്മയ്ക്ക് മുലപ്പാൽ ഇല്ലാത്തതിനാൽ പാക്ക് ചെയ്ത പാൽ നേർപ്പിച്ചാണ് കുഞ്ഞിന് കൊടുത്തിരുന്നത്. പാലിൽ കലർത്തിയ വെള്ളമാണ് കുഞ്ഞിൻ്റെ ജീവനെടുത്തതെന്നും കുടുംബം ആരോപിക്കുന്നു.
സംഭവത്തിൽ സംസ്ഥാന സർക്കാരും ഇൻഡോർ കോർപ്പറേഷനും പ്രതിരോധത്തിലാണ്. മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമാ ഭാരതി സര്‍ക്കാരിനെതിരെ അതിരൂക്ഷമായ വിമര്‍ശനമുയര്‍ത്തി. ഉന്നതയോഗം വിളിച്ച മുഖ്യമന്ത്രി മോഹൻ യാദവ് മുനസിപ്പിൽ കോർപ്പറേഷനിലെയും ജലവകുപ്പിലെയും ഉദ്യോഗസ്ഥരെ ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ ഉത്തരവിട്ടു. കുടിവെള്ളത്തിൽ ആസിഡിന്റെ അംശവും, ദുർഗന്ധവും അനുഭവപ്പെടുന്നതായി നാട്ടുകാർ നേരത്തെ പരാതിപ്പെട്ടിരുന്നെങ്കിലും അത് അവഗണിച്ചതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് വിമർശനം. ഡബിൾ എഞ്ചിൻ സർക്കാരാണ് ദുരന്തിന് ഉത്തരവാദികളെന്ന് രാഹുൽ ഗാന്ധിയും കുറ്റപ്പെടുത്തി.


