
മുംബൈ: ബോളിവുഡ് ചിത്രമായ ശിക്കാര കണ്ട് കണ്ണീരടക്കാനാകാതെ മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനി. കശ്മീരിൽ നിന്ന് പലായനം ചെയ്യേണ്ടി വന്ന കശ്മീരി പണ്ഡിറ്റുകളുടെ കഥ പറഞ്ഞ ശിക്കാര-ദ് അൺറ്റോൾഡ് സ്റ്റോറി ഓഫ് കശ്മീരി പണ്ഡിറ്റ്സ് എന്ന സിനിമ കണ്ടാണ് അദ്വാനി കണ്ണീരണഞ്ഞത്. 3 ഇഡിയറ്റ്സ് അടക്കമുള്ള സൂപ്പർഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ വിധു വിനോദ് ചോപ്രയുടെ ഏറ്റവും പുതിയ ചിത്രമാണിത്. ചിത്രം അവസാനിച്ച ശേഷം കണ്ണീർ നിയന്ത്രിക്കാൻ പാടുപെടുന്ന, വികാരഭരിതനായിരിക്കുന്ന അദ്വാനിയുടെയും അദ്ദേഹത്തെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്ന സംവിധായകൻ ചോപ്രയുടെയും വീഡിയോ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്.
അദ്വാനിക്ക് ചുറ്റും കൂടിനിൽക്കുന്ന ആളുകൾ അദ്ദേഹത്തെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നതും സംവിധായകൻ വിനോദ് ചോപ്രയെ അഭിനന്ദിക്കുന്നതും കാണാം. ആശ്വസിപ്പിക്കാൻ സമീപത്തെത്തുന്ന ചോപ്രയോട് സംസാരിക്കാൻ പോലും സാധിക്കാത്ത വിധം വികാരഭരിതനാകുന്നുണ്ട് അദ്വാനി. തൊണ്ണൂറുകളിലെ കലാപകാലത്ത് കശ്മീരിൽ നിന്ന് വീടും നാടും വിട്ട് കൂട്ടപലായനം ചെയ്യാൻ നിർബന്ധിതരായ പണ്ഡിറ്റുകളുടെ കഥയാണ് ശിക്കാര. ഇക്കഴിഞ്ഞ ഫെബ്രുവരി 7 നാണ് ശികാര തിയറ്ററുകളിലെത്തിയത്. സംവിധായകൻ വിധു ചോപ്രയാണ് തന്റെ ട്വിറ്റർ പേജിലൂടെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. 2007 ൽ അന്തരിച്ച അമ്മയ്ക്കാണ് വിനോദ് ചോപ്ര ചിത്രം സമർപ്പിച്ചിരിക്കുന്നത്. പുതുമുഖങ്ങളായ ആദിൽ ഖാനും സാദിയയുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam