'വലന്‍റൈന്‍സ് ഡേയ്ക്ക് നിങ്ങളുടെ തോന്ന്യാസം നടക്കില്ല'; മുന്നറിയിപ്പുമായി ബജ്റംഗ്ദള്‍

By Web TeamFirst Published Feb 9, 2020, 8:05 AM IST
Highlights

പുല്‍വാമ രക്തസാക്ഷി ദിനമായാണ് ഫെബ്രുവരി 14 ഓര്‍മിക്കേണ്ടത്. അല്ലാതെ കമിതാക്കളുടെ ദിവസമായല്ല. സ്നേഹത്തിന് സംഘടന എതിരല്ല, എന്നാല്‍, വലന്‍റൈന്‍സ് ദിനത്തിനും സംസ്കാരത്തിന് വിരുദ്ധമായ വസ്ത്രധാരണത്തിനും എതിരാണെന്നും ബജ്റംഗ്ദള്‍ നേതാവ് പറഞ്ഞു.

ഹൈദരാബാദ്: പ്രണയദിനമായ വലന്‍റൈന്‍സ് ഡേയ്ക്ക് ഇന്ത്യന്‍ സംസ്കാരത്തിന് വിരുദ്ധമായ യാതൊന്നും അനുവദിക്കില്ലെന്ന് തെലങ്കാന ബജ്റംഗ്ദളിന്‍റെ മുന്നറിയിപ്പ്. അസഭ്യമായ ഒന്നും സഹിക്കില്ല. വലന്‍റൈന്‍സ് ദിനത്തില്‍ പാര്‍ക്കിലും പബ്ബിലും ചുറ്റിക്കറങ്ങുന്ന യുവതിയുവാക്കളെ തടയുമെന്നും ബജ്റംഗ്ദള്‍ തെലങ്കാന കണ്‍വീനര്‍ സുഭാഷ് ചന്ദര്‍ മുന്നറിയിപ്പ് നല്‍കി. സ്വന്തം സംസ്കാരത്തിന് അനുസരിച്ച് യുവാക്കള്‍ പെരുമാറണം. വലന്‍റൈന്‍സ് ഡേ ആഘോഷിക്കുന്നവര്‍ക്ക് നമ്മുടെ സംസ്കാരത്തിന്‍റെ മഹത്വം പറഞ്ഞുമനസ്സിലാക്കണം. അവര്‍ അവരുടെ മാതാപിതാക്കള്‍ക്ക് അപമാനമാണ്.

ഇന്ത്യന്‍ സംസ്കാരത്തെയും പാരമ്പര്യത്തെയും അപമാനിക്കുകയാണ് വലന്‍റൈന്‍സ് ഡേ ആഘോഷിക്കുന്നവര്‍ ചെയ്യുന്നതെന്നും സുഭാഷ് ചന്ദെര്‍ കുറ്റപ്പെടുത്തി. ബിസിനസ് ദാഹത്തില്‍ ഇന്ത്യന്‍ സംസ്കാരം നശിക്കുകയാണ്. യുവാക്കളെ ആകര്‍ഷിക്കുന്നതിനായി മള്‍ട്ടിനാഷണല്‍ കമ്പനികള്‍ വാലന്‍റൈന്‍സ് ദിനത്തില്‍ ഓഫറുകള്‍ പ്രഖ്യാപിക്കുന്നു. പുല്‍വാമ രക്തസാക്ഷി ദിനമായാണ് ഫെബ്രുവരി 14 ഓര്‍മിക്കേണ്ടത്. അല്ലാതെ കമിതാക്കളുടെ ദിവസമായല്ല. സ്നേഹത്തിന് സംഘടന എതിരല്ലെന്നും എന്നാല്‍, വലന്‍റൈന്‍സ് ദിനത്തിനും സംസ്കാരത്തിന് വിരുദ്ധമായ വസ്ത്രധാരണത്തിനും എതിരാണെന്നും അദ്ദേഹം പറഞ്ഞു. 

click me!