മസ്തിഷ്ക ജ്വരം: ബീഹാറില്‍ കുട്ടികളുടെ മരണ സംഖ്യ 47ആയി, സന്ദര്‍ശനം റദ്ദാക്കി കേന്ദ്രമന്ത്രി

By Web TeamFirst Published Jun 13, 2019, 9:03 PM IST
Highlights

രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറയുന്ന ഹൈപോഗ്ലൈകീമിയ എന്ന രോഗം ബാധിച്ചാണ് കുട്ടികള്‍ മരിക്കുന്നതെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വിശദീകരണം. മസ്തിഷ്ക ജ്വര സംശത്തെ തുടര്‍ന്ന് വ്യാഴാഴ്ചയും ചില കുട്ടികളെ മുസഫര്‍പുരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

പട്ന: ബിഹാറിലെ മുസഫര്‍പുരില്‍ മസ്തിഷ്ക ജ്വരം (AES-acute encephalitis syndrome) ബാധിച്ച് മരിക്കുന്ന കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നു. വ്യാഴാഴ്ച നാല് കുട്ടികള്‍ മരിച്ചതോടെ മരണ സംഖ്യ 47 ആയി ഉയര്‍ന്നു. അതിനിടെ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനും സഹമന്ത്രി അശ്വിനി ചൗബേയും നേരത്തെ നിശ്ചയിച്ചിരുന്ന മുസഫര്‍പുര്‍ സന്ദര്‍ശനം ഒഴിവാക്കി.  

ശിശുരോഗ വിദഗ്ധരടങ്ങുന്ന കേന്ദ്രം സംഘം വ്യാഴാഴ്ച മുസഫര്‍പുര്‍ സന്ദര്‍ശിച്ച് സ്ഥിഗതികള്‍ വിലയിരുത്തി. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറയുന്ന ഹൈപോഗ്ലൈകീമിയ എന്ന രോഗം ബാധിച്ചാണ് കുട്ടികള്‍ മരിക്കുന്നതെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വിശദീകരണം. മസ്തിഷ്ക ജ്വര സംശത്തെ തുടര്‍ന്ന് വ്യാഴാഴ്ചയും ചില കുട്ടികളെ മുസഫര്‍പുരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  സ്ഥിതിഗതികള്‍ വിലയിരുത്തിയ കേന്ദ്രസംഘം രോഗം നിയന്ത്രിക്കുന്നതിന് സംസ്ഥാന ആരോഗ്യവിഭാഗവുമായി ചര്‍ച്ച നടത്തി. കേന്ദ്ര സര്‍ക്കാറിന് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും സംഘം വ്യക്തമാക്കി.

മസ്തിഷ്ക ജ്വര ലക്ഷണത്തോടെ ഇതുവരെ 47 കുട്ടികള്‍ മരിച്ചെന്നും ആശുപത്രിയിലാക്കിയ 41കുട്ടികള്‍ സുഖം പ്രാപിച്ചെന്നും മുസഫര്‍പുര്‍ ഡിഎം അലോക് രഞ്ജന്‍ പറഞ്ഞു. കഴിഞ്ഞ മാസമാണ് കുട്ടികളില്‍ രോഗം കണ്ടുതുടങ്ങിയത്. കടുത്ത പനിയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ കുട്ടികള്‍ അബോധവസ്ഥയിലാകുകയായിരുന്നു. സാമ്പത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് രോഗം ബാധിച്ചത്. കുട്ടികളെ വെയിലേല്‍ക്കാന്‍ അനുവദിക്കരുതെന്നും നല്ല വസ്ത്രങ്ങള്‍ അണിയിക്കണമെന്നും ഒഴിഞ്ഞ വയറുമായി ഉറങ്ങാന്‍ അനുവദിക്കരുതെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. മുസഫര്‍പുര്‍, സീതാമാര്‍ഹി, ഷിയോഹര്‍ ജില്ലകളിലാണ് സര്‍ക്കാര്‍ അറിയിപ്പ് നല്‍കിയത്.

click me!