അസമിൽ ആഫ്രിക്കൻ പന്നിപ്പനി പടരുന്നു: ചത്ത പന്നികളുടെ എണ്ണം 13000 കടന്നു

By Web TeamFirst Published May 11, 2020, 5:06 PM IST
Highlights

രണ്ട് ആഴ്ചയ്ക്കുള്ളിലാണ് അസമിൽ പന്നിപ്പനി വ്യാപിച്ചത്. രോഗം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാൻ നടപടികൾ എടുത്തതായി അസം മൃഗ സംരക്ഷണ വകുപ്പ് മന്ത്രി അതുൽ ബോറ പറഞ്ഞു.  

ദിസ്പുർ: അസമിൽ ആഫ്രിക്കൻ പന്നിപ്പനി ബാധിച്ച് ചത്ത പന്നികളുടെ എണ്ണം പതിമൂവായിരം കടന്നു. അസമിലെ ആറ് ജില്ലകളിലായി 340 ​ഗ്രാമങ്ങളിലാണ് ഇതുവരെ പന്നിപ്പനി റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

രണ്ട് ആഴ്ചയ്ക്കുള്ളിലാണ് അസമിൽ പന്നിപ്പനി വ്യാപിച്ചത്. രോഗം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാൻ നടപടികൾ എടുത്തതായി അസം മൃഗ സംരക്ഷണ വകുപ്പ് മന്ത്രി അതുൽ ബോറ പറഞ്ഞു.  ആഫ്രിക്കന്‍ പന്നിപ്പനിയില്‍ നിന്ന് സംസ്ഥാനത്തെ പന്നികളെ രക്ഷിക്കാന്‍ നാഷണല്‍ പിഗ് റിസര്‍ച്ച് സെന്റര്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചുമായി ചേര്‍ന്നു പദ്ധതി ആവിഷ്‌ക്കരിക്കാന്‍ വെറ്ററിനറി, ഫോറസ്റ്റ് വകുപ്പുകളോട് മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവല്‍ ആവശ്യപ്പെട്ടിരുന്നു. 

പന്നികൾ കൂട്ടത്തോടെ ചാകുന്ന സാഹചര്യത്തിൽ സ്വകാര്യ പന്നി ഫാമുകളിൽ പ്രതിരോധ നടപടികൾ സ്വീകരിക്കാനും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. ഫാമും, പരിസരവും അണുവിമുക്തമാക്കണം. പുറത്തു നിന്നും ആളുകളെ ഫാമിനകത്തേക്ക് പ്രവേശിപ്പിക്കരുത്. പന്നികളിൽ പനിയോ മറ്റു ലക്ഷണങ്ങളോ ഉള്ളതായി ശ്രദ്ധയിൽപ്പെട്ടാൻ ഉടൻ അധികൃതരെ വിവരം അറിയിക്കണമെന്നും ഫാം ഉടമകൾക്ക് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. 

100 ശതമാനം മരണ നിരക്കുള്ള മാരക വ്യാധിയാണ് ആഫ്രിക്കന്‍ പന്നിപ്പനി. വളര്‍ത്തു പന്നികളിലാണിത് കണ്ടുവരുന്നത്. കൊറോണ വൈറസ് പോലെ ആഫ്രിക്കൻ പന്നിപ്പനിയുടെയും ഉറവിടം ചൈനയാണെന്നാണ് അസമിന്റെ ആരോപണം. 2018-2020 കാലയളവിൽ ചൈനയിലെ അറുപത് ശതമാനം വളർത്തുപന്നികളും ചത്തത്  ആഫ്രിക്കൻ പന്നിപ്പനി മൂലമായിരുന്നു.1921 ല്‍ ലോകത്ത് ആദ്യമായി ആഫ്രിക്കയിലെ കെനിയയിലാണ് പന്നിപ്പനി റിപ്പോര്‍ട്ട്  ചെയ്തത്. 2019ലെ കണക്കുകൾ പ്രകാരം 21 ലക്ഷമാണ് അസമിലെ പന്നികളുടെ എണ്ണം. ഇപ്പോൾ അത് 10 ലക്ഷം കൂടിയെന്നാണ്‌ അനൗദ്യോഗിക കണക്കുകൾ.

click me!