
കൊൽക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വ്യാപക ആക്രമണം. പാർട്ടി ജനറല്‍ സെക്രട്ടറിയും എംപിയുമായ അഭിഷേക് ബാനര്‍ജിക്ക് പിന്നാലെ കല്യാണ്‍ ബാനര്‍ജി എംപിയെ ഒരു സംഘം നടുറോഡില്‍ തലക്കിടിച്ച് വീഴ്ത്തി. ചണ്ഡിതല പൊലീസ് സ്റ്റേഷനിലേക്ക് പോകുന്നതിനിടെ ഹൂബ്ലിയില്‍ വച്ചാണ് കല്യാണ്‍ ബാനര്‍ജി ആക്രമിക്കപ്പെട്ടത്. നടന്ന് നീങ്ങുകയായിരുന്ന കല്യാണ്‍ ബാനര്‍ജിയെ ഒരു സംഘം മുദ്രാവാക്യം മുഴക്കി വളയുകയായിരുന്നു. തിരിച്ച് മുദ്രാവാക്യം മുഴക്കിയ എംപിയുടെ തലക്ക് മര്‍ദ്ദിച്ചു. റോഡില്‍ വീണ എംപിയെ വീണ്ടും ആള്‍ക്കൂട്ടം ആക്രമിച്ചു. തുടർന്ന് റോഡിൽ കിടന്ന് കല്യാൺ ബാനർജി പ്രതിഷേധിച്ചു. ബിജെപിയാണ് അക്രമത്തിന് പിന്നിലെന്ന് തൃണമൂൽ കോണ്‍ഗ്രസ് ആരോപിച്ചു.
അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ടിഎംസി പ്രവർത്തകർ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു സംഘർഷം. പൊലീസ് സ്റ്റേഷന് മുന്നിൽ ബിജെപി പ്രവർത്തകരും തടിച്ചുകൂടിയതോടെ പ്രദേശത്ത് വൻ സംഘർഷാവസ്ഥ നിലനിന്നു. ടിഎംസി പ്രവർത്തകരെ 'കള്ളന്മാർ' എന്ന് വിളിച്ചുകൊണ്ട് ബിജെപി പ്രവർത്തകർ പ്രകോപനം സൃഷ്ടിച്ചതായി ദൃക്‌സാക്ഷികൾ പറയുന്നു. ഇത് പിന്നീട് ഇരുവിഭാഗവും തമ്മിൽ നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് വഴിമാറുകയായിരുന്നു. ലാത്തിവീശിയാണ് പൊലീസ് പ്രവർത്തകരെ പിരിച്ചുവിട്ടത്. കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രദേശത്ത് ഇപ്പോഴും കടുത്ത ജാഗ്രത തുടരുകയാണ്.
ആക്രമണത്തിൽ പരിക്കേറ്റ കല്യാൺ ബാനർജി എംപി തൂവാല തലയിൽ അമർത്തിപ്പിടിച്ചുകൊണ്ടാണ് മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്. തന്നെ മനഃപൂർവം ലക്ഷ്യം വെച്ച് ആക്രമിക്കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലേക്ക് പോകുന്നതിനിടയിലാണ് ബിജെപിയുടെ ഗുണ്ടകൾ തന്നെ ക്രൂരമായി മർദ്ദിച്ചത്. സമാധാനപരമായി പ്രതിഷേധിച്ചവർക്ക് നേരെ യാതൊരുവിധ പ്രകോപനവുമില്ലാതെയാണ് ബിജെപി ആക്രമണം അഴിച്ചുവിട്ടതെന്ന് കല്യാൺ ബാനർജി കൂട്ടിച്ചേർത്തു. തൃണമൂൽ നേതാക്കൾക്കെതിരായ ആക്രമണം ദേശീയ തലത്തിൽ ഏറ്റെടുക്കാൻ ഇന്ത്യ സഖ്യം തീരുമാനിച്ചു. പാർലമെൻ്റിൻ്റെ വർഷകാല സമ്മേളനത്തിൽ ഉന്നയിക്കും.
അതിനിടെ ആൾക്കൂട്ട ആക്രമണത്തിന് ഇരയായതിന് പിന്നാലെ അഭിഷേക് ബാനർജിക്ക് വീണ്ടും തിരിച്ചടി. നിയമസഭയെ തെറ്റിദ്ധരിപ്പിക്കാൻ വ്യാജ കത്ത് നൽകിയെന്ന കേസിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകി. പ്രതിപക്ഷ നേതാവിനെ നിർദേശിച്ച കത്തിൽ വ്യാജ ഒപ്പുകൾ കടന്നുകൂടിയ സംഭവത്തിലാണ് നോട്ടീസ്. മുൻ കായിക മന്ത്രി അരൂപ് ബിശ്വാസിന് എതിരെയും കേസ്. മെസിയുടെ കൊൽക്കത്ത സന്ദർശനത്തിനിടെ ടിക്കറ്റ് കരിഞ്ചന്തയിൽ വിറ്റെന്നാണ് ആരോപണം. സംഘാടകരെ ഭീഷണിപ്പെടുത്തി ടിക്കറ്റ് കൈക്കലാക്കി കരിഞ്ചന്തയിൽ വിറ്റെന്ന പരാതിയിലാണ് കേസ്. പരിപാടിയുടെ സംഘാടകർ നൽകിയ പരാതിയിലാണ് കേസ് എടുത്തത്.
അതിനിടെ അഭിഷേക് ബാനർജിയെ അഡ്‌മിറ്റ് ചെയ്യാൻ ആശുപത്രിയിലെ സിഇഒയെ മമത ബാനർജി ഭീഷണിപ്പെടുത്തിയെന്ന് ബിജെപി ആരോപിച്ചു. അഭിഷേകിന്‍റെ പരിക്ക് നിസാരമായതിനാൽ ഇന്നലെ തന്നെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തിരുന്നു. തുടർന്ന് മമത ആശുപത്രി അധികൃതരെ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam